കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽകോളേജ് ഉടമ ജബ്ബാർ ഹാജിയുടെ വീട്ടിൽ പൊലീസ് റെയ്ഡ്. മെഡിക്കൽകോളേജിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ പരാതിയിലാണ് പൊലീസ് പരിശോധന നടത്തിയത്.

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ പ്രവേശനം നൽകിയത് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിൽ തങ്ങളിൽ നിന്നും വാങ്ങിയ രേഖകളും പണവും തിരിച്ചു നൽകണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

ഓരോ വിദ്യാർത്ഥിയിൽ നിന്നും 50 ലക്ഷം രൂപ വീതം ഫീസിനത്തിലും കോഴയായും വാങ്ങിയിട്ടുണ്ട് എന്നാണ് പൊലീസ് കണ്ടെത്തൽ. ജബ്ബാർ ഹാജി ചെയർമാൻ ആയ പ്രസ്റ്റീജ് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ്. ഇയാളുടെ മക്കളും മരുമക്കളും അടക്കം അടുത്ത ബന്ധുക്കളാണ് ട്രസ്റ്റ് അംഗങ്ങൾ.

കണ്ണൂർ ഡിവൈഎസ്‌പി പി പി സദാനന്ദന്റെ നിർദ്ദേശപ്രകാരം വളപട്ടണം എസ്ഐ ശ്രീജിത്ത് കോടിയേരിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.