തിരുവനന്തപുരം: നാടൻ പച്ചക്കറികൾ ഒഴിവാക്കി തിരുവനന്തപുരത്തെ ആനയറ വേൾഡ് മാർക്കറ്റിൽ ഗുണനിലവാരം കുറഞ്ഞ തമിഴ്‌നാട് പച്ചക്കറികൾ വിറ്റഴിച്ച് വൻ തട്ടിപ്പും അഴിമതിയും നടത്തിവന്നത് കൃഷിമന്ത്രി വി എസ്. സുനിൽകുമാർ കൈയോടെ പിടികൂടി. ആനയറ മാർക്കറ്റിലെ ഹോർട്ടിക്കോർപ്പിന്റെ സംഭരണ വിതരണ ശാലയിൽ കൃഷിമന്ത്രി വി എസ് സുനിൽ കുമാറിന്റെ മിന്നൽ പരിശോധനയിലാണ് കള്ളക്കളി പൊളിഞ്ഞത്. കർഷകരിൽ നിന്നെന്ന പേരിൽ ചാല മാർക്കറ്റിൽ നിന്നുള്ള മൊത്തക്കച്ചവടക്കാരിൽ നിന്നും തമിഴ്‌നാട്ടിലെ കർഷകരിൽ നിന്നും പച്ചക്കറി വാങ്ങി വിൽക്കുകയാണ് ഇവിടെ ചെയ്തിരുന്നതെന്ന് മന്ത്രി കണ്ടെത്തി. അതീവരഹസ്യമായായിരുന്നു പരിശോധന.

ഇന്ന് രാവിലെ ആറരയോടുകൂടിയാണ് മന്ത്രിയും സെക്രട്ടറി രാജു നാരായണസ്വാമിയും ആനയറയിൽ മിന്നൽ പരിശോധനയ്‌ക്കെത്തിയത്. നാടൻ പച്ചക്കറികൾ കർഷകരിൽ നിന്നും വാങ്ങി വിൽക്കുകയാണ് ഹോർട്ടികോർപ്പിന്റെ ചുമതല. എന്നാൽ ഇതായിരുന്നില്ല അവിടെ നടന്നിരുന്നത്. ഇത് ലംഘിച്ചുകൊണ്ടാണ് ചാലയിലെ മൊത്തക്കച്ചവടക്കാരിൽ നിന്നുള്ള പച്ചക്കറികൾ ഇവിടെ വിൽക്കുന്നത്. ഹോർട്ടികോർപ്പിന്റെ രജിസ്റ്ററിൽ നിന്നും കണ്ടെടുത്ത രണ്ട് മൊത്തകച്ചവടക്കാരുടെ നമ്പറുകളിലേക്ക് മന്ത്രി തന്നെ നേരിട്ട് വിളിച്ച് കാര്യങ്ങൾ സ്ഥിരീകരിച്ചു.

കർഷകരിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതിന്റെ രേഖകളൊന്നും ഇവിടെ കാണാൻ സാധിച്ചില്ലെന്നും. ചാലയിൽ നിന്നുമുള്ള മൂന്നാം തരം സാധനങ്ങളാണ് ഇവിടെ വിൽക്കുന്നതെന്ന് തനിക്ക് നേരിട്ട് ബോധ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടിയുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയും സെക്രട്ടറിയും എത്തുന്നത് ആരേയും അറിയിച്ചിരുന്നില്ല. പരിശോധനകൾ പൂർത്തിയായ ശേഷമാണ് മാദ്ധ്യമങ്ങൾ പോലും സ്ഥലത്ത് എത്തിയത്. മന്ത്രിയും സെക്രട്ടറിയും സംയുക്തമായി നടത്തിയ നീക്കമായതു കൊണ്ട് മുൻകൂട്ടി ആരും അറിഞ്ഞില്ല. ഇതാണ് ഹോർട്ടികോർപ്പിലെ തട്ടിപ്പുകാർക്ക് പിടിവീഴാൻ കാരണം.

മാർക്കറ്റിൽ തമിഴ്‌നാട് പച്ചക്കറികൾ വിറ്റഴിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയും കൃഷി വകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമിയും മന്ത്രിയുടെ പേഴ്‌സണൽ സറ്റാഫംഗങ്ങളും രാവിലെ ആറു മണിക്ക് ആനയറ വേൾഡ് മാർക്കറ്റിൽ എത്തിയത്. തലസ്ഥാനത്തെ കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷികോത്പന്നങ്ങൾ അവരിൽ നിന്ന് നേരിട്ട് വാങ്ങി വിറ്റഴിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ആനറയിൽ വേൾഡ് മാർക്കറ്റ് തുടങ്ങിയത്. എന്നാൽ, പിന്നീടത് ലക്ഷ്യം തെറ്റി തമിഴ്‌നാട് പച്ചക്കറിയുടെ കേന്ദ്രമായി മാറുകയായിരുന്നു. ഹോർട്ടി കോർപ്പിലെ അടക്കമുള്ള ചില ഉദ്യോഗസ്ഥരും ഇടനിലക്കാരും അടങ്ങുന്ന വൻ ലോബിയാണ് ഇവിടെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നെതെന്ന് പരിശോധനയിൽ മന്ത്രിക്കും സംഘത്തിനും മനസ്സിലാക്കാൻ കഴിഞ്ഞു.

