ന്യൂഡൽഹി: ട്രെയിനുകളിലെ ദീർഘദൂരയാത്രക്കാരെ വിഷമിപ്പിക്കുന്ന ഒന്നാണ് ലോവർ, മിഡിൽ ബർത്തുകളിലെ യാത്രികരുടെ അമിത ഉറക്കം. രാവിലെ ഇതിന്റെ പേരിൽ പലപ്പോഴും തർക്കങ്ങളും പതിവാണ്. ഈ പ്രശ്‌നം ഒഴിവാക്കാനാണ് റെയിൽവെ ഉറക്കസമയം കുറച്ച് ഉത്തരവിറക്കിയത്.രാത്രി 10 മുതൽ രാവിലെ ആറ് മണി വരെയാവും റിസർവ്വ് ചെയ്ത ബർത്തിൽ ഇനി കിടന്നുറങ്ങാനാവുക. ബാക്കി സമയം മറ്റ് യാത്രക്കാർക്കുകൂടി ഇരിക്കാൻ സൗകര്യം നൽകണമെന്ന് റെയിൽവേ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ സർക്കുലർ വ്യക്തമാക്കുന്നു.

സൈഡ് അപ്പർ ബർത്ത് ബുക്ക് ചെയ്തവർക്ക് രാത്രി പത്ത് മുതൽ രാവിലെ ആറുവരെ ലോവർ ബർത്തിൽ ഇരിക്കാനുള്ള അവകാശം ഉന്നയിക്കാനാൻ സാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.

നേരത്തെ രാത്രി യാത്രക്കാർക്ക് ഉറങ്ങാൻ അനുവദനീയമായ സമയം രാത്രി ഒമ്പത് മുതൽ രാവിലെ ആറ് വരെയായിരുന്നു. എന്നാൽ പുതിയ നിർദ്ദേശം ഗർഭിണികൾ, അസുഖ ബാധിതർ, അംഗവൈകല്യമുള്ളവർ എന്നിവർക്ക് ബാധകമല്ല.ട്രെയിനിൽ കയറിയാലുടൻ പകലെന്നോ, രാത്രിയെന്നോ ഭേദമില്ലാതെ ഉറങ്ങുന്ന ചില യാത്രികരുണ്ട്. ഇത് മിഡിൽ അപ്പർ ബർത്ത് യാത്രികരെ ബുദ്ധിമുട്ടിക്കുന്നു.മിഡിൽ ബർത്തിലുള്ള യാത്രക്കാർ ഉറക്കം ഉണരാത്തതുകാരണം ഇരിക്കാൻ ബുദ്ധിമുട്ടുന്ന ലോവർ ബർത്ത് യാത്രികരുമുണ്ട്. ഈ പ്രശനങ്ങൾക്കെല്ലാം പരിഹാരമായാണ് റെയിൽവെയുടെ പുതിയ സർക്കുലറിലെ നിർദ്ദേശം.