കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ ഗുലാബ് ചുഴലിക്കാറ്റ് രൂപപ്പെടുമ്പോൾ കേരളത്തിലും അതീവ ജാഗ്രത. ഞായർ വൈകുന്നേരത്തോടെ ആന്ധ്രാ- ഒഡിഷ തീരത്ത് കലിംഗ പട്ടണത്തിനും ഗോപാൽപൂരിനും ഇടയിൽ കരയിൽ പ്രവേശിക്കാനാണു സാധ്യത. കനത്തമഴയും കാറ്റും ഉണ്ടാകാനിടയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തും.

ടൗട്ടെ, യാസിൻ ചുഴലിക്കാറ്റുകൾക്കു ശേഷം ഈ വർഷത്തെ മൂന്നാമത്തെ ചുഴലിക്കാറ്റാണു ഗുലാബ്. പാക്കിസ്ഥാനാണ് ഗുലാബ് എന്ന പേര് നിർദ്ദേശിച്ചത്. കേരളത്തിലും മഴ വ്യാപകമാകും. ശനിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖാപിച്ചിട്ടുണ്ട്. ഞായറാഴ്ച തൃശൂരൊഴിച്ച് തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള എട്ടുജില്ലകളിൽ ജാഗ്രതാ നിർദ്ദേശമുണ്ട്.

ഗുലാബ് എന്ന് പേര് നൽകപ്പെട്ട ചുഴലിക്കാറ്റാണ് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഞായറാഴ്ച വൈകീട്ടോടെ ആന്ധ്രാ - ഒഡിഷ തീരത്തേക്ക് പ്രവേശിക്കുമെന്നാണ് കേന്ദ്ര കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒഡിഷയിലെ ഗോപാൽപുർ തീരത്ത് നിന്ന് ഏകദേശം 410 കിലോ മീറ്റർ കിഴക്ക് - തെക്ക് കിഴക്കും ആന്ധ്രാപ്രദേശിലെ കലിംഗപട്ടണം തീരത്ത് നിന്ന് ഏകദേശം 480 കിലോ മീറ്റർ കിഴക്ക് - വടക്ക് കിഴക്കു മാറിയാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത മണിക്കൂറുകളിൽ ഇത് ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്.

ഗുലാബ് ചുഴലിക്കാറ്റായി മാറിയ ശേഷം പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഞായറാഴ്ച വൈകുന്നേരത്തോടു കൂടി വടക്കൻ ആന്ധ്രാപ്രദേശ് - തെക്കൻ ഒഡിഷ തീരത്തും വിശാഖപട്ടണത്തിനും ഗോപാൽ പുരിനും ഇടയിൽ കലിംഗപട്ടണത്തിന് സമീപത്തായി കരയിൽ പ്രവേശിക്കാനാണ് സാധ്യത. ഗുലാബ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കുക ഒഡിഷയിലെ ഗഞ്ജം ജില്ലയിലാണ്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എൻഡിആർഎഫ് 13 ടീമുകളെ രക്ഷാപ്രവർത്തനത്തിനായി സജ്ജമാക്കി നിർത്തിയിട്ടുണ്ട്. അഞ്ച് ടീമുകൾ ഒഡിഷയും ബാക്കിയുള്ളവ ആന്ധ്രാപ്രദേശിലുമായിട്ടാണ് ഉള്ളത്.

അപകട സാധ്യതയുള്ളിടത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഒഡിഷ ഡിസാസ്റ്റർ റാപിഡ് ആക്ഷൻ ഫോഴ്‌സിന്റെ 42 ടീമുകൾ, 24 പേരടങ്ങുന്ന എൻഡിആർഎഫ് ടീം, ഫയർ ഫോഴ്‌സ് തുടങ്ങിയവയെ ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള ഏഴ് ജില്ലകളിൽ നിയോഗിച്ചിട്ടുണ്ട്. നിലവിൽ കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ ഇല്ലെങ്കിലും കേരള തീരത്തും കാറ്റ് ശക്തിപ്പെടാനും കാലവർഷം സജീവമാകാനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ സെപ്റ്റംബർ 28 വരെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ ദിവസങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്. സെപ്റ്റംബർ 26, 27 തീയതികളിൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് ദുരന്തനിവാരണ അഥോറിറ്റി പൂർണ്ണ വിലക്കേടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ന്യൂനമർദ്ദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. ഉരുൾപൊട്ടൽ തുടങ്ങിയവയ്ക്കുള്ള സാധ്യതകൾ മുൻകൂട്ടിക്കണ്ട് സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലെ അലേർട്ടുകൾ
26ന്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്.
27ന്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്.
28ന് : പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്.