തമിഴ്‌നാട്ടിലെ പച്ചക്കറിയുമായി എത്തിയ ഗുഡ്‌സ് ഓട്ടോറിക്ഷയെ മന്ത്രി കൈയോടെ പിടികൂടുകയും ചെയ്തു. തമിഴ്‌നാട്ടിൽ നിന്ന് വലിയ ലോറികളിലെത്തുന്ന പച്ചക്കറികൾ റോഡരികിൽ നിറുത്തി ചെറിയ വണ്ടികളിലേക്ക് മാറ്റി വേൾഡ് മാർക്കറ്റിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്. കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ചതെന്ന രീതിയിലാണ് ഇവിടെ ഇത് ഇറക്കി വിൽക്കുന്നത്. ഇത്തരമൊരു വാഹനത്തെയാണ് മന്ത്രി നേരിട്ട് പിടികൂടിയത്. അവരെ ചോദ്യം ചെയ്തപ്പോൾ അത് തമിഴ്‌നാട്ടിൽ നിന്നുള്ള പച്ചക്കറിയാണെന്ന് വ്യക്തമായി. മന്ത്രിയുടെ ചോദ്യങ്ങൾക്ക് യുക്തിസഹമായ മറുപടി നൽകാൻ ഉദ്യോഗസ്ഥർക്കുമായില്ല. ഇത്തരത്തിൽ തമിഴ്‌നാട്ടിൽ നിന്നുവാങ്ങുന്ന പച്ചക്കറികൾ നാടൻ എന്ന പേരിൽ ഇവിടെ വിറ്റഴിക്കും. ഈ തട്ടിപ്പാണ് മന്ത്രി നേരിട്ട് പൊളിച്ചടുക്കിയത്.

വേൾഡ് മാർക്കറ്റിൽ സ്ഥിരമായി പച്ചക്കറി വിതരണം ചെയ്യുന്ന രണ്ടുപേരുടെ നമ്പർ കരസ്ഥമാക്കി മന്ത്രി നേരിട്ട് വിളിക്കുകയും ചെയ്തതോടെ ഉദ്യോഗസ്ഥരുടെ കള്ളക്കളി പൊളിഞ്ഞ് തരിപ്പണമായി. പച്ചക്കറി വേണമെന്ന് ആവശ്യപ്പെട്ടാണ് ഇവിടത്തെ ഒരു ആവശ്യക്കാരനെന്ന രീതിയിൽ മന്ത്രി ഇവരോട് സംസാരിച്ചത്. പച്ചക്കറി വേണമെന്ന ആവശ്യപ്പെട്ടപ്പോൾ എത്ര വേണമെങ്കിലും തരാമെന്ന് അവർ സമ്മതിക്കുകയും ചെയ്തു. അരുൺ എന്ന വെഞ്ഞാറമൂട് സ്വദേശിയാണ് അതിലൊന്ന്. വേൾഡ് മാർക്കറ്റിലേക്ക് പച്ചക്കറി വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ തരാമെന്ന് പറഞ്ഞ ഇയാളോട് കർഷകനാണോ എന്ന് മന്ത്രി ചോദിച്ചപ്പോൾ മൊത്തക്കച്ചവടക്കാരനാണെന്നായിരുന്നു മറുപടി.

ഷാജി എന്ന മറ്റൊരാളെയും മന്ത്രി വിളിച്ചു. ഇയാൾ നാഗർകോവിലിലെ വലിയ മൊത്തക്കച്ചവടക്കാരനാണ്. 32 ഇനം പച്ചക്കറികളാണ് ഇയാൾ വേൾഡ് മാർക്കറ്റിലേക്ക് വിതരണം ചെയ്യുന്നത്. കർഷകരുടെ പേരുപറഞ്ഞാണ് മൊത്തക്കച്ചവടക്കാരിൽ നിന്ന് ഇവിടേക്ക് പച്ചക്കറികൾ വാങ്ങുന്നത്. തമിഴ്‌നാട്ടിൽ നിന്നുമാത്രമല്ല, ചാലയിൽ നിന്നും പച്ചക്കറികൾ വാങ്ങി ഇവിടെ വിൽക്കുന്നുണ്ട്. അത് മനസ്സിലായതോടെ, സർക്കാർ ചെലവിൽ ചാല മാർക്കറ്റ് നവീകരിച്ചാൽ പോരെ എന്നായിരുന്നു ഉദ്യോഗസ്ഥരോട് മന്ത്രി ചോദിച്ചത്.