കൊച്ചി: അരൂർ പാലത്തിൽ നിന്നു കായലിലേക്കു വീണ റെയിൽവെ ജീവനക്കാരന്റെ മൃതദേഹം കണ്ടെടുത്തു. വാരനാട് സ്വദേശി വിവേക് ഹരിദാസി(26)ന്റെ മൃതദേഹമാണു കണ്ടെടുത്തത്.

അരൂക്കുറ്റി കായലിൽനിന്നാണ് മൃതദേഹം കിട്ടിയത്. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് വിവേക് പാലത്തിൽ നിന്നു വീണത്.

മൺസൂൺ പട്രോളിങ്ങിന്റെ ഭാഗമായി വിവേകും മറ്റൊരു ഗ്യാങ്മാനായ അജേഷും പാലത്തിൽ പരിശോധന നടത്തുന്നതിനിടയിലാണ് കൊല്ലം- എറണാകുളം മെമു ട്രെയിൻ വന്നത്. അജേഷ് പാലത്തിന്റെ വശത്തുള്ള കൂട്ടിൽ കയറിനിന്നു. എന്നാൽ പരിഭ്രമത്തിനിടയിൽ വിവേകിന് അടുത്തുള്ള കൂട്ടിലേക്ക് നടന്നെത്താനായില്ല.

ട്രെയിൻ അടുത്തെത്തിയപ്പോൾ പാലത്തിന്റെ അരികിലേക്കു മാറിനിൽക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി കായലിലേക്കു വീഴുകയായിരുന്നു വിവേക്. ട്രെയിൻ പാലത്തിൽ കയറിയപ്പോൾ ഹോൺ മുഴക്കിയില്ലെന്നും ട്രെയിൻ വരുന്നുണ്ടെന്ന് അടുത്തെത്തിയപ്പോൾ മാത്രമാണ് അറിഞ്ഞതെന്നും അജേഷ് പറഞ്ഞു.

വിവേക് വീണ വിവരം അപ്പോൾത്തന്നെ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ തിരച്ചിൽ ആരംഭിക്കാൻ വൈകിയെന്നും ആക്ഷേപം ഉയർന്നിരുന്നു.