കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേയിൽ വൻ തൊഴിൽ അവസരമൊരുങ്ങി. 13 ലക്ഷം പേർ ജോലി ചെയ്യുന്ന റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിൽ റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് ലെവൽ സി 1, ഗ്രൂപ്പ് ലെവൽ സി 2 വിഭാഗങ്ങളിലായി 89,409 പേരെയാണ് നിയമിക്കുന്നത്. ഈ വിഭാഗങ്ങളിൽ നിയമനം നടത്താതെ കരാർ ജോലിക്കാരെ വച്ചും വിരമിച്ചവർക്ക് പുനർനിയമനം നൽകിയുമാണ് മുന്നോട്ടു പോയിക്കൊണ്ടിരുന്നത്.

ഗ്രൂപ്പ് സി 1 ജോലികൾക്ക് എസ്.എസ്.എൽ.സിയും ഐ.ടി.ഐയുമാണ് അടിസ്ഥാനയോഗ്യത. ഗ്രൂപ്പ് സി 2ലെവലിൽ എസ്.എസ്.എൽ.സിയും ഐ.ടി.ഐയോ എൻജിനിയറിങ് ഡിപ്‌ളോമയോ എൻജിനിയറിങ് ബിരുദമോ ആണ് യോഗ്യത. പ്രായം 18നും 28നും മദ്ധ്യേ.
തിരഞ്ഞെടുപ്പിൽ അഴിമതി ഒഴിവാക്കാൻ ഇന്റർവ്യൂ ഒഴിവാക്കിയിട്ടുണ്ട്. കമ്പ്യൂട്ടർ അധിഷ്ഠിത അഭിരുചി പരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, സർട്ടിഫിക്കറ്റുകളുടെ പരിശോധന എന്നിവ നടത്തിയാണ് തിരഞ്ഞെടുക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ടത് ഓൺലൈനിൽ. വെബ്‌സൈറ്റുകളുടെ ലിങ്ക്: http://www.indianrailways.gov.in/railwayboard.

ഗ്രൂപ്പ് സി 1ഒഴിവുകൾ: ട്രാാ്രക്ക് മെയിന്റനർ, പോയിന്റ്മാൻ, ഹെൽപ്പർ, ഗേറ്റ്മാൻ. ശമ്പളം:18,000-56,900
ഗ്രൂപ്പ് സി 2ഒഴിവുകൾ: അസി. ലോക്കോ പൈലറ്റ്, ടെക്‌നീഷ്യൻ (ഫിറ്റർ, ക്രെയിൻ ഡ്രൈവർ, ബ്‌ളാക്ക് സ്മിത്ത്, കാർപ്പന്റർ). ശമ്പളം: 19,900-63,000
ശമ്പളത്തിന് പുറമേ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
തിരഞ്ഞെടുപ്പിലെ പ്രധാന തീയതികൾ
ഗ്രൂപ്പ് സി 2ലെവൽ

ഓൺലൈനിൽ അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്: ഫെബ്രു. 3 മുതൽ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 5
അഭിരുചി പരീക്ഷ: ഏപ്രിൽ, മെയ്‌ മാസങ്ങളിൽ
ഗ്രൂപ്പ് സി 1ലെവൽ
വിജ്ഞാപനം: ഫെബ്രുവരി 10
അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്: ഫെബ്രു. 10 മുതൽ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 12
അഭിരുചി പരീക്ഷ: 2018 ഏപ്രിൽ, മെയ്‌ മാസങ്ങളിൽ