- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിങ്ങവനം-ഏറ്റുമാനൂർ ഒറ്റവരിപ്പാത എന്ന കുപ്പിക്കഴുത്ത് മാറി; 16.7 കിലോ മീറ്റർ കേരളത്തിന് നൽകുക പുതിയ വേഗതയും കൂടുതൽ തീവണ്ടി സാധ്യതയും; തിരുവനന്തപുരത്തെ പ്രശ്നങ്ങൾ കൂടി പരിഹരിച്ചാൽ എല്ലാം നേർവഴിക്കാകും; കേരളത്തിന്റെ റെയിൽ സ്വപ്നങ്ങൾക്ക് പുതുവേഗം നൽകി പൂർത്തിയായത് 21 വർഷത്തെ സ്വപ്നം
കോട്ടയം: കേരളത്തിലെ റെയിൽവേ വികസത്തിന് ഇനി പുതുവേഗം. രണ്ടു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനു വിരാമമിട്ടു കോട്ടയം വഴിയുള്ള റെയിൽവേ ഇരട്ടപ്പാത യാഥാർഥ്യമാകുമ്പോൾ കേരളത്തിലേക്ക് കൂടുതൽ തീവണ്ടികൾ എത്തുന്നതിനും വഴി തുറക്കും.. ഏറ്റുമാനൂർ-ചിങ്ങവനം പാത കമ്മിഷൻ ചെയ്യുമ്പോൾ കൂടുതൽ വേഗത കേരളത്തിലെ തീവണ്ടി യാത്രയ്ക്ക് കൈവരും. പാലരുവി എക്സ്‌പ്രസാണു പാതയിലൂടെ ആദ്യം കടന്നുപോയത്. സമ്പൂർണ ഇരട്ടപ്പാതയുള്ള സംസ്ഥാനം എന്ന പദവി ഇതോടെ കേരളത്തിനും സ്വന്തമായി.
ചിങ്ങവനം-ഏറ്റുമാനൂർ (16.7 കിമീ) ഒറ്റവരിപ്പാത എന്ന കുപ്പിക്കഴുത്തായിരുന്നു കേരളം തീവണ്ടി വികസനത്തിൽ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. കുപ്പി കഴുത്തു കാരണം പല വണ്ടികളും പല സ്ഥലത്തും പിടിച്ചിട്ടു. അങ്ങനെ തീവണ്ടികൾ സമയം തെറ്റി ഓടി. മണിക്കൂറുകളുടെ നഷ്ടം യാത്രക്കാർക്കുണ്ടായി. എന്നാൽ അതെല്ലാം ഇനി ഓർമ്മകളിലേക്ക് മാറും. കോട്ടയം പാതയിലൂടെ കൂടുതൽ ട്രെയിനുകൾ എന്ന ദീർഘകാല ആവശ്യം ഇനി നടക്കും. കൂടുതൽ പ്ലാറ്റ്‌ഫോമുകൾ വന്നതോടെ ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നു കോട്ടയത്തേക്കു ട്രെയിനുകളോടിക്കാൻ കഴിയും.
16.70 കിലോമീറ്റർ ഇരട്ടപാതയാക്കാൻ 21 വർഷമെടുത്തു. സ്ഥലമേറ്റെടുപ്പുമായുള്ള പ്രശ്‌നങ്ങളാണ് ഇത്രയധികം കാലവിളംബമുണ്ടാക്കിയത്. ഏറ്റുമാനൂർ-ചിങ്ങവനം ഇരട്ടപ്പാത സജ്ജമാകുമ്പോൾ ഭാരതപ്പുഴയ്ക്ക് സമീപം ഒരു കിലോമീറ്റർ ഒഴികെ തിരുവനന്തപുരം- മംഗലാപുരം പാതയിലെ 632 കിലോമീറ്റർ ഇരട്ടപ്പാതയായി മാറി. ഇനി പതിവായുള്ള ട്രെയിൻ 'പിടിച്ചിടീൽ' ഉണ്ടാവില്ല. അതുകൊണ്ട് തന്നെ എല്ലാ തീവണ്ടികളുടേയും കേരളത്തിലെ യാത്രാ സമയം കുറയൻ ഇടയാക്കുമത്. ആലപ്പുഴ വഴി പോകുന്ന തീവണ്ടികളുടെ സമയ ക്രമത്തേയും ഇത് സ്വാധീനിക്കും.
