കണ്ണൂർ: റെയിൽവേയിൽ ജോലി വാഗ്ദ്ധാനം ചെയ്തു പണം തട്ടിയ സംഭവത്തിൽ അറസ്റ്റിലായ ഇരിട്ടി സ്വദേശിനിയ ബിൻഷ ഐസക്കിൽനെതിരെ(28) രണ്ട് പരാതികളിൽ പൊലിസ് കേസെടുത്തു. ഇരിട്ടി, മുഴക്കുന്ന് സ്വദേശികളാണ് പരാതി നൽകിയത്. മുഴക്കുന്ന് കാക്കയങ്ങാട് സ്വദേശിനിയായ കെ.സന്ധ്യ (34), കോട്ടയം പൊയിൽ പൂള ബസാറിലെ കെ.വർഷ എന്നിവരുടെ പരാതിയിലാണ് കേസെടുത്തത്.

വർഷയിൽ നിന്നും 22,000 രൂപയും സന്ധ്യയിൽ നിന്നും 20,000 രൂപയും റെയിൽവേയിൽ ജോലി വാഗ്ദ്ധാനം ചെയ്തു ടിക്കറ്റ് എക്സാമിനറായി ചമഞ്ഞ ബിനിഷ തട്ടിയെടുത്തുവെന്നാണ് പരാതി. കണ്ണൂർ ടൗൺ പൊലിസാണ് യുവതിക്കെതിരെ കേസെടുത്തത്. അഞ്ച് പരാതികളിൽ നേരത്തെ ബീൻഷയ്ക്കെതിരെ ടൗൺ പൊലിസിന് ലഭിച്ചിരുന്നു.

ഇവർ അറസ്റ്റിലായതിനു ശേഷം നിരവധി പരാതികൾ ഫോൺ വഴി ലഭിച്ചതായി പൊലിസ് അറിയിച്ചു. റെയിൽവേയിൽ ജോലി വാഗ്ദ്ധാനം ചെയ്തു നിരവധി പേരിൽ ഇരുപതിനായിരം രൂപ മുതൽ ഒരുലക്ഷം രൂപ വരെ ഇവർ വാങ്ങിയിരുന്നു. അപേക്ഷ നൽകുന്നതിന് 15,000 രൂപയും പരീക്ഷാഫീസായി 10,000 രൂപയും യൂനിഫോമിനായി അയ്യായിരവും ജോലിയിൽ ചേർന്നാൽ ഭക്ഷണത്തിനും താമസസൗകര്യത്തിനുമായി 15,000 രൂപയും എന്നിങ്ങനെ ഇനം പറഞ്ഞാണ് പണംവാങ്ങിയിരുന്നത്.

ബീൻഷ റെയിൽവേയിൽ ടിക്കറ്റ് എക്സാമിനറാണെന്നും റെയിൽവേയിലെ ഫ്ളാറ്റിലാണ് ഇവർ താമസിക്കുന്നതെന്നുംഉദ്യോഗാർത്ഥികളെ അതിസമർത്ഥമായി വിശ്വസിപ്പിച്ചാണ് തൊഴിൽ തട്ടിപ്പ് നടത്തിയിരുന്നത്. ബാസ്‌കറ്റ് ബോൾ താരമായ ബിൻഷയ്ക്ക് നേരത്തെ റെയിൽവേയിൽ താൽക്കാലികാടിസ്ഥാനത്തിൽ ജോലി ലഭിച്ചിരുന്നു. എന്നാൽ കോവിഡ് കാലത്ത് അതുനഷ്ടപ്പെട്ടു.

റെയിൽവേയിൽ സ്ഥിരം ജോലിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സമ്പന്ന കുടുംബത്തിലെ യുവാവിനെ വിവാഹംകഴിച്ച ബീൻഷ ജോലി നഷ്ടപ്പെട്ട കാര്യം ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നും മറച്ചുവയ്ക്കുകയായിരുന്നു. ജോലിക്ക് പോകാനായി കണ്ണൂരിലെ വാടകവീട്ടിലാണ് ഭർത്താവും കുഞ്ഞുമൊന്നിച്ച് ഇവർ താമസിച്ചിരുന്നത്. ഈ കാലയളവിൽ ഭർത്താവാണ് കാറിൽ എന്നും രാവിലെ ബീൻഷയെ ജോലിക്ക് പോകുന്നതിനായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിടാറുള്ളത്.

ഭർത്താവിന്റെയും വീട്ടുകാരുടെയും മുൻപിൽ റെയിൽവേ ഉദ്യോഗസ്ഥയാണെന്ന് അഭിനയിച്ച് മറ്റൊരു സ്ത്രീയുമായി ചേർന്നാണ് ഇവർ തൊഴിൽതട്ടിപ്പ് നടത്തിയത്. നിലവിൽ ഏഴുപരാതികളാണ് ഇവർക്കെതിരെയുള്ളത്. ഇതിൽ തിലാന്നൂർസ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്തുകൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം ബീൻഷയെ അറസ്റ്റു ചെയ്തത്.