- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്യാസ് കട്ടറുമായെത്തി പൂട്ടുപൊളിച്ച് റെയ്ഡ്; സർവ്വ സന്നാഹവുമായി എത്തി പ്രസവം കഴിഞ്ഞ് രണ്ട് മാസം പോലും കഴിയാത്ത ഭാര്യയെ ചോദ്യം ചെയ്തത് മണിക്കൂറുകൾ; 'ക്രിസങ്കി പട്ടമുള്ള' യൂടൂബ് ചാനൽ ഉടമയേയും അവതാരകയേയും അറസ്റ്റു ചെയ്യാൻ തീവ്രവാദ വേട്ടയ്ക്ക് സമാന കരുതലുമായി പൊലീസ്
തിരുവല്ല: മതവിദ്വേഷവും വർഗീയവുമായ പ്രചരണം നടത്തിയ യൂടൂബ് ചാനലിനെതിരെ കേസെടുത്ത പൊലീസ് ചാനൽ ഉടമ രഞ്ജിത്ത്, അവതാരക ശ്രീജ എന്നിവരെ അറസ്റ്റു ചെയ്യാൻ നടത്തുന്നത് തീവ്രവാദ വേട്ടയ്ക്ക് സമാനമായ സംഭവങ്ങൾ. ഇവരുടെ ചാനൽ ഓഫീസിലേക്ക് കഴിഞ്ഞ ദിവസം എത്തിയത് വമ്പൻ പൊലീസ് സന്നാഹമാണ്. വീട്ടിലും റെയ്ഡ് നടന്നു.
ഓഫീസിന്റെ പൂട്ട് ഉടമസ്ഥനിൽ നിന്ന് വാങ്ങി തുറന്നു. അതിന് ശേഷം കട്ടർ ഉപയോഗിച്ച് അകത്തെ മുറി തകർത്തു. നാലു മണിക്കൂറാണ് ഓഫീസിൽ റെയ്ഡ് നടത്തിയത്. തീവ്രാവാദികളെ അറസ്റ്റ് ചെയ്യുന്നതിന് സമാന സാഹചര്യമൊരുക്കി ഓഫീസിന് ചുറ്റും പൊലീസിനെ നിയോഗിച്ചായിരുന്നു റെയ്ഡ്. ആരെങ്കിലും ഓഫീസിൽ നിന്ന് ചാടി പോയാൽ പിടിക്കാനായിരുന്നു സന്നാഹം. ഇതിനൊപ്പം രഞ്ജിത്തിന്റെ വീട്ടിലും പൊലീസ് എത്തി. രഞ്ജിത്തിന്റെ ഭാര്യയേയും പൊലീസ് വിശദമായി ചോദ്യം ചെയ്തു. പ്രസവം കഴിഞ്ഞ് രണ്ട് മാസം പോലും ആയില്ലെന്ന പരിഗണന പോലും രഞ്ജിത്തിന്റെ ഭാര്യയ്ക്ക് നൽകിയില്ല.
മത വിദ്വേഷം വളർത്തുന്ന തരത്തിൽ പച്ചത്തെറി പറഞ്ഞ് വർഗീയ പരാമർശങ്ങൾ നടത്തുന്ന യൂ ട്യൂബ് ചാനലിനെതിരെ പൊലീസ് കേസെടുത്തിരുന്നു. തിരുവല്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന യു ട്യൂബ് ഉടമ രഞ്ജിത്ത്, അവതാരക ശ്രീജ എന്നിവർക്കെതിരെയാണ് 153 എ വകുപ്പ് പ്രകാരം കേസെടുത്തത്. തിരുവല്ല എസ്.എച്ച്.ഒക്ക് ലഭിച്ച പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇവർ മുൻകൂർ ജാമ്യം നേടുന്നതിന് മുമ്പ് അറസ്റ്റു ചെയ്ത് ജയിലിൽ അടയ്ക്കാനാണ് നീക്കം. ഇതിന് വേണ്ടിയാണ് വീട്ടുകാരെ പോലും സമ്മർദ്ദത്തിലാക്കുന്ന തരത്തിൽ റെയ്ഡും തെളിവെടുപ്പും നടത്തുന്നത്.
മുമ്പൊരു കേസിലും അവതാരക ജാമ്യം എടുത്തിരുന്നു. ബിജെപിയുമായി അടുപ്പമുള്ള വ്യക്തിയാണ് രഞ്ജിത്ത്. ഏതായാലും ആ വാർത്തയുടെ പേരിൽ അവരുടെ കുടുംബത്തെ കടന്നാക്രമിക്കുകയാണ് പൊലീസ്. നാലുപ്രാവശ്യം ഓഫീസിൽ എത്തി. രണ്ട് വണ്ടി പൊലീസുമായാണ് ഓഫീസിൽ എത്തിയത്. ഗ്യാസ് കട്ടറുമായി ഓഫീസിലും എത്തി. കുഞ്ഞുണ്ടായിട്ട് രണ്ട് മാസം ആകുന്നതേ ഉള്ളൂ. എന്നിട്ടും ഭാര്യയെ മണിക്കൂറുകൾ ചോദ്യം ചെയ്തു-ഇതാണ് ഇപ്പോൾ നൽകുന്ന പീഡനത്തെ കുറിച്ച് രഞ്ജിത്തിന് പറയാനുള്ളത്.
ഈ ചാനലിൽ വന്ന വാർത്തയുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ കേസെടുക്കാത്തതിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിമർശിച്ചിരുന്നു. പച്ചത്തെറി വിളിച്ചു പറഞ്ഞിട്ടും പൊലീസ് നോക്കിനിൽക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. നമോ ടി.വിയുടെ വീഡിയോ സൈബർ സെൽ എ.ഡി.ജി.പിക്ക് അയച്ചുകൊടുത്തെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടികൾ തുടങ്ങിയത്. സോഷ്യൽ മീഡിയിയിലും ഈ വാർത്താ അവതരണം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. മുമ്പും സമാന രീതിയിലെ വിമർശനം ഈ ചാനലിന് നേരിടേണ്ടി വന്നു.
കേരളത്തിലെ സാമൂഹ്യാന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് ചിലർ സോഷ്യൽ മീഡിയയിലൂടെ നടത്തുന്നതെന്നായിരുന്നു കെ.സുധാകരനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ വി.ഡി.സതീശൻ പറഞ്ഞത്. സോഷ്യൽമീഡിയയിലൂടെ എന്തും പറയാമെന്ന സാഹചര്യമാണുള്ളത്. ഒരു പെൺകുട്ടി വന്നിട്ട് പച്ചത്തെറിയാണ് പറയുന്നത്. കേരളത്തിലാണ് ഇത് പറഞ്ഞിരിക്കുന്നത്. എത്രമോശമാണിത്. ഞാൻ ആ വീഡിയോ സൈബർ സെല്ലിന്റെ ചുമതലയുള്ള മനോജ് എബ്രാഹിമിന് അയച്ചുകൊടുത്തുവെന്നും സതീശൻ പറഞ്ഞിരുന്നു.
വെള്ളത്തിൽ തീപിടിപ്പിച്ച് കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാനാണ് ശ്രമം. സർക്കാർ കയ്യും കെട്ടി നോക്കിനിൽക്കുകയാണ്. മറ്റൊരു സംസ്ഥാനത്തും ഇത് നടക്കില്ല. നിലപാടില്ലായ്മയാണ് സർക്കാരിന്റെ നിലപാടെന്നും വി.ഡി.സതീശൻ വിമർശിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