ന്യൂഡൽഹി: കെ റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകുമ്പോഴും കേന്ദ്രസർക്കാർ പദ്ധതിക്ക് യാതൊരു വിധത്തിലും അനുമതി കാട്ടിയിട്ടില്ല. കേന്ദ്ര അനുമതിയുണ്ടെന്ന വാദം തെറ്റാണെന്ന് നേരത്തെ വ്യക്തമായിരുന്നു. ഇപ്പോൾ റെയിൽവേയുടെ സങ്കേതിക അനുമതിയുടെ കാര്യത്തിലും സംശയങ്ങൾ ഉടലെടുത്തിരിക്കയാണ്. സിൽവർലൈൻ പദ്ധതി കേരളത്തിലെ ഭാവി റെയിൽ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നു റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. ഭൂമി വിട്ടു നൽകുന്നതിനുള്ള തടസമായി ഇത് മാറുമെന്ന വിലയിരുത്തലുകളാണ് ഇപ്പോഴുള്ളത്.

രാജ്യസഭയിൽ പി.വി.അബ്ദുൽവഹാബിന് എഴുതിനൽകിയ മറുപടിയിലാണു മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്. സിൽവർലൈൻ വേഗ റെയിൽ പദ്ധതി 200 കിലോമീറ്ററോളം കടന്നുപോകുന്നത് റെയിൽവേ ഭൂമിയിലൂടെയാണ്. 10 15 മീറ്റർ വീതം റെയിൽവേ ഭൂമി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതു 185 ഹെക്ടറോളം വരും. ഇതോടെ ഈ ഭാഗങ്ങളിൽ ഭാവിയിൽ മൂന്നാം ലൈനോ നാലാം ലൈനോ നിർമ്മിക്കാനാവില്ല.

2019 ഡിസംബർ 12നു പദ്ധതിക്കു തത്വത്തിൽ അംഗീകാരം കൊടുത്തിരുന്നുവെന്നു മന്ത്രി അറിയിച്ചു. ഇതു നിക്ഷേപ പൂർവ നടപടികൾക്കായാണ്. വിശദ പദ്ധതിരേഖ (ഡിപിആർ) ഉൾപ്പെടെ തയാറാക്കാണ്. അതിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തിയ ശേഷമാണു പദ്ധതി സംബന്ധിച്ചു തീരുമാനമെടുക്കുന്നത്.

റെയിൽവേ കൂടി പങ്കാളിയായ കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ (കെ റെയിൽ) നൽകിയ ഡിപിആറിൽ പദ്ധതിച്ചെലവായി കാണിച്ചിരിക്കുന്ന് 63,941 കോടി രൂപയാണ്. ഇത്രയും ചെലവുള്ള പദ്ധതിയുടെ പ്രായോഗികത തർക്കവിഷയമാണ്. റെയിൽവേയും കെ റെയിലിൽ പങ്കാളിയായതിനാൽ വായ്പയായി കണക്കാക്കുന്ന 33,700 കോടി രൂപയുടെ ഉത്തരവാദിത്തം അന്തിമമായി റെയിൽവേയിലെത്താനിടയുണ്ട്. യാത്രാ വരുമാനം കൊണ്ടുമാത്രം കടം വീട്ടാനാവില്ല. ഡിപിആറിലെ സാങ്കേതിക വിഷയങ്ങൾ പഠിച്ചശേഷം സാമ്പത്തിക വശം കൂടി വിലയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രസർക്കാർ പ്രത്യേകമായി പ്രായോഗികത വിലയിരുത്താനോ സാമൂഹികാഘാതപഠനവും പരിസ്ഥിതി ആഘാതപഠനവും നടത്താനോ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞു.

മേൽപാതയിലൂടെ മണിക്കൂറിൽ 200 കിലോമീറ്ററിലേറെ സഞ്ചരിക്കുന്ന അതിവേഗ ട്രെയിൻ സർവീസുകൾക്ക് റെയിൽവേ മുൻഗണന നൽകുമെന്നു കഴിഞ്ഞ ദിവസം മന്ത്രി സൂചിപ്പിച്ചിരുന്നു. വിദേശരാജ്യങ്ങളിൽ മേൽപാതയിലൂടെയുള്ള അതിവേഗ പാതകളാണുള്ളത്. ചരക്കുട്രെയിനുകൾ ഭൂഗർഭ പാതകളിലൂടെ ഓടുന്നു. നിലവിലെ സൗകര്യങ്ങൾ വികസിപ്പിച്ചാൽ ഇന്ത്യയിലും മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകളോടിക്കാമെന്നു മന്ത്രി പറഞ്ഞു.

സിൽവർലൈൻ പദ്ധതിയുടെ സാങ്കേതിക പ്രായോഗികത സംബന്ധിച്ച് റെയിൽവേ മന്ത്രാലയം നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള സംശയ നിവാരണം നടത്തണം എന്ന ആവശ്യം മന്ത്രാലയം കെ-റെയിൽ അധികൃതരുടെ മുമ്പാകെ വെച്ചിരുന്നു. അതിനുശേഷമിപ്പോൾ സാമ്പത്തിക പ്രായോഗികത സംബന്ധിച്ചും ചില പ്രധാനപ്പെട്ട സംശങ്ങൾ മന്ത്രാലയം ഉന്നയിച്ചിരിക്കുകയാണ്.

മൊത്തത്തിൽ പദ്ധതിക്ക് അനുകൂലമായ ഒരു പരാമർശവും ഈ മറുപടിയിൽ റെയിൽവേ മന്ത്രാലയം നടത്തുന്നില്ല. തത്വത്തിലുള്ള അനുമതി പദ്ധതിയുടെ വിശദമായ സമഗ്ര റിപ്പോർട്ട് തയ്യാറാക്കുന്നതി വേണ്ടി മാത്രമാണ്. പദ്ധതിയുടെ സാമ്പത്തികവും സാങ്കേതികവുമായ പ്രായോഗികത പരിശോധിച്ചുകൊണ്ട് വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ മാത്രമാണിതെന്നും മന്ത്രാലയം വിശദീകരിക്കുന്നു.