തിരുവനന്തപുരം: വീണ്ടും കേരളം മഴ ഭീഷണിയിൽയ ഇടുക്കിയിലും വയനാട്ടിലും ഇന്നു കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരത്തും ഇന്നലെ രാത്രി മുതൽ കനത്ത മഴയാണ്. തെക്കൻ ജില്ലകളുടെ മലയോരമേഖലയെല്ലാം ഭീതിയിലാണ്. തുലമഴയിൽ മലബാറും ആശങ്കയിലാണ്. ഇടുക്കിയിലും പത്തനംതിട്ടയിലും വയനാട്ടിലും തുലാ മഴ കനത്ത നാശം വിതയ്ക്കുമെന്നാണ് ആശങ്ക. ഡാമുകളെല്ലാം നിറഞ്ഞു കവിയാനും സാധ്യതയുണ്ട്. ഇടുക്കിയിലും വയനാടും യെലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നിവിടങ്ങളിൽ കാലാവസ്ഥാവകുപ്പ് നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലുബാൻ ചുഴലിക്കാറ്റിന്റെ ഭാഗമായി കടൽക്ഷോഭം തുടരുന്നതും വെല്ലുവിളി കൂട്ടുന്നു. ഇതിനാൽ മൽസ്യത്തൊഴിലാളികൾ പടിഞ്ഞാറൻ അറബിക്കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

പ്രളയകാലത്ത് മണ്ണിടിച്ചിലും വിള്ളലുകളുമുണ്ടായ സ്ഥലങ്ങളിൽ തുലാവർഷക്കാലത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടാകുമെന്നതിനാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന് ഭൗമശാസ്ത്രജ്ഞരുടെ മുന്നറിയിപ്പും സ്ഥിതി ഗതികളെ കൂടുതൽ ഗുരുതരമുള്ളതാക്കുന്നു. അപകടമേഖലകളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്നാവശ്യപ്പെട്ട് ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ സംസ്ഥാന സർക്കാരിനു റിപ്പോർട്ട് നൽകി. ചുമരിലും തറയിലും വിള്ളലുകൾ വീണ വീടുകളിൽ അറ്റകുറ്റപ്പണി നടത്താതെ താമസിക്കുന്നതു സുരക്ഷിതമല്ലെന്നും ഉരുൾപൊട്ടൽ മേഖലയിൽ പഠനം നടത്തിയ ദേശീയഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ വിദഗ്ദ്ധർ മുന്നറിയിപ്പു നൽകി. പ്രളയകാലത്ത് സംസ്ഥാനത്താകെ 997 സ്ഥലങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായെന്നാണ് കണക്ക്. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് കൂടുതൽ അപകടങ്ങളുണ്ടായത്.

പ്രളയമെത്തിയെടുത്തെല്ലാം ഭൂമി വിണ്ടുകീറിയിട്ടുണ്ട്. കനത്ത മഴ മൂലം ഉരുൾപൊട്ടലിനുള്ള അനുകൂലസാഹചര്യമുണ്ടാവുകയും എന്നാൽ മഴ നിലച്ച് തടസ്സപ്പെടുകയും ചെയ്തതോടെയാണ് വിള്ളലുകളുണ്ടായതെന്നാണ് ഭൗമശാസ്ത്രകേന്ദ്രത്തിലെ വിദഗ്ദ്ധർ നടത്തിയ പഠനത്തിലെ നിഗമനം. തുലാവർഷം ശക്തമാവുകയും വിള്ളലുകളിൽ മഴവെള്ളം ഇറങ്ങുകയും ചെയ്താൽ മണ്ണിടിച്ചിലിനുള്ള സാധ്യത വർധിക്കും. നേരത്തെ ഉരുൾപൊട്ടലുണ്ടായ 47% സ്ഥലങ്ങളിലും ഉരുൾപൊട്ടൽ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വിള്ളലുകളുണ്ടായ മേഖലയിൽ നിന്ന് ആളുകളെ നിർബന്ധമായി മാറ്റണമെന്ന് റവന്യു വകുപ്പിനോട് വിദഗ്ദ്ധർ ആവശ്യപ്പെട്ടിട്ടുണ്ട്.

