ന്യൂഡൽഹി: യാത്രാക്കൂലി - ചരക്കുകൂലി വർധന പ്രഖ്യാപിക്കാതെ കേന്ദ്രസർക്കാരിന്റെ റെയിൽ ബജറ്റ്. കേരളത്തിനു പുതിയ ട്രെയിനുകളൊന്നും ബജറ്റിലില്ല. അതേസമയം, തിരുവനന്തപുരത്തു സബർബൻ ട്രെയിൻ ലൈൻ സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ നടപ്പാക്കുമെന്നു കേന്ദ്രമന്ത്രി സുരേഷ് പ്രഭു റെയിൽ ബജറ്റിൽ പ്രഖ്യാപിച്ചു. ചെങ്ങന്നൂർ തീർത്ഥാടക സൗഹൃദ സ്റ്റേഷനാക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.

പുതിയ ട്രെയിനുകളോ നിലവിലുള്ള ട്രെയിനുകളുടെ ദീർഘിപ്പിക്കലോ ഇത്തവണയും കേരളത്തിന് ഇല്ല. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെ തീർത്ഥാടകരുടെ ആവശ്യങ്ങൾ പരിഗണിച്ചു വികസിപ്പിക്കുമെന്നതും കേരളത്തിനുള്ള ബജറ്റ് പ്രഖ്യാപനത്തിൽപ്പെടുന്നു.

തെരഞ്ഞെടുപ്പു നടക്കുന്ന കൊൽക്കത്ത, തിരുവനന്തപുരം, ചെന്നൈ നഗരങ്ങളുടെ പേരെടുത്തു പറഞ്ഞും പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. റെയിൽവേയുടെ വരുമാനം വർധിപ്പിക്കാനുള്ള നിരവധി പ്രഖ്യാപനങ്ങളുള്ള ബജറ്റിൽ ജനപ്രിയ പദ്ധതികളും നിരവധിയാണ്. അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതു കണക്കിലെടുത്താണ് ബജറ്റിൽ ജനപ്രിയ നടപടികൾ.

ലേഡീസ് കമ്പാർട്ട്‌മെന്റുകൾ ട്രെയിനിന്റെ മധ്യഭാഗത്താക്കും, റെയിൽവെയുമായി ബന്ധപ്പെട്ട വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ലഭ്യമാക്കും, ചരക്കുതീവണ്ടികൾക്കും ടൈം ടേബിൾ നടപ്പാക്കും, ഇക്കൊല്ലം 400 സ്റ്റേഷനുകൾ വൈഫൈ ആക്കും, 2020ഓടെ ആളില്ലാ ലെവൽക്രോസുകൾ ഇല്ലാതാക്കും തുടങ്ങി നിരവധി പ്രഖ്യാപനങ്ങളാണു റെയിൽ ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

വെല്ലുവിളികൾ നിറഞ്ഞ യാത്രയാണ് ഇന്ത്യൻ റെയിൽവെയുടേതെന്ന് റെയിൽമന്ത്രി സുരേഷ് പ്രഭു ബജറ്റ് അവതരണത്തിന് ആമുഖമായി പറഞ്ഞു. ജനപ്രിയ ബജറ്റായിരിക്കുമെന്നും മുഖവുരയിൽ മന്ത്രി പറഞ്ഞു. സാധാരണക്കാർക്കായുള്ള ബജറ്റാകും ഇത്. റെയിൽവെ പുനഃസംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേയ്ക്ക് വെല്ലുവിളികൾ നിറഞ്ഞ കാലമാണിത്. ശമ്പള കമ്മിഷൻ ശുപാർശ നടപ്പാക്കുന്നത് മൂലം 32.9 ശതമാനം ചെലവ് വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷിക്കുന്ന വരുമാനം 1,84,000കോടി രൂപയാണ്. ഇന്ത്യൻ റെയിൽവേയുടെ യാത്ര വെല്ലുവിളികളിലൂടെയാണ്. നിരക്ക് കൂട്ടാതെ വരുമാനം വർദ്ധിപ്പിക്കലാണ് ലക്ഷ്യം. പതിനൊന്നു ശതമാനം മാത്രമാണ് റെയിൽവേയുടെ വരുമാനം കൂടിയതെന്നു സുരേഷ്പ്രഭു പറഞ്ഞു. വരുമാന മാർഗ്ഗങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. യാത്രക്കാർക്ക് മികച്ച സൗകര്യം ഒരുക്കുമെന്നും സുരേഷ് പ്രഭു പറഞ്ഞു.

ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചു റെയിൽവേയുടെ വരുമാനം കൂട്ടുകയെന്ന പഴയ രീതിയിൽനിന്നു മാറി ചിന്തിക്കുകയാണെന്നു പറഞ്ഞാണു റെയിൽ മന്ത്രി സുരേഷ് പ്രഭു ബജറ്റ് പ്രഖ്യാപനങ്ങൾ തുടങ്ങിയത്. വരുന്ന സാമ്പത്തിക വർഷം 184820 കോടി രൂപയുടെ വരുമാനമാണു റെയിൽവേ പ്രതീക്ഷിക്കുന്നത്. റെയിൽവേയിൽ വരുന്ന അഞ്ചു വർഷംകൊണ്ട് 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താമെന്ന് എൽഐസി സമ്മതിച്ചിട്ടുണ്ടെന്ന് സുരേഷ് പ്രഭു അറിയിച്ചു. വരുന്ന സാമ്പത്തിക വർഷം 2500 കിലോമീറ്റർ ബ്രോഡ് ഗേജ് ലൈനുകൾ സ്ഥാപിക്കും. ഡൽഹി ചെന്നൈ, ഖരക്പുർ മുംബൈ, ഖരക്പുർ വിജയവാഡ എന്നീ ചരക്ക് ഇടനാഴികൾ തുറക്കും. നർഗോൾ, ഹസിറ തുറമുഖങ്ങളുമായി ഈ സാമ്പത്തിക വർഷം റെയിൽ കണക്ടിവിറ്റി ആരംഭിക്കും. പിപിപി മോഡലിലായിരിക്കും ഇതു നടപ്പാക്കുക. മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽപ്പെടുത്തി രണ്ടു ലോക്കോ ഫാക്ടറി തുറക്കുന്ന നടപടികൾ പുരോഗമിക്കുന്നുണ്ട്. 40,000 കോടി രൂപയാണ് ഇതിനു ചെലവു പ്രതീക്ഷിക്കുന്നത്.

റെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും ശുചിത്വം ഉറപ്പുവരുത്തുന്നതിനു വിപുലമായ പദ്ധതിയാണു വിഭാവനംചെയ്തിരിക്കുന്നത്. 475 റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലുമായി 17,000 ബയോ ടോയ്‌ലെറ്റുകൾ സ്ഥാപിക്കും. റെയിൽവേ വികസിപ്പിച്ചെടുത്ത ആദ്യ ബയോ വാക്വം ടോയ്‌ലെറ്റ് ദിബ്രുഗഡ് രാജധാനി എക്സ്‌പ്രസിൽ സ്ഥാപിക്കും. ട്രെയിനുകളുടെ സമയക്ലിപ്തത ഉറപ്പുവരുത്താൻ കൂടുതൽ നടപടികൾ ആലോചിക്കുന്നുണ്ട്. മൊബൈൽ ആപ് അധിഷ്ടിത ടിക്കറ്റിങ് സംവിധാനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി അൺ റിസർവ്ഡ് ടിക്കറ്റുകളും ആപ്പ് വഴി നൽകും. ക്യാഷ്‌ലെസ് പർച്ചേസിനായി ഗോഇന്ത്യ സ്മാർട്ട് കാർഡ് സ്‌കീം നടപ്പാക്കും.

മുതിർന്ന പൗരന്മാർക്ക് ലിഫ്റ്റ്, എസ്‌കലേറ്റർ സൗകര്യം ഏർപ്പെടുത്തുമെന്നും സുരേഷ് പ്രഭു ബജറ്റ് അവതരണത്തിൽ പറഞ്ഞു. 2017- 18ൽ ഇന്ത്യൻ റെയിൽവേ 9 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ റെയിൽ പാതകൾ സൃഷ്ടിക്കും. ചരക്കുനീക്കത്തിന് തുറമുഖങ്ങളെ ബന്ധിപ്പിച്ച് കൂടുതൽ പാതകളുണ്ടാക്കും. സംസ്ഥാന സർക്കാരുകളുമായി ചേ!ർന്ന് പുതിയ 44 പദ്ധതികൾ നടപ്പാക്കും . മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽപെടുത്തി രണ്ടു എഞ്ചിൻ ഫാക്ടറികൾ സ്ഥാപിക്കും. സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ 17,000 ബയോ ടോയ്!ലറ്റുകൾ സ്ഥാപിക്കുമെന്നും സുരേഷ് പ്രഭു പറഞ്ഞു.

