- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രിയിലും ശമനമില്ലാതെ മഴ; സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത് ആറ് ജില്ലകളിൽ; കടലിൽ പോകുന്നതിനും വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ തുടരുന്നു. രാത്രി വൈകിയും മഴയ്ക്ക് യാതൊരുവിധ ശമനവും ഉണ്ടായിട്ടില്ല.അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്ന് എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ യെലോ അലർട്ട് നൽകി.
നാളെ മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച്, കാസർകോട്, കണ്ണൂർ, വയനാട്,കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ടാണ്.സംസ്ഥാനത്ത് ഒക്ടോബർ 15 വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. മണിക്കൂറിൽ 40 മുതൽ 50 കി.മീ വേഗതയിലായിരിക്കും കാറ്റ് വീശുക. ആ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിലുള്ളവർ മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശമുണ്ട്.ചൊവ്വ, ബുധൻ ദിവസങ്ങളിൽ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പാലക്കാട് അട്ടപ്പാടിയിൽ ഇന്നലെ തുടങ്ങിയ കനത്തമഴ ഇപ്പോഴും തുടരുന്നു. ചുരം റോഡിലേക്ക് മലവെള്ളം ഒലിച്ചു വന്ന് ഗതാഗതം തടസപ്പെട്ടു. ഇതേ തുടർന്ന് മണ്ണാർക്കാട് ആശുപത്രിയിലേക്കുള്ള രോഗികളടക്കം വഴിയിൽ കുടുങ്ങി കിടക്കുകയാണ്. പലയിടത്തും മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. മന്തംപൊട്ടി ഭാഗത്താണ് ഗതാഗതം തടസപ്പെട്ടത്. ജലനിരപ്പ് ഉയർന്നതോടെ മന്തംപൊട്ടി പാലത്തിന് മുകളിലൂടെയാണ് വെള്ളമൊഴുകുന്നത്. വനത്തിൽ ഉരുൾപൊട്ടിയതാണ് മലവെള്ളപ്പാച്ചിലിന് കാരണമെന്നാണ് കരുതുന്നത്.
മണ്ണിടിച്ചിലും ഉരുൾപൊട്ടലും സാധ്യത ഉള്ളതിനാൽ കണ്ണൂർ ജില്ലയിലെകാഞ്ഞിരക്കൊല്ലി ഇക്കോ ടൂറിസം മേഖലയിലേക്കുള്ളപ്രവേശനം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചിരിക്കുന്നതായി ഫോറസ്റ്റ് അധികൃതർ അറിയിച്ചു.ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും മലയോര മേഖലയിൽ മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാലും 14ന് രാത്രി വരെ ഇടുക്കി ജില്ലയിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചു കലക്ടർ ഉത്തരവിട്ടു. വൈകിട്ട് 7 മുതൽ പുലർച്ചെ 6 വരെയാണ് യാത്രാനിരോധനം. അവശ്യ സർവീസുകൾക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും നിരോധനം ബാധകമല്ല.
മറുനാടന് മലയാളി ബ്യൂറോ