തിരുവനന്തപുരം: തെക്കൻ കേരളം -തെക്കൻ തമിഴ്‌നാട് തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ നിന്നും അറബിക്കടലിലേക്ക് നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റ് കേരളത്തിൽ പ്രവേശിക്കാനും സാധ്യത.പത്ത് മണിയോടെ സ്വകാര്യ കാലാവസ്ഥാ ഏജൻസികൾ പുറത്തു വിട്ട പുതിയ വിവരങ്ങൾ പ്രകാരം ചുഴലിക്കാറ്റിന്റെസഞ്ചാര പഥത്തിൽ കേരളവും ഉൾപ്പെടുന്നുണ്ട്.തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വഴി ചുഴലിക്കാറ്റ് കടന്ന് പോയേക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രംഒടുവിൽ പുറത്തു വിട്ട വിവരം. അതേസമയം നൂറ് കിലോമീറ്ററിന് താഴെയാണ് ചുഴലിക്കാറ്റിന് വേഗത എന്നതിനാൽ അമിതആശങ്ക വേണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിച്ചാൽ മതിയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'ബുറേവി'ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 15 കിമീ വേഗതയിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒടുവിൽ വിവരം ലഭിക്കുമ്പോൾ കാറ്റ്. ഇത് ശ്രീലങ്കൻ തീരത്ത് നിന്ന് ഏകദേശം 470 കിമീ ദൂരത്തിലും കന്യാകുമാരിയിൽ നിന്ന് ഏകദേശം 700 കിമീ ദൂരത്തിലുമാണ്. അടുത്ത 12 മണിക്കൂറിൽ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിച്ച് ഡിസംബർ 2 ന് വൈകീട്ടോടെ ശ്രീലങ്കൻ തീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

ശ്രീലങ്കൻ തീരത്തെത്തുമ്പോൾ ചുഴലിക്കാറ്റിന് അകത്തെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 80 മുതൽ 90 കിമീ വരെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചുഴലിക്കാറ്റ് ഡിസംബർ 3 നോട് കൂടി ഗൾഫ് ഓഫ് മാന്നാർ എത്തുകയും ഡിസംബർ 4 ന് പുലർച്ചെയോടെ കന്യാകുമാരിയുടെയും പാമ്പന്റെയും ഇടയിലൂടെ തെക്കൻ തമിഴ്‌നാട് തീരത്തേക്ക് പ്രവേശിക്കുകയും ചെയ്യാനാണ് സാധ്യത. ഈ സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചു. വിലക്ക് എല്ലാതരം മൽസ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും.

നിലവിൽ മൽസ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ്. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അനുമതി നൽകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ അനുവദിക്കുന്നതല്ല. ഡിസംബർ 2 മുതൽ ഡിസംബർ 4 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ 3 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തീകരിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് ദുരന്ത നിവാരണ അഥോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശിക്കുന്നു.

ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. മുന്നറിയിപ്പുകളിൽ വരുന്ന മാറ്റങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതാണ്. സിസ്റ്റത്തിന്റെ നിലവിലെ സ്ഥാനവും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്ന സഞ്ചാരപഥവും ഇതോടൊപ്പം നൽകുന്നു.

48 വില്ലേജുകളിൽ പ്രത്യേക ശ്രദ്ധ

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ 48 വില്ലേജുകളിൽ പ്രത്യേക ശ്രദ്ധ നൽകാൻ റവന്യൂ, പൊലീസ്, തദ്ദേശ സ്വയംഭരണ അധികൃതർക്കു നിർദ്ദേശം നൽകി.

കരിംകുളം, കാഞ്ഞിരംകുളം, അതിയന്നൂർ, വെങ്ങാനൂർ, കുളത്തുമ്മൽ കള്ളിക്കാട്, ആര്യനാട്, വെള്ളനാട്, ഉഴമലയ്ക്കൽ, തൊളിക്കോട്, കോട്ടുകാൽ, പള്ളിച്ചൽ, മലയിൻകീഴ്, മാറനല്ലൂർ, കല്ലിയൂർ, വിളപ്പിൽ, വിളവൂർക്കൽ, കാരോട്, പാറശാല, തിരുപുറം, ചെങ്കൽ, കുളത്തൂർ, കൊല്ലയിൽ, ആനാവൂർ, പെരുങ്കടവിള, കീഴാറൂർ, ഒറ്റശേഖരമംഗലം, വാഴിച്ചൽ, അരുവിക്കര, ആനാട്, പനവൂർ, വെമ്പായം, കരിപ്പൂർ, തെന്നൂർ, കുരുപ്പുഴ, കോലിയക്കോട്, പാങ്ങോട്, കല്ലറ, കോട്ടുകാൽ, വെള്ളറട, കരകുളം, പുല്ലമ്പാറ, വാമനപുരം, പെരുമ്പഴുതൂർ, വിതുര, മണക്കാട്, അമ്പൂരി, മണ്ണൂർക്കര വില്ലേജുകളിലാണു പ്രത്യേക ശ്രദ്ധ നൽകാൻ നിർദേശിച്ചിരിക്കുന്നത്.

ഇവിടങ്ങളിൽ റവന്യൂ വകുപ്പിന്റെ പ്രത്യേക സംഘം നിരീക്ഷണം തുടങ്ങി. തഹസിൽദാർമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. താലൂക്ക് അടിസ്ഥാനത്തിൽ 24 മണിക്കൂർ കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്.