100 റെയിൽവേ സ്റ്റേഷനുകളിൽ ഇതിനോടകം വൈഫൈ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് 400 സ്റ്റേഷനുകളിലേക്കുകൂടി വ്യാപിപ്പിക്കും. സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 182 എന്ന ഓൾ ഇന്ത്യ ഹെൽപ്പ് ലൈൻ ആരംഭിക്കും. 311 സ്റ്റേഷനുകളിൽക്കൂടി സിസിടിവി സുരക്ഷാവലയത്തിലാകും. ദീർഘദൂര യാത്രക്കാർക്കായി അന്ത്യോദയ എക്സ്‌പ്രസ് എന്ന പേരിൽ അൺ റിസർവ്ഡ് ട്രെയിനുകൾ തുടങ്ങും. ചില ദീർഘദൂര ട്രെയിനുകളിൽ കൂടുതൽ അൺ റിസർവ്ഡ് കോച്ചുകൾ ഏർപ്പെടുത്തും. ദീൻ ദയാൽ കോച്ചുകൾ എന്നാകും ഇവ അറിയപ്പെടുക. രാത്രികാല ഡബിൾ ഡെക്കർ ട്രെയിനുകൾ ഏർപ്പെടുത്തുമെന്നതും ബജറ്റിന്റെ ജനപ്രിയ പ്രഖ്യാപനമാണ്. കോച്ചുകളിൽ ജിപിഎസ് അധിഷ്ഠിത അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. ടിക്കറ്റുകളിൽ ബാർ കോഡ് നൽകും. 139 സേവനം വഴി ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ സൗകര്യം നൽകുമെന്നതും ബജറ്റിന്റെ പ്രധാന പ്രഖ്യാപനമാണ്.

ബജറ്റിലെ നിർദ്ദേശങ്ങൾ:

