തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ തെക്ക് കിഴക്കൻ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമാകും എന്ന മുന്നറിയിപ്പിന് പിന്നാലെ ഏഴ് ജില്ലകളിൽ അതുിതീവ്രമഴയ്ക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാലു ജില്ലകളിൽ ഡിസംബർ മൂന്ന് വ്യാഴാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡിസംബർ രണ്ടിന് ഈ നാലു ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി എന്നീ മൂന്ന് ജില്ലകളിൽ വ്യാഴാഴ്‌ച്ച ഓറഞ്ച് അലർട്ടാണെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇപ്പോൾ ന്യൂനമർദം ശ്രീലങ്കൻ തീരത്ത് നിന്ന് ഏകദേശം 750 കി.മീ ദൂരത്തിലും കന്യാകുമാരിയിൽനിന്ന് ഏകദേശം 1150 കി.മീ ദൂരത്തിലുമാണ്. ന്യൂനമർദം ചുഴലിക്കാറ്റായി മാറുമെന്നും തമിഴ്‌നാട്, കേരള തീരം വഴി അറബിക്കടലിലെത്തി ഒമാൻ തീരത്തേക്കു നീങ്ങുമെന്നുമാണു പ്രവചനം. കൃത്യമായ ദിശ 24 മണിക്കൂറിനുള്ളിൽ ലഭ്യമാകും. ഇതോടെ, ബുർവി ചുഴലിക്കാറ്റ് കേരളത്തെ എത്രമാത്രം ബാധിക്കുമെന്ന് വ്യക്തമാകും.ന്യൂനമർദം ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് ഉറപ്പിക്കുകയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം കൂടുതൽ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദമായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.

സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്തുനിന്നു കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. നവംബർ 30 അർധരാത്രി മുതൽ നിലവിൽ വന്ന വിലക്ക് എല്ലാതരം മൽസ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും. നിലവിൽ മൽസ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ ഇന്ന് അർധരാത്രിയോട് കൂടി തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ് മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അനുമതി നൽകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ അനുവദിക്കുന്നതല്ല.

അന്തരീക്ഷ മർദത്തിന്റെ ഫലമായി ദിശമാറിയാൽ അതു കേരളത്തിനു ഭീഷണിയാകുമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്്. ഇപ്പോൾ ഭീഷണിയില്ലാത്ത പാത ആണെങ്കിലും മറിച്ചായാൽ സാധ്യതയുള്ള രണ്ടു പാതകളും കേരളത്തിന്റെ തെക്കന്മേഖലയെ ബാധിക്കും. ബംഗാൾ ഉൾക്കടലിൽ നിന്ന് അറബിക്കടലിലേക്ക് ചുഴലിക്കാറ്റ് കടക്കാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ വന്നാൽ അതു തെക്കൻകേരളത്തിലൂടെയാകും. അതിലും വലിയ ഭീഷണിയായി മാറും കേരളത്തിലെ തീരപ്രദേശത്തു കൂടി കാറ്റിന്റെ ഗതി മാറിയാൽ. അത്തരത്തിലുണ്ടായാൽ അത് മറ്റൊരു ഓഖിക്ക് സമാനമാകുമെന്നാണ് റിപ്പോർട്ട്.

അതേസമയം ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായി റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ന്യൂനമർദ്ദം ഇപ്പോൾ ശ്രിലങ്കൻ തീരത്തേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കന്യാകുമാരിക്ക് ആയിരം കിലോമീറ്റർ അകലെയാണ് നിലവിൽ സ്ഥാനം. ഇത് തമിഴ്‌നാട് തീരത്തേക്ക് എത്തുമെന്നതാണ് കേരളത്തിന് ആശങ്കയാകുന്നത്.

തീരമേഖലയിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നാളെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണം. നാവികസേനയുടേയും വ്യോമസേനയുടേയും സഹായം സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ തെക്കൻ ജില്ലകളിലെ ഡാമുകളിലും റിസർവ്വോയറുകളിലും ജാഗ്രത വേണമെന്ന് കേന്ദ്ര ജല കമ്മിഷൻ അറിയിച്ചു.

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിരുവനന്തപുരത്തെ നെയ്യാർ റിസർവോയർ, കൊല്ലം കല്ലട റിസർവ്വോയർ എന്നിവിടങ്ങളിലും പത്തനംതിട്ട കക്കി ഡാം എന്നിവിടങ്ങളിൽ ജാഗ്രത വേണമെന്നും ജലനിരപ്പ് ക്രമീകരിച്ചില്ലെങ്കിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നതിന് ഇടയാക്കുമെന്ന് കേന്ദ്ര ജലകമ്മിഷൻ മുന്നറിയിപ്പ് നൽകുന്നു.

ഡാമുകളുടെ സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.തീർത്ഥാടന കാലം കണക്കിലെടുത്ത് പമ്പ, മണിമല, അച്ചൻകോവിൽ എന്നിവിടങ്ങളിലും ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.