ന്യൂഡൽഹി: റെയിൽവെ സുരക്ഷയ്ക്കായി അടുത്ത അഞ്ചുവർത്തേക്ക് ഒരുലക്ഷം കോടി രൂപ വകയിരുത്തിക്കൊണ്ടും ഐആർസിടിസി ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിന് സർവീസ് ചാർജ് ഒഴിവാക്കിക്കൊണ്ടും കേന്ദ്രബജറ്റിൽ ധനമന്ത്രിയുടെ പ്രഖ്യാപനം. ബയോ ടോയ്‌ലറ്റുകൾ രണ്ടുവർഷംകൊണ്ട് രാജ്യത്തെ മുഴുവൻ ട്രെയിനുകളിലും നടപ്പിൽ വരുത്തുമെന്ന പ്രഖ്യാപനവും ജെയ്റ്റ്‌ലി നടത്തിയിട്ടുണ്ട്.

ഇതാദ്യമായി റെയിൽവെ ബജറ്റ് പൊതുബജറ്റിനൊപ്പം അവതരിപ്പിക്കുമ്പോഴാണ് മന്ത്രിയുടെ പ്രഖ്യാപനങ്ങൾ. റയിൽവെ സുരക്ഷ വർധിപ്പിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നത് ഏറെക്കാലത്തെ ആവശ്യമാണ്. അതോടൊപ്പം തന്നെ രാജ്യംമുഴുവൻ ശൗചാലയം നിർമ്മിച്ച് മാലിന്യമുക്തമാക്കുന്ന പദ്ധതി നടക്കുമ്പോൾ പരമ്പരാഗത ടോയ്‌ലറ്റുകൾ ഉപയോഗിക്കുന്ന റെയിൽവെ രാജ്യംമുഴുവൻ മാലിന്യം തള്ളുന്ന കക്കൂസായി നിലനിൽക്കുന്നതും വലിയ വിമർശനം ഏറ്റുവാങ്ങിയിരുന്നു. ഇതോടെ സുരക്ഷ, ടോയ്‌ലറ്റ് കാര്യങ്ങളിൽ വലിയ പരിഷ്‌കാരങ്ങൾ തന്നെ നടത്തുമെന്ന് വ്യക്തമാക്കിയാണ് കേന്ദ്രമന്ത്രി ബജറ്റിൽ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.

സമാനമായ രീതിയിൽ സർവീസ് ചാർജ് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിന് ഈടാക്കുന്നതും വലിയ വിമർശനം നേരിട്ടിരുന്നു. ഓൺലൈൻ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യംകൂടി മുൻനിർത്തിയാണ് ഇത് ഒഴിവാക്കുമെന്ന പ്രഖ്യാപനം വന്നത്.

രണ്ട് വർഷം കൊണ്ട് രാജ്യത്തെ മുഴുവൻ തീവണ്ടികളിലും മാലിന്യം ട്രാക്കിൽ തള്ളാത്ത ബയോടോയ്‌ലറ്റുകൾ സ്ഥാപിക്കുമെന്നും ഐആർസിടിസി വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് സർവ്വീസ് ചാർജ് ഉണ്ടാവില്ലെന്നും പ്രഖ്യാപിച്ചതിനൊപ്പം ഐആർസിടിസി, സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള ഐആർകോൺ എന്നീ സ്ഥാപനങ്ങൾ സ്റ്റോക്ക് എക്‌സേഞ്ചിൽ ലിസ്റ്റ് ചെയ്യുമെന്ന സുപ്രധാന പ്രഖ്യാപനവും അരുൺ ജെയ്റ്റലിയിൽ നിന്നുണ്ടായി.

തിരഞ്ഞെടുത്ത വസ്തുക്കളും, ചരക്കുകളും കടത്തുന്നതിനായി പോയിന്റ് ടു പോയിന്റ് പ്രത്യേക സർവ്വീസുകൾ തുടങ്ങും. 2020ഓടെ ലെവൽക്രോസുകൾ ഇല്ലാതാക്കും
500 റെയിൽവേ സ്‌റ്റേഷനുകൾ ഭിന്നശേഷി സൗഹൃദ സ്‌റ്റേഷനുകളാക്കും. ടൂറിസവും തീർത്ഥാടനവും ലക്ഷ്യമാക്കി പ്രത്യേക ട്രെയിനുകൾ കൂടുതലായി ഓടിക്കും.
അടുത്ത അഞ്ചു വർഷത്തേക്ക് ഒരു ലക്ഷം കോടി രൂപയുടെ റെയിൽവെ സുരക്ഷാ ഫണ്ട് ആണ് മാറ്റിവയ്ക്കുന്നത്.

2017-18ൽ 25 റെയിൽവെ സ്‌റ്റേഷനുകൾ പുനരുദ്ധരിക്കും. 3500 കി.മീ പുതിയ റെയിൽ പാത കമ്മീഷൻ ചെയ്തുവെന്ന് വ്യക്തമാക്കിയ മന്ത്രി പുതിയ മെട്രോ റെയിൽ നയത്തിനു രൂപം നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എസ്.എം.എസ്. അടിസ്ഥാനമാക്കി ക്ലീൻ മൈ കോച്ച് പദ്ധതി, റെയിൽവേയിൽ പരാതി പരിഹാരത്തിനായി കോച്ച് മിത്ര എന്നിവ നടപ്പാക്കും. റെയിൽവേയിൽ 1.31 ലക്ഷം കോടി നിക്ഷേപിക്കുമെന്ന പ്രഖ്യാപനവും മന്ത്രി നടത്തി.