ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽ ദാതാവായ ഇന്ത്യൻ റെയിൽവെ ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ഡ്രൈവിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്.ഇത് പ്രകാരം 90,000 തസ്തികകളിലേക്ക് അപേക്ഷിച്ചിരിക്കുന്നത് രണ്ടര കോടി ഉദ്യോഗാർത്ഥികളാണ്.ഇത്തരത്തിൽ നിയമനത്തിന്റെ പേരിലും അപേക്ഷയുടെ പേരിലും റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് റെക്കോർഡ് കുറിക്കാനൊരുങ്ങുകയാണ്. ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതലായതിനാൽ കടുത്ത മാത്സര്യമുള്ള പരീക്ഷാരീതികളായിരിക്കും അനുവർത്തിക്കുകയെന്നുറപ്പാണ്. മൊത്തം അപേക്ഷ വിളിച്ചിരിക്കുന്നതിൽ 26,500 ഒഴിവുകൾ ഓട്ടോമോട്ടീവ് ലോക്കോ പൈലറ്റിന്റേതാണ്. ഇതിലേക്ക് അപേക്ഷിച്ചിരിക്കുന്നവർ 4.755 മില്യൺ പേരാണ്.

ഗ്രൂപ്പ് ഡി ട്രാക്ക് മെയിന്റെയിനർ, ഗ്യാങ് മാൻ, പോയിന്റ്സ് മാൻ, സ്വിച്ച് മാൻ, ഹെൽപർ , പോർട്ടർ എന്നീ ഒഴിവുകളിലേക്ക് അപേക്ഷിച്ചിരിക്കുന്നത് 18.9 മില്യൺ പേരാണ്. എന്നാൽ ഈ ഗണത്തിലുള്ള ഒഴിവുകൾ വെറും 62,907 എണ്ണമേയുള്ളൂ. ഇതിന് മുമ്പ് ഇന്ത്യൻ റെയിൽവേ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തിയിരുന്നത് 2014ലായിരുന്നു. അന്ന് 18,252 തസ്തികകൾ പരസ്യം ചെയ്തതിലേക്ക് മൊത്തം 9.2 മില്യൺ പേരായിരുന്നു അപേക്ഷിച്ചിരുന്നത്. അന്ന് 350 നഗരങ്ങളിലായി 11,000 സെന്ററുകളിൽ 74 ഷിഫ്റ്റുകളിൽ 25 ദിവസമെടുത്തായിരുന്നു പരീക്ഷകൾ പൂർത്തിയാക്കിയിരുന്നതെന്നാണ് റിക്രൂട്ട്മെന്റ് ഡിപ്പാര്ട്ട്മെന്റിലെ ഒരു മുതിർന്ന ഒഫീഷ്യൽ വെളിപ്പെടുത്തിയിരിക്കുന്നത്.

പരീക്ഷയെന്നത് റിക്രൂട്ട്മെന്റ് പ്രക്രിയയിലെ ഒരു ഘട്ടം മാത്രമാണ് .തുടർന്നുള്ള മാസങ്ങളിൽ അതിനെ തുടർന്നുള്ള പ്രക്രിയകളുമായി റിക്രൂട്ട്മെന്റ് ബോർഡ് മുന്നോട്ട് പോവുകയും ചെയ്യും. മറ്റ് പൊതുമേഖലാ ജോലികൾക്കിടയിൽ റെയിൽവേ ജോലിക്ക് ഇന്ത്യയിലെ ഉദ്യോഗാർത്ഥികൾ വർധിച്ച മുൻഗണനയാണ് നൽകുന്നത്.മികച്ച ശമ്പളവും സൗജന്യയാത്ര പോലുള്ള മറ്റ് ആനുകൂല്യങ്ങളും തൊഴിൽ സുരക്ഷയുമാണ് ഇതിലെ പ്രധാന ആകർഷമങ്ങൾ. റെയിൽവേയിലെ ഭൂരിഭാഗം ജോലികൾക്കും അഥവാ കാർപന്റെർ, ടെക്നീഷ്യൻ തുടങ്ങിയവക്ക് പത്താംക്ലാസ് മാത്രം പാസായാൽ മതിയെന്നതും നിരവധിപേരെ ആകർഷിക്കുന്നുവെന്നാണ് എക്സാം ഫോർമുലയിലെ ചീഫ് മെന്ററായ ഭവ്യ മിത്തൽ അഭിപ്രായപ്പെടുന്നത്.

നിലവിൽ ഉദ്യോഗാർത്ഥികൾ യൂ ട്യൂബ് ചാനൽ പോലുള്ള സാങ്കേതിക സൗകര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്തിയാണ് റെയിൽവേ പോലുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതെന്നും റിപ്പോർട്ടുണ്ട്. അപേക്ഷകരുടെ എണ്ണമേറെയുണ്ടെങ്കിലും ശാസ്ത്രീയമായിപഠിച്ച് പരീക്ഷക്കിരിക്കുന്നവർ വളരെ കുറവാണെന്നാണ് വിദഗ്ദർ വെളിപ്പെടുത്തുന്നത്.വളരെ സത്യസന്ധമായാണ് റെയിൽവേ റിക്രൂട്ട്മെന്റ് നടത്തുന്നത്. അതിനായി തയ്യാറാക്കുന്ന ചോദ്യപേപ്പർ മത്സരപരീക്ഷകളുടെ ചോദ്യപേപ്പറുകൾക്ക് ഏതാണ്ട് സമാനമാകും. ഇംഗ്ലീഷ്, റീസണിങ്, മാത് സ്, സയൻസ്, കറന്റ് അഫയേർസ് എന്നീ മേഖലകളിൽ നിന്നുമുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാകുന്നത്.ഇംഗ്ലീഷിലാണ് ആദ്യം ചോദ്യം തയ്യാറാക്കുന്നത്. തുടർന്ന് ഇത് 15 ഇന്ത്യൻ ഭാഷകളിലേക്ക് തർജമ ചെയ്യും.

300കോടി രൂപ മുടക്കി നടത്തുന്ന പരീക്ഷ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നടത്തുന്നത്. ഉദ്യോഗാർത്ഥികളുടെ എണ്ണം കാരണം റിക്രൂട്ട്മെന്റ് പ്രക്രിയ പുറത്തുള്ള റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളിലേക്ക് ഔട്ട് സോഴ്സ് ചെയ്യാറുണ്ട്. ഇതിനായി തെരഞ്ഞെടുക്കുന്നത് വ്യക്തമായ മാനദണ്ഡങ്ങൾ കർക്കശമായി പാലിച്ചാണ്. ഇത്തരം സ്ഥാനപങ്ങൾക്ക് 15 കോടി രൂപ ടേൺ ഓവറുണ്ടാവണം. ചുരുങ്ങിയത് 5 ലക്ഷം ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തിപരീക്ഷ നടത്തുന്നതിനുള്ള കെൽപുണ്ടാകണം ഇത്തരം റിക്രൂട്ട്മെന്റ് സ്ഥാപങ്ങൾക്കെന്ന നിബന്ധനയുമുണ്ട്.