ഇനി കേരളത്തിനു കൂടുതൽ ട്രെയിനുകൾ കിട്ടണമെങ്കിൽ തിരുവനന്തപുരം ഭാഗത്തു ട്രെയിൻ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം വർധിപ്പിക്കണം. തിരുവനന്തപുരത്തു ട്രെയിൻ നിർത്താൻ പ്ലാറ്റ്‌ഫോം ഇല്ലാത്ത സ്ഥിതിയാണ്. ഇതിനു പരിഹാരം കാണാനുള്ള 2 പദ്ധതികളും ഒച്ചിഴയുന്ന വേഗത്തിലാണു പുരോഗമിക്കുന്നത്. കൊച്ചുവേളി സ്റ്റേഷനിൽ അഡീഷനൽ പ്ലാറ്റ്‌ഫോമുകളുടെ നിർമ്മാണം പണമില്ലാത്തതു കാരണം വൈകുന്നു. നേമം ടെർമിനൽ പദ്ധതിയുടെ എസ്റ്റിമേറ്റിന് ഇനിയും അനുമതി ലഭിച്ചിട്ടില്ല. ഇതെല്ലാം പരിഹരിക്കപ്പെട്ടാൽ കൂടുതൽ തീവണ്ടികൾ കേരളത്തിലേക്ക് എത്തും.
ചിങ്ങവനം-ഏറ്റുമാനൂർ ഒറ്റവരിപ്പാത എന്ന കുപ്പിക്കഴുത്തായിരുന്നു ട്രെയിനുകളുടെ സുഗമമായ ഓട്ടത്തിനും പുതിയ ട്രെയിനുകൾ ലഭിക്കുന്നതിനും പ്രധാന തടസ്സമായി റെയിൽവേ ചൂണ്ടിക്കാട്ടിയിരുന്നത്. അതാണ് മാറുന്നത്. കേരളത്തിനു പുതിയ ട്രെയിനുകൾ അനുവദിക്കുമ്പോൾ കോട്ടയം റൂട്ടിനായിരിക്കും ഇനി പ്രഥമ പരിഗണന. ജൂണിൽ സ്‌പെഷൽ സർവീസ് ആരംഭിക്കുന്ന എറണാകുളം-വേളാങ്കണ്ണി (കോട്ടയം, കൊല്ലം വഴി) തിരക്കുണ്ടെങ്കിൽ പ്രതിദിനമാക്കുന്നതു പരിഗണിക്കുമെന്നു റെയിൽവേ അറിയിച്ചിട്ടുണ്ട്.
എറണാകുളം-കാരയ്ക്കൽ എക്സ്‌പ്രസ് കോവിഡിനു മുൻപു എറണാകുളത്തു നിന്നു കോട്ടയം പാസഞ്ചറായി രാവിലെ സർവീസ് നടത്തിയിരുന്നു. ഇനി ഇതു കോട്ടയം-കാരയ്ക്കൽ എക്സ്‌പ്രസായി ഒറ്റ ട്രെയിനായി ഓടിക്കാൻ കഴിയും. ഏറ്റുമാനൂർ- പാറോലിക്കലിൽ പുതിയ പാതയും പഴയ പാതയും ബന്ധിപ്പിക്കുന്ന ജോലികളായിരുന്നു ഇന്നലെ അവശേഷിച്ചത്. രാവിലെ എട്ടിന് ആരംഭിച്ച് ഉച്ചകഴിഞ്ഞു മൂന്നോടെ പൂർണമായി. പീന്നീട് ട്രാക്കിലെയും വൈദ്യുതി ലൈനിലെയും അലൈമെന്റ് ഒരിക്കൽ കൂടി പരിശോധിച്ചു സുരക്ഷ ഉറപ്പാക്കി.
ആറോടെ പണികൾ പൂർത്തിയാക്കി രേഖാമൂലം റെയിൽവേ ഉന്നത നേതൃത്വത്തെ അറിയിച്ചു. പിന്നാലെ കോച്ചും ഒരു ബോഗിയുമായി ഏറ്റുമാനൂർ - ചിങ്ങവനം വരെ ഒരിക്കൽ കൂടി പരീക്ഷണ ഓട്ടം നടത്തി ഉറപ്പാക്കിയാണ് ഇരട്ടപ്പാത യാത്രയ്ക്ക് ഒരുക്കിയത്.
മറുനാടന് മലയാളി ബ്യൂറോ