ചെന്നൈ: തമിഴ്‌നാട് മുന്മുഖ്യമന്ത്രി ജയലളിതയുടെ ഔദ്യോഗിക വസതിയായിരുന്ന പോയസ് ഗാർഡനിൽ ആദായനികുതി വകുപ്പിന്റെ റൈഡ്.20 വർഷമായി പൊലീസ് കയറാൻ പേടിച്ച പോയസ് ഗാർഡനിലെ റൈഡ് വെള്ളിയാഴ്ച രാത്രി ഏറെ വൈകിയാണ് ആരംഭിച്ചത്. രാത്രി തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ്.

ശശികലയുടെ വീട്ടിൽ നിന്ന് കോടികൾ കണ്ടെടുത്തതിന് ശേഷമാണ് ജയലളിതയുടെ വീട്ടിൽ തന്നെ കയറാനുള്ള ധൈര്യം ആദായ നികുതി വകുപ്പ് കാണിച്ചത്. നിർണ്ണായകമായ പല തെളിവുകളും വേദനിലയിത്തിൽ നിന്ന് കണ്ടെത്തിയത്. ഇവിടെ നിന്നും ലാപ്ടോപ്പ്, കംപ്യൂട്ടർ, മറ്റു സ്റ്റോർ സ്പേയ്സുകൾ അടക്കം നിരവധി ഇലക്ട്രോണിക്ക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ഇവിടത്തെ ഓഫിസ് ബ്ലോക്കിലും റെക്കോർഡ്‌സ് റൂമിലുമായിരുന്നു പ്രധാന പരിശോധന. ജയലളിതയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പൂങ്കുണ്ട്‌റൻ ഉപയോഗിച്ച ഒന്നാം നിലയിലെ മുറിയിലും പരിശോധന നടത്തി. ജയലളിതയുടെ മരണ ശേഷം ശശികല ഉപയോഗിച്ച മുറിയിലുമുണ്ടായി പരിശോധന. എന്നാൽ പോയസ് ഗാർഡനിൽ മൊത്തമായുള്ള പരിശോധനയില്ലെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇതേസമയം വിവരമറിഞ്ഞ് ശശികലയുടെ സഹോദരീപുത്രനും ജയ ടി.വി എം.ഡിയുമായ വിവേക് ജയരാമൻ പോയസ് ഗാർഡനിലെത്തി. ശശികലയുടെ അഭിഭാഷകരും പൂങ്കുൻട്രനും പോയസ് ഗാർഡനിലെത്തിയെങ്കിലും വേദനിലയത്തിനകത്തേയ്ക്ക് പൊലീസ് അവരെ കയറ്റി വിടാൻ ആദ്യം തയ്യാറായില്ല. എന്നാൽ വേദനിലയത്തിന്റെ ഉടമസ്ഥത ഇപ്പോഴും നിയമക്കുരുക്കിലാണെന്നും വീട് നോക്കി നടത്തുന്നത് ശശികലയാണെന്നും അതുകൊണ്ട് റെയ്ഡിന് സാക്ഷിയാകാൻ അവകാശമുണ്ടെന്നും അഭിഭാഷകർ പറഞ്ഞതിനെത്തുടർന്ന് വിവേകുൾപ്പടെയുള്ളവർ അകത്തെത്തി ഉദ്യോഗസ്ഥരെ കണ്ടു.

കേന്ദ്രം ഒരു കുടുംബത്തെ മാത്രം ലക്ഷ്യവച്ചു നടപടി സ്വീകരിക്കുകയാണെന്നും കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലിയാണ് ഇതിനു പിന്നിലെന്നും ദിനകരപക്ഷം ആരോപിച്ചു. പുറത്ത് മോദിക്കും കേന്ദ്രസർക്കാരിനുമെതിരെ മുദ്രാവാക്യം വിളികളുമായി റോഡിൽ കിടന്ന് പ്രതിഷേധിച്ച അണ്ണാ ഡി.എം.കെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിന് പിന്നിൽ പാർട്ടിയെ ചതിച്ച ഇ.പി.എസ്സും ഒ.പി.എസ്സുമാണെന്ന് ടി.ടി.വി ദിനകരൻ ട്വിറ്ററിൽ ആരോപിച്ചു. പുലർച്ചെ ഒരു മണിയോടെ ജയലളിതയുടെ സഹോദരന്റെ മകൾ ദീപ ജയകുമാറും പോയസ് ഗാർഡനിലെത്തി.

ജയ ടിവി ഓഫിസിലും അടുത്തിടെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ശശികലയുടെ ബന്ധുക്കളുടെയും സഹായികളുടെയുമെല്ലാം ഓഫിസുകളിലും വീടുകളിലും പരിശോധന തുടരുകയാണ്. ഒട്ടേറെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്.

വിവിധ നഗരങ്ങളിലായി നവംബർ ഒൻപതു മുതൽ 13 വരെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. 187ലേറെ ഇടങ്ങളിൽ പരിശോധന നടത്തിയ ആദായനികുതി വകുപ്പ് ഒട്ടേറെ രേഖകളും പിടിച്ചെടുത്തു.

അതിനിടെ, നികുതി വെട്ടിച്ച് ആഡംബര കാർ ഇറക്കുമതി ചെയ്ത കേസിൽ ശശികലയുടെ ഭർത്താവ് നടരാജൻ, അനന്തരവൻ വി.എൻ.ഭാസ്‌കരൻ എന്നിവരുൾപ്പെടെ നാലുപേർക്കു സാമ്പത്തിക കുറ്റകൃത്യ കോടതി വിധിച്ച രണ്ടു വർഷത്തെ തടവുശിക്ഷ മദ്രാസ് ഹൈക്കോടതി ശരിവച്ചു. പ്രതികളെ എത്രയും വേഗം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാനും വിചാരണക്കോടതിയോടു നിർദ്ദേശിച്ചു.

അണ്ണാ ഡിഎംകെ വിമത നേതാവ് ടി.ടി.വി.ദിനകരന്റെ സഹോദരനാണു ഭാസ്‌കരൻ. അനധികൃത സ്വത്തു കേസിൽ ഇയാൾക്കും ഭാര്യയ്ക്കും സിബിഐ കോടതി വിധിച്ച ശിക്ഷയും ഹൈക്കോടതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു.

നേരത്തെ 1996ൽ കരുണാനിധി സർക്കാരിന്റെ കാലത്താണ് പരിശോധനയുണ്ടായത്. അന്നാണ് ജയലളിതയുടെ എണ്ണിയാൽ ഒതുങ്ങാത്ത സാരികളുടെയും ആഭരണങ്ങളുടേയും കണ്ടെത്തിയത്. ഇതാണ് ജയലളിതയുടേയും പിന്നീട് ഇപ്പോൾ ശശികലയുടെ ജയിൽ വാസത്തിലേക്കും നയിച്ചത്.