- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ റെയിൽ പദ്ധതിക്ക് കേന്ദ്രത്തിന്റെ അന്തിമാനുമതി ഇല്ല; ഡിപിആർ അപൂർണം; സാങ്കേതിക വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല; സാമ്പത്തിക പ്രായോഗികത കൂടി പരിഗണിച്ചേ തുടർ നടപടി ഉണ്ടാകൂ; കള്ളങ്ങൾ ഒളിപ്പിച്ച് സർക്കാർ മുന്നോട്ടു പോകുമ്പോൾ കേന്ദ്രം ഫയൽ മടക്കാൻ ഒരുങ്ങുന്നു; കെ റെയിൽ പിണറായിയുടെ നടക്കാത്ത സ്വപ്നമാകുമെന്ന് ഉറപ്പ്
ന്യൂഡൽഹി: കേന്ദ്ര സർക്കാറിന് 49 ശതമാനവും സംസ്ഥാന സർക്കാറിന് 51 ശതമാനവുമുള്ള കമ്പനിയാണ് കെ റെയിൽ. ഈ കെ റെയിലിന് കീഴിലാണ് സംസ്ഥാന സർക്കാർ സിൽവർ ലൈൻ എന്ന സെമി ഹൈസ്പീഡ് ട്രെയിൻ ഓടിക്കാൻ തയ്യാറെടുത്തു രംഗത്തുവരുന്നത്. സംസ്ഥാന സർക്കാറിന്റെ താൽപ്പര്യങ്ങളാണ് പദ്ധതിയിൽ മുഴുവനായും പ്രതിഫലിക്കുന്നത്. അതുകൊണ്ട് തന്നെ പദ്ധതിയുടെ ഡിപിആറിൽ കേന്ദ്രസർക്കാറിന് പോലും വ്യക്തത ഇല്ലാത്ത അവസ്ഥയാണ്. എന്നാൽ, പദ്ധതിയുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാറിന് താൽപ്പര്യമില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
കേരളത്തിൽ തന്നെ വൻ ജനരോഷം നേരിടുന്ന പദ്ധതിക്ക് കേന്ദ്രം അന്തിമ അനുമതി നൽകിയിട്ടില്ലെന്നും ഡിപിആർ തയ്യാറാക്കാൻ മാത്രമാണ് അനുമതി നൽകിയിരിക്കുന്നത് എന്നുമാണ് റെയിൽവേ ബോർഡ് ചെയർമാൻ വ്യക്തമാക്കുന്നത്. സിൽവർ ലൈൻ പദ്ധതിക്ക് തത്വത്തിൽ അനുമതി മാത്രമേയുള്ളൂ എന്ന് ആവർത്തിക്കുന്നതിലൂടെ കേന്ദ്രത്തിന്റെ താൽപ്പര്യ കുറവു കൂടിയാണ് വ്യക്തമാകുന്നത്. പദ്ധതിയുടെ ഡിപിആർ അപൂർണമാണ്. ആവശ്യപ്പെട്ട കൂടുതൽ സാങ്കേതിക വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല. സാമ്പത്തിക പ്രായോഗികത കൂടി പരിഗണിച്ചേ തുടർ നടപടിയുണ്ടാകൂയെന്ന് കൊടിക്കുന്നിൽ സുരേഷ് എംപിക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സാങ്കേതിക-പ്രായോഗിക വിവരങ്ങൾ ഡിപിആറിൽ ഇല്ലെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനയ് ത്രിപാഠി വ്യക്തമാക്കുന്നു. തത്വത്തിലെ അനുമതി ഡി.പി.ആർ തയാറാക്കാൻ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് കേന്ദ്ര റെയിൽ ബോർഡ് ചെയർമാൻ സിൽവർലൈൻ വിഷയത്തിൽ രേഖാമൂലം ഒരു എംപിക്ക് വിശദീകരണം നൽകുന്നതും. പിണറായി വിജയൻ സ്വപ്‌ന പദ്ധതിയെന്ന് പറയുമ്പോൾ തന്നെ പൂർത്തീകരിക്കാൻ ഒന്നര ലക്ഷത്തിലേറെ ചെലവാകും പദ്ധതിക്ക്. അതുകൊണ്ട് തന്നെ കേന്ദ്രസർക്കാറിന് ഇതിൽ താൽപ്പര്യവും കുറുയുകാണ്. ഇതോടെ ഈ വിഷയത്തിൽ സിപിഎം വീണ്ടും മറുകണ്ടം ചാടാനാണ് സാധ്യത കൂടുതൽ.