വീടിനു സമീപം പുറമെ കാണാത്ത വിധത്തിൽ വെള്ളമൊഴുകുന്നതു പോലെ ശബ്ദം കേൾക്കുന്നത് ആശങ്കയ്ക്കിടയാക്കി. ജിയോളജി സർവേ ഓഫ് ഇന്ത്യയിൽ നിന്നു ജിയളോജിസ്റ്റുകളെത്തി പരിശോധിച്ചു. വീട്ടുകാരോടു മാറി താമസിക്കാൻ തഹസിൽദാർ നിർദ്ദേശിച്ചു. പത്തനംതിട്ട കുമ്പളത്താമൺ കവലയ്ക്കു സമീപം ശ്രീശൈലം ബി.ആർ. പ്രസാദിന്റെ വീട്ടിലാണ് സംഭവം. വീടിന്റെ പിന്നിൽ നിന്ന് 10 അടിയോളം അകലെയാണ് ജാറിൽ നിന്നു വെള്ളമൊഴിക്കുന്നതു പോലെ ശബ്ദം കേൾക്കുന്നത്. ഉറവയിൽ നിന്നു വെള്ളമൊഴുകുന്നതു പോലുള്ള ശബ്ദമാണു കേൾക്കുന്നത്. സ്ഥലത്തെ വിഡിയോയും ചിത്രങ്ങളും പകർത്തി. ശബ്ദം റിക്കോർഡ് ചെയ്തു. ഇത് ഭൗമശാസ്ത്രജ്ഞർ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും.

അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ കോന്നി ഉൾപ്പെടെയുള്ള പത്തനംതിട്ട-കൊല്ലം ജില്ലകളുടെ കിഴക്കൻ മലയോര മേഖല വീണ്ടും ഉരുൾപൊട്ടൽ ഭീഷണിയിലാണ്. ഈ പ്രദേശങ്ങളിൽ അതീവജാഗ്രതാ നിർദ്ദേശവും രാത്രികാല യാത്രയ്ക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. കോന്നി, അച്ചൻകോവിൽ വനമേഖലയോടു ചേർന്നുള്ള പ്രദേശങ്ങളിലും തീരദേശങ്ങളിലുമാണ് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. മുൻ വർഷങ്ങളിൽ ഈ മേഖലകളിൽ ഉരുൾപൊട്ടി നാശനഷ്ടം സംഭവിച്ചുരുന്നു.

അച്ചൻകോവിലാറ്റിൽ രണ്ടു ദിവസമായി അപ്രതീക്ഷിതമായി കലക്കവെള്ളത്തിന്റെ അളവ് വർദ്ധിച്ചതിനാൽ ഉൾവനത്തിൽ ഉരുൾപൊട്ടിയെന്ന അഭ്യൂഹവും ഉയർന്നിട്ടുണ്ട്. മഴയും പ്രകൃതിക്ഷോഭങ്ങളും മുന്നിൽ കണ്ട് താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസുകളിലും കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

കടലും പ്രക്ഷുബ്ദമാകും

അടുത്ത 24 മണിക്കൂറിനുള്ളിൽ കടൽ പ്രക്ഷുബ്ദമാകുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ തിരമാലകൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. സംസ്ഥാനത്തെ തീരദേശ ജില്ലകൾക്കാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. വേലിയേറ്റ സാധ്യതയുള്ള പുലർച്ചെ രണ്ട് മുതൽ നാല് വരെയും ഉച്ചക്ക് ഒരു മണി മുതൽ മൂന്ന് മണി വരെയുമുള്ള സമയങ്ങളിൽ കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. അതിനാൽ തിങ്കളാഴ്‌ച്ച ഒരുമണി മുതൽ ചൊവ്വാഴ്‌ച്ച ഒരുമണി വരെ മത്സ്യത്തൊഴിലാളികൾ ആരും കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്.

ഇതിനകം കടലിൽ പോയിട്ടുള്ള ആളുകൾക്ക് വയർലെസ് സംവിധാനം ഉൾപ്പടെ ഉപയോഗിച്ച് ജാഗ്രതാ നിർദ്ദേശം നൽകുന്നുണ്ട്. കേരളത്തിന്റെ തീരദേശ മേഖലയിൽ ശക്തമായ കടൽക്ഷോഭം ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.