  • യാത്രാക്കൂലിയും ചരക്കുകൂലിയും കൂട്ടില്ല
  • താഴ്ന്ന പ്ലാറ്റ്‌ഫോമുകളുടെ ഉയരും കൂട്ടും
  • 139 എന്ന നമ്പർ വിളിച്ചാൽ ടിക്കറ്റുകൾ റദ്ദാക്കാം
  • തിരുവനന്തപുരം ഡൽഹി യാത്രാസമയം 6 മണിക്കൂർ കുറയും
  • ടിക്കറ്റ് എടുക്കാൻ ആപ്ലിക്കേഷൻ ആരംഭിക്കും
  • യാത്രക്കാർക്ക് ട്രാവൽ ഇൻഷുറൻസ് നടപ്പാക്കും
  • തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ട്രെയിൻ സർവീസ് ആരംഭിക്കും
  • 2500 കുടിവെള്ള വിതരണ മെഷീനുകൾ സ്ഥാപിക്കും
  • കൈ കുഞ്ഞുങ്ങൾക്കു വേണ്ടി ബേബി ഫുഡ്, പാൽ എന്നിവ പ്രധാന കേന്ദ്രങ്ങളിൽ ലഭ്യമാക്കും
  • തിരുവനന്തപുരത്ത് സബർബൻ ട്രെയിൻ ആരംഭിക്കും
  • ഉദയ് എക്സ്‌പ്രസുകൾ മുഴുവൻ എസി. രണ്ടു നിലയുള്ള ട്രെയിനിൽ 40 ശതമാനം അധിക വാഹകശേഷി
  • മുംബൈയിൽ പുതിയ മെട്രോയ്ക്കു നിർദ്ദേശം
  • പോർട്ടർമാരുടെ പേര് സഹായക് എന്നാക്കും
  • ചെങ്ങന്നൂർ തീർത്ഥാടക സൗഹൃദ സ്റ്റേഷനാക്കും
  • ടിക്കറ്റുകളിൽ ബാർകോഡ് നടപ്പാക്കും
  • സ്റ്റേഷനുകളുടെ ചുമരുകളിൽ മ്യൂറൽ പെയിന്റിംഗുകൾ സ്ഥാപിക്കും
  • മുഴുവൻ കോച്ചുകളും 3 ടയർ എസിയായി ഹംസഫർ എക്സ്‌പ്രസ്
  • ഡബിൾഡെക്കർ ട്രെയിനുകൾ ആരംഭിക്കും
  • ചെലവു ചുരുക്കലിലൂടെ 3000 കോടി ലാഭിക്കും
  • ട്രെയിനുകളുടെ ശരാശരി വേഗം മണിക്കൂറിൽ 130 കിമീ ആയി വർധിപ്പിക്കും
  • കക്കൂസുകൾ വൃത്തിയാക്കാൻ എസ്എംഎസ് സംവിധാനം
  • തൽകാൽ കൗണ്ടറുകളിൽ സിസിടിവി സ്ഥാപിക്കും
  • റിസർവേഷനില്ലാത്ത ദീർഘദൂര സർവീസുകൾ ആരംഭിക്കും
  • ഗുജറാത്തിലെ വദോദരയിൽ റെയിൽവേ സർവകലാശാല സ്ഥാപിക്കും
  • 1750 ഓട്ടോമേറ്റഡ് ടിക്കറ്റിങ് മെഷീനുകൾ സ്ഥാപിക്കും
  • 3 പുതിയ ചരക്ക് ഇടനാഴികൾ തുറക്കും
  • ആധുനീകരണം സ്വകാര്യ പങ്കാളിത്തത്തോടെ
  • 400 സ്റ്റേഷനുകൾ പിപിപി മാതൃകയിൽ ആധുനീകരിക്കും
  • നിർദ്ദേശങ്ങളും പരാതികളും അറിയിക്കാൻ ഫേസ്‌ബുക്ക് പേജ്
  • 17000 ബയോ ടോയ്‌ലെറ്റുകൾ കൂടി സ്റ്റേഷനുകളിൽ
  • ലേഡീസ് കോച്ച് ട്രെയിനിന്റെ മധ്യത്തിലാക്കും
  • റെയിൽവേയുടെ വിവരങ്ങൾ സോഷ്യൽമീഡിയയിലൂടെ ജനങ്ങളിലെത്തിക്കും
  • 100 സ്റ്റേഷനുകളിൽ കൂടി വൈഫൈ
  • 2020 ൽ ചരക്കുതീവണ്ടികൾക്ക് ടൈംടേബിൾ
  • സീനിയർ സിറ്റിസൺ ക്വാട്ട 50% കൂട്ടും
  • 92714 കോടി മുടക്കി പുതിയ 44 പദ്ധതികൾ ഈ വർഷം
  • 40000 കോടി ചെലവിട്ട് രണ്ടു ലോക്കോ ഫാക്ടറികൾ സ്ഥാപിക്കും
  • ചരക്കു ട്രെയിനുകൾക്കു ടൈം ടേബിൾ നടപ്പാക്കും
  • ഡൽഹി-ചെന്നൈ ചരക്ക് ഇടനാഴി യാഥാർഥ്യമാക്കും
  • മെയിൽ എക്സ്‌പ്രസ് ട്രെയിനുകളുടെ വേഗം 80 കിലോമീറ്ററായി കൂട്ടി
  • ഈ വർഷം പ്രതീക്ഷിക്കുന്നത് 10 ശതമാനം വരുമാന വർധന
  • 1600 കിലോമീറ്ററിൽ വൈദ്യുതീകരണം ഈ വർഷം
  • തുറമുഖങ്ങളിലേക്ക് പിപിപി പ്രകാരം പുതിയ പാത
  • 2800 കിലോമീറ്റർ പുതിയ പാതകൾ സ്ഥാപിക്കും
  • 2020 ഓടെ ആളില്ലാ ലെവൽ ക്രോസുകൾ ഇല്ലാതാക്കും
  • 2000 കിലോമീറ്ററുകളിൽ കൂടി വൈദ്യുതീകരണം