ജിദ്ദ : സൗദിയുടെ പടിഞ്ഞാറൻ നഗരമായ ജിദ്ദയിൽ ശനിയാഴ്ച രാവിലെ സാമാന്യം കനത്ത മഴ പെയ്തു. വെള്ളിയഴ്ച തുറൈഫ്, തായിഫ് ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നല്ല മഴ ഉണ്ടായിരുന്നെങ്കിലും ജിദ്ദയിൽ ചെറിയ ചാറ്റൽ മഴ മാത്രമായിരുന്നു. എന്നാൽ ശനിയാഴ്ച രാവിലെ മുതൽ തന്നെ ചാറ്റൽ മഴ ആരംഭിക്കുകയും പിന്നീട് മഴ കനക്കുകയുമായിരുന്നു.സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.

ശക്തമായ മഴ പെയ്തത് നഗര വാസികളിൽ ആഹ്‌ളാദവും ഒപ്പം ആശങ്കയും ഉളവാക്കി. വലിയ ഇടവേളക്ക് ശേഷം ലഭിച്ച കനത്ത മഴ പ്രവാസികൾക്ക് നാട്ടിലെ വർഷക്കാലം ഓർമ്മിപ്പിക്കുന്നതായിരുന്നു. ശക്തമായ മഴയെ തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് അനുഭവപ്പെടുകയും ചെറിയ തോതിലുള്ള ഗതാഗത തടസ്സം അനുഭവപ്പെടുകയും ചെയ്തു. എന്നാൽ അപകടങ്ങളോ മറ്റോ ഉണ്ടായതായി വിവരമില്ല. അധികൃതർ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്.

ശക്തമായ മഴ തുടർന്നാൽ ചെങ്കടൽ തീരമായ ജിദ്ദയിൽ വെള്ളപ്പൊക്കത്തിനുള്ള സാധ്യത കൂടുതലാണ്. മുമ്പ് 2011-ൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം ഉണ്ടാവുകയും നിരവധി പേർ മരണപ്പെടുകയും ചെയ്തിരുന്നു.