തുരന്തോ, രാജധാനി, ശതാബ്ദി എന്നീ പ്രീമിയം ട്രെയിനുകളിൽ ഏർപ്പെടുത്തിയ ഫ്ളെക്സി നിരക്ക് സെപ്റ്റംബർ ഒമ്പതിന് മുമ്പ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ബാധകമാവില്ല.സപ്തംബർ ഒമ്പതിനാണ് പുതിയ നിരക്ക് നിലവിൽ വന്നത്. സപ്തംബർ ഒമ്പതിനോ അതിനുശേഷമോയുള്ള യാത്രകൾക്ക് സപ്തംബർ ഒമ്പതിനുമുമ്പ് ബുക്കുചെയ്ത ടിക്കറ്റുകൾക്ക് അധികനിരക്ക് ഈടാക്കില്ലെന്ന് റെയിൽവേ ബോർഡ് വ്യക്തമാക്കി.

കേരളത്തിൽ രാജധാനി, തുരന്തോ തീവണ്ടികളിലാണ് ഫ്‌ളെക്‌സി നിരക്ക് വരിക. ശതാബ്ദി തീവണ്ടികൾ കേരളത്തിൽ ഓടുന്നില്ല. നിലവിൽ 120 ദിവസം മുമ്പുവരെ ടിക്കറ്റ് റിസർവ് ചെയ്യാം. അതുകൊണ്ടുതന്നെ സപ്തംബർ ഒമ്പതിനുമുമ്പ് ടിക്കറ്റ് ബുക്കുചെയ്തവർ ഇനിയും നാലുമാസത്തോളം യാത്രചെയ്യാനുണ്ടാവും.

തിരക്കുള്ള സീസണുകളിൽ ആകെ ടിക്കറ്റുകളുടെ 10 ശതമാനം മാത്രമാണ് സാധാരണ നിരക്കിൽ ലഭ്യമാവുക. ഇതുകഴിഞ്ഞുള്ള ഓരോ 10 ശതമാനത്തിനും നിരക്ക് വ്യത്യാസപ്പെടും. 10 മുതൽ 50 ശതമാനം വരെ നിരക്കിൽ വർധനയുണ്ടാകാം. ടിക്കറ്റില്ലാതെ കയറിയാൽ പിഴ ചുമത്തുന്ന തിനുള്ള അടിസ്ഥാനനിരക്കും ഫ്‌ലക്‌സി പ്രകാരം അവസാനം ബുക്കുചെയ്ത ടിക്കറ്റിന്റെ തായിരിക്കും.