പാലക്കാട്: റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറികൾ ഇനി അര ദിവസത്തേക്കും വാടകയ്ക്ക് നൽകും. നിലവിൽ 24 മണിക്കൂർ നേരമാണ് വിശ്രമ മുറികൾ അനുവദിച്ചിരുന്നത്.

12 മണിക്കൂർ നേരത്തേക്ക് ബുക്ക് ചെയ്യുന്ന ആൾ അതിനനുസരിച്ചുള്ള താരിഫ് നിരക്ക് മാത്രമേ നൽകേണ്ടതുള്ളൂ. പാലക്കാട് ഡിവിഷനിൽ മംഗളൂരു, കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട്, ഷൊർണൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് വിശ്രമമുറികൾ ഉള്ളത്. തിരുവനന്തപുരം ഡിവിഷനിൽ പ്രധാന സ്റ്റേഷനുകളിലും വിശ്രമമുറിയുണ്ട്. ഓരോ സ്റ്റേഷനിലും മുറിനിരക്കിൽ വ്യത്യാസമുണ്ട്.

നിലവിൽ 12 മണിക്കൂർ കഴിഞ്ഞ് മുറി ഒഴിവാകുന്ന ആൾ 24 മണിക്കൂറിന്റെ നിരക്കും നൽകണമായിരുന്നു. മുറി ഒഴിവാകുന്ന സമയം(ചെക്ക് ഔട്ട്) രാവിലെ ആറ്് മണിയിൽനിന്ന് പത്ത് മണിയാക്കുകയും ചെയ്തു. മണിക്കൂറുകളുടെ ആവശ്യത്തിന് മുറി നൽകുന്ന സംവിധാനവും പ്രധാന സ്റ്റേഷനുകളിൽ റെയിൽവേ ആവിഷ്‌കരിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്നതിന് മൂന്ന് മണിക്കൂറാണ് ചുരുങ്ങിയ സമയം. എന്നാൽ രാത്രി ഒൻപത് മണി മുതൽ രാവിലെ ഒൻപത് മണിവരെ ഈ സൗകര്യം അനുവദിക്കില്ല. വിശ്രമത്തിനും മറ്റും ചെറിയ സമയം മാത്രം ആവശ്യമുള്ള യാത്രക്കാർക്ക് ഇത് ഗുണമാണ്.

മംഗളൂരു സ്റ്റേഷനിൽ എ.സി. ഡബിൾ റൂമിന് 24 മണിക്കൂറിന് ഇനി 800 രൂപയാണ് നിരക്ക്. 12 മണിക്കൂറിന് 500 രൂപയാണ് നൽകേണ്ടത്. നിലവിൽ 700 രൂപയാണ്. നോൺ എ.സി. ഡബിൾ മുറിക്ക് യഥാക്രമം 600 രൂപയും 400 രൂപയുമാണ്. 500 രൂപയാണ് നിലവിൽ ഉണ്ടായിരുന്നത്. എ.സി. ഡോർമെറ്ററിക്ക് 300 രൂപയും 200 രൂപയുമാണ് നൽകേണ്ടത്. നേരത്തെ 250 രൂപയായിരുന്നു. കണ്ണൂരിൽ എ.സി. ഡബിൾ റൂമിന് ആയിരം രൂപ, 600 രൂപ എന്നിങ്ങനെയാണ് നൽകേണ്ടത്. നിലവിൽ 700 രൂപയാണ് ഈടാക്കിയിരുന്നത്.

കോഴിക്കോട് സ്റ്റേഷനിൽ ഈടാക്കുന്ന നിരക്ക് വ്യത്യാസമുണ്ട്. ജൂലായ് ഒന്നുമുതൽ ജി.എസ്.ടി. നിലവിൽ വരുമ്പോൾ ആയിരം രൂപയ്ക്ക് താഴെ നിരക്കുള്ള വിശ്രമമുറിക്ക് സേവനനികുതിയില്ല.