കോഴിക്കോട്: ഭക്ഷ്യവസ്തുക്കളിലും കറിപൗഡറുകളിലും മായം ചേർക്കുന്ന കമ്പനികൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ സർക്കാർ. ഭക്ഷ്യ സുരക്ഷാ കമ്മീഷണറായിരുന്ന ടിവി അനുപമ ഐ.എ.എസ് പ്രസവാവധിയിൽ പ്രവേശിച്ചതോടെ വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏറെ ആശങ്കയിലായിരുന്നു.

എന്നാൽ സർക്കാർ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയതോടെ സംസ്ഥാന വ്യാപകമായി പരിശഓധന ശക്തമാക്കിയിരിക്കുകയാണ്. ഫൂഡ് ആൻഡ് സേഫ്റ്റി കമ്മീഷണർ ചാർജുള്ള ഗോഗുൽ ഐ.എ.എസിന്റെ മേൽനോട്ടത്തിൽ അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിലാണ് പരിശോധന. ഗുണനിലവാരമില്ലാത്തതും മായം കലർന്നതുമായ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിൽപ്പന തടയുന്നതിനായി കർശന നിലവാടുകൾ സ്വീകരിക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

പരിശോധനയിൽ നിരവധി കമ്പനികളും ഉൽപാദന യൂണിറ്റുകളും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ വലയിലായിട്ടുണ്ട്. ഒരാഴ്ചക്കിടെ മലബാറിൽ നിന്നുമാത്രം ആറോളം പ്രമുഖ കമ്പനികളുടെ കറിപൗഡറുകളാണ് പിടിച്ചെടുത്തത്. പാലക്കാട് ആനക്കരയിലെ മാലബാർ ടേസ്റ്റ് കമ്പനിയുടെ ഉൽപാദന യൂണിറ്റിൽ നിന്നും അഞ്ച് ലക്ഷത്തോളം രൂപയുടെ കറിപൗഡറുകൾ ഭക്ഷ്യ സുരക്ഷാ വിഭാഗം കഴിഞ്ഞ ദിവസം പിടിച്ചെടുത്തു. വലിയ അളവിൽ മായം ചേർക്കുന്നതായി കണ്ടെത്തിയതോടെയാണ് കറിപൗഡറിന്റെ സാമ്പിൽ പരിശോധനക്കയച്ചു. മുളക് പൊടി, മല്ലിപ്പൊടി, ജീരക പൊടി, മഞ്ഞൾപ്പൊടി തുടങ്ങിയവയുടെ സാമ്പിളുകളാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനക്കയച്ചിട്ടുള്ളത്. സാമ്പിളിന്റെ പരിശോധനാ ഫലം പുറത്തു വരുന്ന മുറക്ക് കർശന നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം മറുനാടൻ മലയാളിയോടു പറഞ്ഞു.

കഴിഞ്ഞാഴ്ച ബ്രാഹ്മൺസ്, ആശീർവാദ് കമ്പനികളുടെ കറിപൗഡറുകൾ പിടിച്ചെടുക്കുകയും പരിശോധനക്കയക്കുകയും ചെയ്തിരുന്നു. മിക്ക ഉൽപാദന കേന്ദ്രങ്ങളിൽ നിന്നും മായം ചേർക്കാൻ ഉപയോഗിക്കുന്ന കൃത്രിമ പൊടികളും കണ്ടെത്തിയിട്ടുണ്ട്. കറിപൗഡറുകളിൽ 70 ശതമാനത്തിനു മുകളിൽ മായം ചേർക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. പിടിച്ചെടുത്ത കേന്ദ്രങ്ങളുടെ ലൈസൻസ് റദ്ദാക്കൽ അടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കറിപ്പൗഡറുകൾക്കു പുറമെ മായം കലർത്തിയ തേനുകളും കണ്ടെത്തിയിട്ടുണ്ട്. നേരത്തെ നിറപറ കറിപൗഡറിൽ വ്യാപകമായി മായം ചേർത്തതായും പുഴുക്കൾ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ ഉപഭോക്താവ് തന്നെ രംഗത്തു വരികയും തുടർന്ന് സാമ്പിൾ പരിശോധനയിൽ മായം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. നിറപറയുടെ കുരുമുളക് പൊടി, മല്ലിപൊടി, ഗോതമ്പ്, മൈദ, ആട്ട, മഞ്ഞൾപൊടി എന്നിവയിൽ മായം ചേർത്തതായി സംശയാസ്പദമായി കണ്ടതിനെ തുടർന്ന് ഇതും സാമ്പിൾ പരിശോധനക്കു വിധേയമാക്കിയിട്ടുണ്ട്.

മലപ്പുറം, മഞ്ചേരി, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലെ നിരവധി ഔഷധശാലകളിലും കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. മായം ചേർത്ത തേനുകൾ വ്യാപകമായി വിൽപ്പന നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. വായനാട് ജില്ലയിലെ ഉൽപാദന കേന്ദ്രത്തിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. എന്നാൽ മാരകമായ രോഗം ഉണ്ടായേക്കാവുന്ന ചേരുവകൾ തേനിൽ ചേർത്തതായി കണ്ടെത്തി. ഔഷധശാലകളിൽ പരിശോധന ശക്തമാക്കുമെന്നും മായം കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ മറുനാടൻ മലയാളിയോടു പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ കറിപൗഡർ കമ്പനികളിലേക്കും ഔഷധ ശാലകളിലേക്കും വ്യാപിപ്പിക്കാനാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ തീരുമാനം.

സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തി വരുന്ന പരിശോധനയിൽ
നിരവധി വൻകിട കമ്പനികൾ കുടുങ്ങിയതായാണ് വിവരം. ചെക്ക്‌പോസ്റ്റുവഴി അന്യ സംസ്ഥാനത്ത് നിന്നും കടത്തുന്ന കറപൗഡറുകൾ പരിശോധിക്കാനും പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.