മുംബൈ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നുൾപ്പെടെ സഹസ്രകോടികൾ വെട്ടിച്ച് രാജ്യംവിട്ട വിവാദ വജ്രവ്യാപാരിയുടെ ആഡംബര വസതിയിൽ നിന്ന് വിപുലമായ ആഭരണങ്ങളുടേയും പെയ്ന്റിംഗുകളുടേയും ശേഖരം കണ്ടെത്തി. വിവാദ വ്യവസായി നീരവ് മോദിയുടെ ആഡംബര വസതിയിൽ സിബിഐ നടത്തിയ റെയ്ഡിൽ കോടികൾ വിലമതിക്കുന്ന വസ്തുവകകളാണ് കണ്ടെത്തിയത്. 10 കോടി രൂപ വിലവരുന്ന മോതിരവും 1.40 കോടി രൂപ വിലമതിക്കുന്ന വാച്ചും ഉൾപ്പെടെ ആഭരണങ്ങളുടേയും വാച്ചുകളുടേയും മറ്റും വിപുലമായ ശേഖരമാണ് സൂക്ഷിച്ചിരുന്നത്.

വറോളിയിലെ ആഡംബര വസതിയായ സമുദ്രമഹലിൽ ആദായനികുതിവകുപ്പും സിബിഐയും സംയുക്തമായാണ് പരിശോധന നടത്തിയത്. വൻ തുകകൾ വില വരുന്ന പുരാതന ആഭരണങ്ങളുടെയും പെയിന്റിങ്ങുകളുടെയും വൻ ശേഖരമാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. അമ്പതു കോടിയിലധികം രൂപ വിലവരുന്ന വസ്തുവകകൾ പരിശോധനയിൽ കണ്ടെടുത്തതായാണ് പ്രാഥമിക വിവരം.

നീരവ് മോദിയുടെ പേരിലുള്ള 21 വസ്തുവകകൾ കഴിഞ്ഞ മാസം ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇവ 523 കോടി രൂപ മൂല്യമുള്ളതാണെന്നാണ് വിലയിരുത്തൽ. ജാമ്യച്ചീട്ടുകളിന്മേൽ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 11,400 കോടി രൂപയുടെ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിലാണ് നീരവ് മോദിക്കെതിരെ അന്വേഷണം നടക്കുന്നത്.

നീരവ് മോദിയുടെ സ്ഥാപനങ്ങളിലും വീട്ടിലും ഉൾപ്പെടെ തിരച്ചിൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് വിഭാഗവും സിബിഐയും. എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നീരവ് മോദിയുടെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന തുടരുകയാണ്. സ്വർണവും വജ്രവും ആഭരണങ്ങളും ഉൾപ്പെടെ 5100 കോടിയുടെ സ്വത്ത് ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്. 4000 കോടി രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. നീരവ് മോദി, ഗീതാഞ്ജലി കലക്ഷൻസുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്.

വൻകിട ബിസിനസുകാർക്കു ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്‌സ് ക്രെഡിറ്റ് (ലെറ്റർ ഓഫ് കംഫർട്) രേഖകൾ ഉപയോഗിച്ചാണ് നീരവ് മോദി തട്ടിപ്പു നടത്തിയത്. പിഎൻബിയുടെ ജാമ്യത്തിന്റെ ബലത്തിൽ വിദേശത്തെ ബാങ്കുകളിൽനിന്നു വൻതോതിൽ പണം പിൻവലിച്ചു. ഈ പണം തിരിച്ചടയ്ക്കാത്തതു മൂലം ബാധ്യത, ജാമ്യം നിന്ന പിഎൻബിക്കായി.