തിരുവനന്തപുരം: സംസ്ഥാനത്തെ ആർടി ഓഫീസുകളിൽ വ്യാപക ക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തൽ. ഓപ്പേറഷൻ സ്പീഡ് ചെക്ക് എന്ന പേരിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത മൂന്നുലക്ഷം രൂപ പിടിച്ചെടുത്തു.

ഡ്രൈവിങ് സ്‌കൂൾ ഉടമകൾ അപേക്ഷകരെന്ന വ്യാജേന ഓൺലൈൻ ലേണേഴ്‌സ് ടെസ്റ്റിൽ പങ്കെടുക്കുന്നതായും പരിശോധനയിൽ തെളിഞ്ഞു. പൊൻകുന്നം, മുവാറ്റുപുഴ ആർടി ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കുള്ള അപേക്ഷകളിൽ ഏജന്റുമാരെ തിരിച്ചറിയുന്നതിന് ഉദ്യോഗസ്ഥർ അപേക്ഷകളിൽ പ്രത്യേകം അടയാളം രേഖപ്പെടുത്തിയതും കണ്ടെത്തി.

വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ അപേക്ഷകളിൽ കുത്തും കോമയും നക്ഷത്രങ്ങളും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് തെളിഞ്ഞത്. പിന്നീട് പണം ലഭിക്കേണ്ട അപേക്ഷകളും വേഗത്തിൽ കയറ്റിവിടാനുള്ളതും തിരിച്ചറിയുന്നതിനാണ് ഈ മാർഗങ്ങൾ.

ആർടി ഓഫിസുകളെക്കുറിച്ചുള്ള വ്യാപക പരാതികളുടെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയതെന്നു കിഴക്കൻ മേഖലാ വിജിലൻസ് എസ്‌പി വി.ജി.വിനോദ് കുമാർ അറിയിച്ചു. തൊടുപുഴ ആർടി ഓഫീസിൽ ലേണേഴ്‌സ് ഓൺലൈൻ ടെസ്റ്റിൽ പങ്കെടുക്കേണ്ട അപേക്ഷകർക്ക് പകരം ഒടിപി ഉപയോഗിച്ച് ഏജന്റുമാർ പരീക്ഷയെഴുതി.

ഇതര സംസ്ഥാനക്കാരായ അപേക്ഷകർ പോലും മലയാളത്തിലുള്ള പരീക്ഷ വേഗത്തിൽ പാസാകുന്നത് പിന്നിൽ ഇത്തരത്തിൽ തിരിമറിയിലൂടെയാണ്. പറവൂരും ഇരിങ്ങാലക്കുടയിലും അപേക്ഷകളിൽ ഉദ്യോഗസ്ഥർ മനപ്പൂർവ്വം കാലതാമസം വരുത്തി. ഇവിടങ്ങളിൽ നിന്ന് വിതരണം ചെയ്യപ്പെടാത്ത 200 ലധികം ഡ്രൈവിങ് ലൈസൻസുകളും ആർടി ബുക്കുകളും കണ്ടെത്തി.

പലയിടത്തും ഏജന്റുമാർ അപേക്ഷകരിൽ നിന്നും വൻതുക വാങ്ങി അതിൽ നിന്നും ഒരുവിഹിതം ഓഫീസ് സമയം കഴിയാറാകുമ്പോൾ ഉദ്യോഗസ്ഥർക്കും നൽകുന്നെന്നും തെളിഞ്ഞു.

ഇന്നലെയും ഇന്നുമായി വിജിലൻസ് സംഘം പരിശോധനയ്ക്കായി എത്തിയ സമയം ഉദ്യോഗസ്ഥർക്ക് കൈമാറുന്നതിനായി ഏജന്റുമാർ കൊണ്ടുവന്ന മൂന്നുലക്ഷം രൂപയാണ് സംസ്ഥാനത്തെ വിവിധ ആർടി ഓഫീസുകളിൽ നിന്ന് പിടികൂടിയത്.

പെരുമ്പാവൂർ ആർടി ഓഫീസിൽ നിന്നും 89000 രൂപയും പീരുമേട്ടിൽ നിന്നും 65000 രൂപയും പിടികൂടി. അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിന് അന്വേഷണ ഉദ്യോഗസ്ഥർ ഉത്തരവിട്ടിട്ടും പല ആർടിഒമാരും നടപടി സ്വീകരിച്ചിട്ടില്ല.

കോട്ടയം, പാലാ, വൈക്കം, പൊൻകുന്നം ഓഫിസുകളിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. കണക്കിൽപെടാത്ത 18,287 രൂപ പിടിച്ചെടുത്തു. കോട്ടയം, പൊൻകുന്നം ഓഫിസുകളിലാണ് ഫയലിൽ അടയാളങ്ങൾ കണ്ടെത്തിയത്. പാലായിൽ ഏജന്റിന്റെ കയ്യിൽ നിന്ന് 700 രൂപ പിടിച്ചെടുത്തിരുന്നു. വൈക്കത്ത് ഏതാനും ഏജന്റുമാരെ ഓഫിസിനകത്തു കണ്ടെത്തി. ഇവരിൽ നിന്ന് 12,000 രൂപ പിടിച്ചെടുത്തു.

ഡിവൈഎസ്‌പിമാരായ എം.കെ.മനോജ്, കെ.എ.വിദ്യാധരൻ, ഇൻസ്‌പെക്ടർമാരായ റെജി എം.കുന്നിപ്പറമ്പൻ, എസ്.ആർ.നിസാം, രവീന്ദ്ര കുമാർ, എസ്.ആർ.സജു, കെ.ജി.മനോജ്കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ആർടി ഓഫീസുകളിലെ ക്രമക്കേടിനെ കുറിച്ച് വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്ത് വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകി.