ന്യൂഡൽഹി: തസ്തികകൾ വെട്ടിക്കുറച്ചും അനാവശ്യ നിയമനങ്ങൾ ഒഴിവാക്കിയും ചെലവു ചുരുക്കാനുള്ള പ്രവർത്തനങ്ങൾ റെയിൽവേ ഊർജിതപ്പെടുത്തുന്നു. റെയിൽ സുരക്ഷയുമായി ബന്ധപ്പെട്ടവ ഒഴികെയുള്ള വിഭാഗങ്ങളിൽ തസ്തികകളുടെ എണ്ണം കുറയ്ക്കാനുള്ള പദ്ധതി കഴിഞ്ഞ വർഷം ജൂണിലാണ് ആവിഷ്‌കരിച്ചത്.

ഇപ്പോൾ എല്ലാ വിഭാഗങ്ങളിലും 15% തസ്തികകൾ കുറയ്ക്കാൻ വീണ്ടും നിർദ്ദേശം നൽകി. 2 വർഷത്തിനുള്ളിൽ സൃഷ്ടിച്ച തസ്തികകൾ പുനഃപരിശോധിക്കും. നവംബർ 15ന് അകം തസ്തികകൾ റദ്ദാക്കാനുള്ള നിർദ്ദേശം നടപ്പാക്കണമെന്നു മേഖലാ ഓഫിസുകൾ നിർദ്ദേശം നൽകിത്തുടങ്ങി.

തസ്തികകൾ കുറയ്ക്കാൻ നിർദ്ദേശം നൽകി ഒരു വർഷത്തിലേറെക്കഴിഞ്ഞും പല മേഖലകളിലും വിചാരിച്ച പുരോഗതിയുണ്ടാവാത്ത സാഹചര്യത്തിലാണ് നടപടികൾ ഊർജിതപ്പെടുത്തുന്നത്. ഇതേസമയം, തസ്തികകൾ റദ്ദാക്കുന്നത് സ്വകാര്യ ഏജൻസികൾക്കു ജോലി കൈമാറാനാണെന്നു റെയിൽവേ ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നു.