കൽപ്പറ്റ:  ഒരു യാത്ര പോകാൻ തോന്നുന്നു, എവിടേക്കെങ്കിലും'-നിരാശ മറച്ചുവയ്ക്കാതെയാണ് രാഹുൽ വിജയ് ഫെയ്‌സ് ബുക്കിൽ ഈ വരികൾ കുറിച്ചത്. ലൈക്കകളും വന്നു. പക്ഷേ ഈ മിടുക്കൻ എങ്ങോട്ടാണ് പോകുന്നതെന്ന് ആർക്കും പിടികിട്ടിയില്ല. മരണ വാർത്ത എത്തിയപ്പോൾ ശരിക്കും ഞെട്ടൽ. മലയാള വെബ് സാങ്കേതികത രംഗത്തെ മിടുക്കനെയാണ് നഷ്ടമായത്.

രാഹുൽ എന്തിന് ആത്മഹത്യ ചെയ്തു എന്നത് ആർക്കും വ്യക്തമല്ല. ഫേസ്‌ബുക്കിലെ ഫീലിങ്ങ് ഡിപ്രസ്ഡ് എന്ന സ്റ്റാറ്റസിൽ എന്തോ ഒളിച്ചു വച്ചിട്ടുണ്ട്. പക്ഷേ ആർക്കും അത് വായിച്ചെടുക്കാനാകുന്നില്ല. ഏഷ്യാനെറ്റിൽ നിന്ന് മരണത്തിലേക്ക് രാഹുൽ എന്ന് ഇരുപത്തിയൊൻപതുകാരൻ സ്വയം നടന്ന നീങ്ങിയത് ഏവരേയും വിസ്മയിപ്പിച്ചാണ്.

മലയാളം ഫോണ്ട് രൂപകൽപ്പനയിൽ അതീവ തത്പരനായിരുന്നു, രാഹുൽ. അദ്ദേഹത്തിന്റെ മരണവാർത്തയറിഞ്ഞ്, മലയാളത്തിലെ സജീവ വിക്കിപ്പീഡിയ ഉപയോക്താവായ അനൂപ് നാരായണൻ ഇങ്ങനെ എഴുതി:

"രാഹുൽ, നീ നിർമ്മിച്ച കൗമുദി ഫോണ്ടിലാണു ഞാനീ വാർത്ത വായിക്കുന്നത്. കൗമുദി ഫോണ്ട് നിർമ്മിച്ച സമയം മുതൽ നിന്നെ അറിയാം. അപ്പോഴൊക്കെ ഫോണ്ടിലെ പല ബഗുകളെപ്പറ്റീ നിന്നോട് ഫേസ്‌ബുക്കിലും, ഗൂഗ്‌ൾ ചാറ്റിലുമൊക്കെ ചാറ്റ് ചെയ്തിട്ടുമുണ്ട്. പിന്നീട് എൽ ജി പി 500 ഫോണിൽ സ്യാനോജെന്മോഡ് ഇൻസ്റ്റാൾ ചെയ്യുന്നതിനെക്കുറിച്ച്, കിറ്റ്കാറ്റിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനെക്കുറിച്ചെല്ലാം നമ്മൾ പലപ്പോഴായി ചാറ്റ് ചെയ്തിട്ടുണ്ട്. അതല്ലാതെ നിന്നെ നേരിട്ടു കണ്ടിട്ടോ, ഫോണിൽ പോലുമോ ഒരിക്കലും സംസാരിച്ചിട്ടില്ല.

ഒരു യാത്ര പോകാൻ തോന്നുന്നു... എവിടേക്കെങ്കിലും എന്ന് നീ ഫേസ്‌ബുക്കിൽ എഴുതി വച്ചത് ഇതിനു വേണ്ടി ആയിരുന്നെന്നറിഞ്ഞില്ല. ഈ യാത്ര വേണ്ടായിരുന്നു രാഹുൽ. ഒരിക്കലും വേണ്ടായിരുന്നു. പ്രിയ സുഹൃത്തിനു ആദരാഞ്ജലികൾ... "

സുൽത്താൻബത്തേരി കുപ്പാടി വാഴവിള സുദർശന ഭവനിൽ നിന്ന് തിരുവനന്തപുരത്ത് എത്തി പുത്തൻ കണ്ടെത്തലുകൾ നടത്തി സുഹൃത്തുക്കളേയും വെബ് ലോകത്തേയും അത്ഭുതപ്പെടുത്തിയാണ് ഈ ചെറുപ്പക്കാരന്റെ മടക്കം. ഭാഷാ സാങ്കേതിക വിദ്യയിലായിരുന്നു ശ്രദ്ധമുഴുവൻ. എല്ലാം എവിടെ നിന്ന് രാഹുൽ പഠിച്ചെന്ന് പോലും ആർക്കും ആറിയില്ല. പഠിച്ചതിന് അപ്പുറം കണ്ടു കേട്ടം മനസ്സിലാക്കിയവയായിരുന്നു എല്ലാം. 