സിൽവർ ലൈൻ പദ്ധതിക്ക് സാമ്പത്തിക അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. സാമൂഹികാഘാത പഠനത്തിനായി സംസ്ഥാന സർക്കാർ റെയിൽവേയെ സമീപിച്ചിട്ടില്ലെന്നാണ് കേന്ദ്രം പറയുന്നത്. സർവേയുടെ പേരിൽ റെയിൽവേ ഭൂമിയിൽ കല്ലിടരുതെന്ന് രേഖാമൂലം നിർദ്ദേശം നൽകിയിരുന്നെന്നും കേന്ദ്രം ഹൈക്കോടതിയിൽ അറിയിച്ചു. സർവേ നടക്കുന്ന ഭൂമിക്ക് വായ്പ ലഭ്യമാകുന്നതിൽ പ്രശ്‌നങ്ങളില്ലെന്ന് സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചു. കെ റെയിൽ കല്ലിടലിനെതിരായ ഹർജികൾ ഹൈക്കോടതി ഇനി വേനലവധിക്ക് ശേഷം പരിഗണിക്കാൻ ഇരിക്കയുമാണ്.
നാല് കാര്യങ്ങളിൽ വ്യക്തത വേണമെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. സിൽവർലൈൻ പദ്ധതിക്കായി സാമൂഹികാഘാത പഠനം നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ടോ, സർവ്വേയ്ക്കായി സ്ഥാപിക്കുന്ന കല്ലുകളുടെ വലുപ്പം സർവ്വേസ് ആൻഡ് ബൗണ്ടറീസ് ആക്ടിൽ വ്യക്തമാക്കിയ അളവിലുള്ളതാണോ, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലൂടെ നിർദ്ദിഷ്ട പാത കടന്നുപോകുന്നുണ്ടോ, കേന്ദ്ര സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടത്. സാമൂഹികാഘാത പഠനത്തിന്റെ പേരിൽ ജനത്തെ ഭയപ്പെടുത്തുകയാണ്. സർവ്വേയുടെ പേരിൽ വലിയ കല്ലുകൾ സ്ഥാപിക്കുന്നതാണ് പ്രശ്‌നം. ഇത്തരം കല്ലുകൾ കണ്ടാൽ ഭൂമിക്ക് ലോൺ നൽകാൻ ബാങ്കുകൾ മടിക്കില്ലേ എന്നും കോടതി ആരാഞ്ഞിരുന്നു.
അതേസമയം കെ-റെയിൽ പദ്ധതി വേണ്ടെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കും വരെ പദ്ധതിക്കെതിരായ യു.ഡി.എഫ് സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി വീട് നഷ്ടമാകുന്നവർ മാത്രമല്ല കേരളം മുഴുവൻ കെ-റെയിലിന്റെ ഇരകളാണ്. സാമ്പത്തികമായും പാരിസ്ഥിതികമായും ഒട്ടേറെ ആഘാതങ്ങൾ കേരളത്തിന് വരുത്തിവെക്കുന്ന പദ്ധതിയിൽ സർക്കാർ ലക്ഷ്യമിടുന്നത് കമീഷൻ മാത്രമാണ്. കേരളത്തെ തകർക്കുന്ന സിൽവർ ലൈനിനെതിരെ ശബ്ദിച്ചില്ലെങ്കിൽ ഭാവിതലമുറ പ്രതിപക്ഷത്തെ വിചാരണ ചെയ്യും.
പൂർണമായും കള്ളങ്ങൾ എഴുതിവെച്ചതാണ് ഡി.പി.ആർ. കൊട്ടക്കണക്കിലാണ് പദ്ധതിച്ചെലവിനെക്കുറിച്ച് പറയുന്നത്. 64,000 കോടി രൂപയാണ് ചെലവെന്ന് സർക്കാർ പറയുമ്പോൾ നിതി ആയോഗ് പറയുന്നത് 1,33,000 കോടി രൂപയാണ്. പൊലീസ് ജീപ്പിന് ഡീസലടിക്കാൻ പണമില്ലാത്ത സർക്കാറാണ് കോടികളുടെ കണക്കുകൾ പറയുന്നത്. മുൻഗണന നൽകിയാവണം വികസനപദ്ധതികൾ നടപ്പാക്കേണ്ടത്. 2017ലെ പ്രളയത്തിനു ശേഷം കേരളത്തിന്റെ വികസന കാഴ്ചപ്പാട് വ്യത്യസ്തമാണ്. സന്തുലിതവും സുസ്ഥിരവുമായ വികസനമാണ് വികസനത്തിന്റെ പുതിയ കാഴ്ചപ്പാട്. കെ-റെയിലിലൂടെ എൽ.ഡി.എഫ് സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്നത് വിനാശകരമായ വികസനമാണെന്നും സതീശൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