തിരുവനന്തപുരം: ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാമിനെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ അനധികൃത സ്വത്തു സമ്പാദന കേസ് പരാതിയിൽ വിജിലൻസ് അദ്ദേഹത്തിന്റെ ജഗതിയിലെ ഫ്‌ലാറ്റിൽ തെളിവെടുപ്പു നടത്തി. ഏഴംഗ വിജിലൻസ് സംഘം വീടിന്റെ വിസ്തീർണം അളന്നു 1400 ചതുരശ്രഅടിയെന്നു കണ്ടെത്തി രേഖപ്പെടുത്തി. ഇതിന്റെ രേഖകളും പരിശോധിച്ചു. പരിശോധനാസമയത്ത് കെ.എം.ഏബ്രഹാം സെക്രട്ടേറിയറ്റിലെ ഓഫിസിലായിരുന്നു. ഭാര്യയുടെ സാന്നിധ്യത്തിലാണ് ഫ്‌ലാറ്റിലെ പരിശോധന നടത്തിയത്.

എബ്രഹാമിനെതിരെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിൽ പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് ജഡ്ജി എ. ബദറുദ്ദീൻ ഉത്തരവിട്ടിരുന്നു. അതിനിടെ പരിശോധനയിൽ സർക്കാരിന് കെ എം എബ്രഹാം പരാതി നൽകിയെന്ന സൂചനയും ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് പരാതി നൽകിയത്. തന്നെ മോശക്കാരനാക്കാൻ വിജിൻസ് ഡയറക്ടർ ജേക്കബ് തോമസ് ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം. കോടതി ഉത്തരവിന് പിന്നിലും ജേക്കബ് തോമസ് എന്നാണ് പരാതി. ഇതിനിടെ ധനവകുപ്പിന് കീഴിലെ പരിശോധനാ വിഭാഗത്തിന്റെ ജേക്കബ് തോമസിനെതിരായ റിപ്പോർട്ട് പുറത്തുവന്നതും ചർച്ചയായിരുന്നു.

ജേക്കബ് തോമസിനെതിരായ പരാതികൾ അന്വേഷിക്കുന്നില്ല. എന്നാൽ തന്നെ പോലുള്ള ഉദ്യോഗസ്ഥരെ അഴിമതിക്കാരാക്കാൻ നീക്കം നടക്കുകയും ചെയ്യുന്നു. ഇത് ഇരട്ടത്താപ്പണെന്നാണ് കെഎം എബ്രഹാമിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് പരാതി നൽകുന്നത്. നേരത്തെ പ്രാഥമിക പരിശോധനയ്ക്ക് കോടതി ഉത്തരവിട്ടപ്പോൾ കെഎം എബ്രഹാം രാജിക്കത്ത് നൽകിയിരുന്നു. എന്നാൽ മുഖ്യമന്ത്രി അത് സ്വീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹം തൽസ്ഥാനത്ത് തുടരുന്നത്. അതിനിടെ ജേക്കബ് തോമസിനെതിരെ ഐഎഎസ് ലോബി രംഗത്ത് വന്നിരുന്നു. കോടതികളിലും മറ്റും വിജിലൻസ് ഡയറക്ടറെ സർക്കാർ പിന്തുണയ്ക്കുന്നു. ഐഎഎസുകാരോട് മറ്റൊരു നീതിയാണെന്നും അവർ പറയുന്നു. പത്തോളം ഐഎഎസുകാർക്കെതിരെ വിജിലൻസ് അന്വേഷണം പുരോഗിക്കുകയാണ്. ഈ സാഹചര്യത്തിൽ സർക്കാരുമായി നിസ്സഹകരണത്തിനുള്ള സാധ്യത ഐഎഎസുകാർ ആരായും.

എന്നാൽ കോടതി നിർദ്ദേശം അനുസരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് വിജിലൻസ് പറയുന്നു. കോടതി ഉത്തരവ് അനുസരിച്ചാണ് കെഎം എബ്രഹാമിന്റെ വീട്ടിലെ റെയ്ഡ് എന്നാണ് വിശദീകരണം. നവംബർ ഏഴിന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടർക്ക് കോടതി നിർദേശവും നൽകിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പരിശോധന. മുംബൈയിലെ കോഹിനൂർ ഫേസ് 3 അപ്പാർട്ട്‌മെന്റിൽ 1.10 കോടി വിലവരുന്ന ആഡംബര ഫ്‌ളാറ്റിനും (പ്രതിമാസം 84,000 രൂപ) തിരുവനന്തപുരം തൈക്കാടിലെ മില്ലേനിയം അപ്പാർട്ട്‌മെന്റിലെ ഫ്‌ളാറ്റിനും വായ്പ തിരിച്ചടവുള്ളതായി ചീഫ് സെക്രട്ടറിക്ക് കെ.എം. എബ്രഹാം വർഷം തോറും നൽകുന്ന ആസ്തി വിവര പത്രികയിൽ സമ്മതിക്കുന്നുണ്ട്. ഇത്രയും ഭീമമായ വായ്പാ തിരിച്ചടവിനുശേഷം പ്രതിദിന ചെലവിനായി തുക അവശേഷിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

ഇതിനു പുറമെ കൊല്ലം ജില്ലയിൽ കടപ്പാക്കടയിൽ നിർമ്മാണം പൂർത്തിയാക്കിയ മൂന്നുനില ഷോപ്പിങ് കോംപ്‌ളക്‌സിന്റെ നിർമ്മാണച്ചെലവ് കണക്ക് ചീഫ് സെക്രട്ടറിക്ക് നൽകിയ ആസ്തി വിവര പത്രികയിൽ ഉൾപ്പെടുത്താത്തത് അഴിമതിയാണെന്നാണ് ഹരജിയിലെ ആരോപണം. സിവിൽ സർവിസിലെ പെരുമാറ്റച്ചട്ട പ്രകാരം 15,000 രൂപയിൽ കൂടുതലായുള്ള ആശ്രിതരുടെ ആസ്തി വിവരം ചീഫ് സെക്രട്ടറിക്ക് വർഷം തോറും നൽകണമെന്ന നിയമം നിലനിൽക്കെ, കെ.എം. എബ്രഹാമിന്റെ ഭാര്യയുടെയും ഏകമകളുടെയും ആസ്തി വിവരം 33 വർഷത്തെ സർവിസിനിടെ ഒരിക്കൽ പോലും നൽകിയിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം സർക്കാർ മറുപടി നൽകിയിരുന്നു.

എന്നിട്ടും ഗുരുതര കൃത്യവിലോപവും വീഴ്ചയും വരുത്തിയ കെ.എം. എബ്രഹാമിനെതിരെ സർക്കാർ നടപടി സ്വീകരിച്ചില്ലെന്ന് ഹരജിയിൽ ആരോപിക്കുന്നു. 1988 മുതൽ 2004 വരെയുള്ള ആറുവർഷം ആസ്തിവിവര പത്രിക കെ.എം. എബ്രഹാം സമർപ്പിച്ചിട്ടില്ലെന്ന സർക്കാറിന്റെ തന്നെ മറുപടി കൂടി കണക്കിലെടുത്താണ് അന്വേഷണത്തിന് ഉത്തരവിട്ടത്.