പത്ര പ്രവർത്തനത്തിടെയാണ് സാങ്കേതിക വിദ്യയിലെ കഴിവ് തിരിച്ചറിഞ്ഞത്. വയനാടിൽ പത്രപ്രവർത്തകനായി കുുറച്ച് കാലം ജോലി ചെയ്ത രാഹുൽ തിരുവനന്തപുരത്തെ കേരളകൗമുദി ഹെഡ് ഓഫീസിലേക്ക് പോയി. പിന്നെ ഓൺലൈനിന്റെ എല്ലാം എല്ലാമായി. നമ്മെ വിട്ട് പിരിയുമ്പോൾ ഏഷ്യാനെറ്റിന്റെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്ററായിരുന്നു. 

കേരളകൗമുദിയിൽ ഇന്ന് ഉപയോഗിക്കുന്ന ടൈപ്പ് മാസ്റ്റർ എന്ന ടൈപ്പിങ് സോഫ്റ്റ് വെയറിന്റെ  ഉപജ്ഞാതാവ് രാഹുൽ വിജയ് ആണ്. കേരള കൗമുദി ദിനപ്പത്രത്തെ യൂണിക്കോഡ് അധിഷ്ഠിത പ്രിന്റിങ്ങിലേക്ക് പരിവർത്തിപ്പിച്ചത് ഇദ്ദേഹമാണ്. അതിനൊപ്പം ന്യൂസ് ട്രാക്ക് എന്ന പേരിൽ പത്രത്തിനു സ്വന്തമായി വർക്ക് ഫ്ളോ മാനേജ്മെന്റ് സിസ്റ്റവും വികസിപ്പിച്ചു. പല പ്രമുഖ പത്രങ്ങളും ദശലക്ഷങ്ങൾ കൊടുത്ത് പ്രൊപ്രൈറ്ററി വർക്ക് ഫ്ളോ മാനേജ്മെന്റ് സിസ്റ്റങ്ങൾ വാങ്ങുമ്പോൾ കേരളകൗമുദി, ഈ ചെറുപ്പക്കാരനെ ഉപയോഗപ്പെടുത്തി പിഎച്ച്പി എന്ന പ്രോഗ്രാമിങ് ലാങ്വേജിൽ അതു സ്വന്തമായി വികസിപ്പിക്കുകയായിരുന്നു. എറർ ആൻഡ് ട്രയൽ മെഥേഡിലൂടെ പുതിയ ഫങ്ഷനാലിറ്റികൾ കൂട്ടിച്ചേർത്തും ബഗുകൾ പരിഹരിച്ചും മാസങ്ങൾ എടുത്താണ്, ഇതു പൂർണ്ണമായും ഇംപ്ലിമെന്റ് ചെയ്തത്. ഈ സോഫ്റ്റ്‌വെയർ ഇന്ന് പത്രത്തിന്റെ പ്രവർത്തനത്തെ വലിയ തോതിലാണ് സഹായിക്കുന്നത്. ന്യൂസ് ട്രാക്കിൽ ഉപയോഗിക്കാനും പത്രം യൂണിക്കോഡിൽ പ്രിന്റ് ചെയ്യാനുമായി കൗമുദി പഴയ ലിപി ഫോണ്ട് തയ്യാറാക്കി. മറ്റു ചില ടൈറ്റിൽ ഫോണ്ടുകളും ഇദ്ദേഹം വികസിപ്പിച്ചു. 

മലയാളം ഫോണ്ട് ഇല്ലാത്ത ആൻഡ്രോയിഡ് ഫോണ്ടുകൾ റൂട്ട് ചെയ്ത് അതിൽ ഫോണ്ട് പിന്തുണ എങ്ങനെ കൂട്ടിച്ചേർക്കാം എന്നു വിശദീകരിക്കുന്ന വിശദമായ ഒരു "How To" രാഹുൽ എഴുതി പ്രസിദ്ധീകരിച്ചു. ഇതുപയോഗിച്ച് സാങ്കേതിക പരിചയമുള്ള കുറേ പേർ ആദ്യകാല ആൻഡ്രോയിഡ് ഫോണുകളിൽ മലയാളം കണ്ടു. ഇതിനായി കൗമുദി ഫോണ്ടിന്റെ apkയും രാഹുൽ നിർമ്മിച്ച് നൽകി. (വിൻഡോസ് സിസ്റ്റങ്ങളിൽ .exe എന്ന executable ഫയൽ പോലെ ആൻഡ്രോയിഡ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന android application package ഫയലുകളാണ് .apk എന്ന എക്സ്റ്റെൻഷനിൽ വരുന്നത്. ഇവ സ്വതന്ത്രമായി ഫോണിൽ / ടാബ്‌ലെറ്റിൽ ഇൻസ്റ്റോൾ ചെയ്യാനാവും.) 

മുമ്പ് വീക്ഷണം പത്രത്തിലും മുൻ മന്ത്രി വി സുരേന്ദ്രൻ പിള്ളയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.