- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകിയിട്ടില്ല; സാങ്കേതിക സാമ്പത്തികവശങ്ങൾ പരിശോധിക്കണം; ഡിപിആർ അപൂർണം; പദ്ധതിക്ക് വേണ്ടി വരുന്ന റെയിൽവേ, സ്വകാര്യഭൂമി, റെയിൽവേ ലൈനിൽ വരുന്ന ക്രോസിങ്ങുകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ തേടിയെന്ന് റെയിൽവേ മന്ത്രി
ന്യൂഡൽഹി: സംസ്ഥാന സർക്കാറിന്റെ സ്വപ്‌ന പദ്ധതിയായ സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രം അംഗികാരം നൽകിയിട്ടില്ലെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. ഡിപിആർ അപൂർണമാണ്. സാങ്കേതിക സാമ്പത്തികവശങ്ങൾ പരിഗണിച്ചേ അംഗീകരിക്കുവെന്ന് അശ്വനി വൈഷ്ണവ് അടൂർപ്രകാശിന് രേഖാമൂലം മറുപടി നൽകി.
ഈ പദ്ധതിക്കായി കേരളം സമർപ്പിച്ച ഡിപിആർ അപൂർണമാണ്. പദ്ധതിയുടെ അലൈന്മെന്റിന് വേണ്ടിവരുന്ന റെയിൽവേ, സ്വകാര്യഭൂമി, റെയിൽവേ ലൈനിൽ വരുന്ന ക്രോസിങ്ങുകൾ, ബാധിക്കുന്ന റെയിൽവേ വസ്തുവകകൾ എന്നിവസംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കണമെന്നും മന്ത്രി കെ റെയിൽ കോർപ്പറേഷനോട് ആവശ്യപ്പെട്ടു.
ആയിരം കോടി രൂപയ്ക്ക് മുകളിലുള്ള പദ്ധതികൾക്ക് സാമ്പത്തികകാര്യ കാബിനറ്റ് സമിതിയുടെ അംഗികാരം ലഭിക്കേണ്ടതുണ്ട്.33700 കോടി രൂപ വായ്പാ പദ്ധതി എന്നതും പരിശോധിക്കണമെന്നും റെയിൽവെ മന്ത്രി പറഞ്ഞു.
പദ്ധതി വളരെ സങ്കീർണമാണ്. പദ്ധതിച്ചെലവ് 63,000 കോടി രൂപയെന്ന സംസ്ഥാന സർക്കാരിന്റെ കണക്ക് ശരിയല്ല. റെയിൽ മന്ത്രാലയത്തിന്റെ വിലയിരുത്തൽ പ്രകാരം ചെലവ് ഒരു ലക്ഷം കോടിക്കു മുകളിൽ പോകും.സിൽവർലൈന് ഒട്ടേറെ സാങ്കേതികപ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളുമുണ്ട്. കേരളത്തിന്റെ നന്മ മുൻനിർത്തിയുള്ള നല്ല തീരുമാനമുണ്ടാകുമെന്ന് അശ്വനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം കെ- റെയിൽ പദ്ധതി നടപ്പിലാകില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വീണ്ടും ആവർത്തിച്ചു. സംസ്ഥാന സർക്കാർ ഇതുവരെ പദ്ധതി പൂർണമായി സമർപ്പിച്ചിട്ടില്ല. ആകെ കൊടുത്തിരിക്കുന്നത് പഠനം നടത്താനുള്ള അനുമതി മാത്രമാണ്. അല്ലാതെ ഭൂമി ഏറ്റെടുക്കാനുള്ളതല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കെ- റെയിലിന്റെ ഭാഗമായി സർവേ കല്ലുകളിടുന്ന കരിക്കകം മേഖലയിലുള്ള വീടുകൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി അനുകൂലമായി സംസാരിച്ചുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ മുഖ്യമന്ത്രി ഡൽഹിയിൽ ചെന്ന് പ്രധാനമന്ത്രിയെ കണ്ട അതേ ദിവസമാണ് രാജ്യസഭയിൽ കെ- റെയിൽ സംബന്ധിച്ച വിഷയത്തിൽ റെയിൽവേ മന്ത്രി വിശദീകരണം നൽകിയത്. അതിനാൽ റെയിൽവേ മന്ത്രി പറഞ്ഞ കാര്യങ്ങളാണ് ശരിയായതെന്നും മുരളീധരൻ പറഞ്ഞു.
സാമാന്യ ബുദ്ധിയുള്ള ആൾക്ക് മനസിലാക്കാൻ പറ്റാത്ത കാര്യമാണ് സർക്കാർ പ്രചരിപ്പിക്കുന്നത്. പ്രധാനമന്ത്രി അനുമതി നൽകി എന്ന് പറയുമ്പോൾ രാജ്യസഭയിൽ അദ്ദേഹത്തിന്റെ മന്ത്രിസഭാംഗത്തിന് എങ്ങനെ അതിനെതിരെ സംസാരിക്കാനാകും. ഈ പദ്ധതി ധാരാളം പാരിസ്ഥിക പ്രശ്‌നങ്ങളുണ്ടാക്കുന്നതാണെന്നാണ് റെയിൽവേ മന്ത്രി രാജ്യസഭയിൽ പറഞ്ഞത്. പദ്ധതിക്ക് കേന്ദ്രം അനുമതി നിഷേധിക്കണമെന്നുണ്ടെങ്കിൽ സംസ്ഥാനം വിശദമായ പദ്ധതി സമർപ്പിക്കണം. അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി.
തുടർന്ന് മന്ത്രിയുടെ നേതൃത്വത്തിൽ ബിജെപി സംഘം കരിക്കകത്തെ വീടുകളിൽ സന്ദർശനം നടത്തി. വീടുകളിലെത്തി പദ്ധതി ബാധിക്കുന്ന കുടുംബംഗങ്ങളെ നേരിൽ കണ്ട് അവരുടെ ആശങ്കകൾ കേട്ടു. പദ്ധതി നടപ്പിലാക്കാൻ വരുന്ന ഉദ്യോഗസ്ഥരോടും നിങ്ങളുടെ എതിർപ്പ് അറിയിക്കണമെന്നും ജനങ്ങളുടെ സമ്മതമില്ലാതെ ഇത്തരം പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കില്ലെന്നും അവരോട് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