കൊച്ചി: കാലാവസ്ഥാ വ്യതിയാന കാലത്ത് പഴമൊഴികൾ അപ്രസ്‌കതം. കന്നി ചൂടും തുലമഴയും ഇടവപ്പാതിയും വേനൽ മഴയും ചൂടുമെല്ലാം കാലങ്ങളെ അടിസ്ഥാനമാക്കി നിർവ്വചിക്കൽ അസാധ്യമാകുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ ശക്തമായ സൂചനയാണ് കാലവർഷം പിൻവാങ്ങുന്ന സമയത്ത് അന്തരീക്ഷത്തിലുണ്ടായ അസാധാരണ പ്രതിഭാസങ്ങൾ. ഇതു തന്നെയാണ് കന്നി മാസത്തിലെ തോരാ മഴയ്ക്ക് കാരണവും.

ശാന്തസമുദ്രം, ബംഗാൾ ഉൾക്കടൽ, അറബിക്കടൽ എന്നിവിടങ്ങളിലെ ന്യൂനമർദങ്ങളാണ് കേരളത്തിലെ അതിശക്ത മഴയ്ക്ക് കാരണം. ഇത് വീണ്ടും 2018ന് സമാനമായ സഹാചര്യം ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. 2018ലെ തുടർച്ചയായ ചുഴലികളും ന്യൂനമർദരൂപീകരണവും തുടർന്നുണ്ടായ മഴയുടെ രീതിയും സ്വഭാവുമാണ് ഇപ്പോഴും. ഡാമുകളിലെ ജലനിരപ്പും മറ്റും നിയന്ത്രിക്കാൻ കഴിയുന്നതിനാൽ വ്യാപക പ്രളയത്തിന് സാധ്യതയില്ലെങ്കിലും പ്രാദേശിക കുത്തൊഴുക്കുകളും പ്രളയവും ഇത്തവണയും സജീവമാകും.

വിവിധ ചുഴലികളുടെ സമ്മർദ്ദവും സ്വാധീനവും ഇപ്പോൾ മുൻകൂട്ടി കാണാൻ കഴിയുന്നില്ല. നിലവിലുള്ളവയുടെ സ്വാധീനത്തിൽ കൂടുതൽ ചുഴലികൾ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. 16 വരെ കനത്ത മഴയ്ക്കാണ് സാധ്യത. പലയിടത്തും അതിതീവ്രമഴ ലഭിച്ചേക്കും. ഇതു കഴിഞ്ഞും മഴയ്ക്ക് സാധ്യതയുണ്ട്. പുതിയ ന്യൂനമർദ്ദവും ഉണ്ടായേക്കും.

അന്തരീക്ഷത്തിന്റെ ഇപ്പോഴത്തെ സാഹചര്യവും കാറ്റിന്റെ ശക്തിയും കണക്കാക്കുമ്പോൾ മലയോരങ്ങളെ ഭീതിയിലാക്കും. മണ്ണൊലിപ്പും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യത ഏറെയാണ്. അന്തരീക്ഷത്തിന്റെ പിരിമുറുക്കത്തിന്റെ തീവ്രതയിൽ പെട്ടന്നൊരു വലിയമാറ്റം നിലവിൽ പ്രതീക്ഷിക്കുന്നില്ല. ആഗോളതാപനത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളും അതിന്റെ പ്രത്യാഘാത സാധ്യതകളുമാണ് മഴയെ കാലം തെറ്റിച്ച് എത്തിക്കുന്നത് എന്നാണ് വിലയിരുത്തലുകൾ.

ശാന്തസമുദ്രത്തിൽ വിയറ്റ്‌നാമിനു സമീപം ഫെഡറിക് ഒാഷ്യനിൽ ചുഴലി അതിശക്തമാണ്. അതിന്റെ സ്വാധീനം ബംഗാൾ ഉൾക്കടലിൽ ഉൾപ്പെടെ എത്രസമയം നീണ്ടുനിൽക്കുമെന്നത് ആർക്കും പ്രവചിക്കാൻ കഴിയുന്നില്ല. വിവിധ കോണുകളിൽ നിന്നുള്ള കാറ്റ് ഫെഡറിക് ഒാഷ്യനിൽ കേന്ദ്രീകരിക്കുന്നു. അതുകൊണ്ട് തന്നെ ഈ ചുഴലി കരതൊടുന്നതിന് പിന്നാലെ മറ്റൊന്നിനുള്ള സാധ്യതയും സജീവം.

ചുഴലി കരകയറാൻ വൈകിയതിനാൽ ബംഗാൾ, അറബിക്കടൽ ചുഴലികൾക്ക് അതിവേഗം ലഭിക്കില്ലെന്ന നിഗമനവും ഉണ്ടെങ്കിലും വെള്ളിയാഴ്ചമുതൽ കടലിലും കരയിലും കാറ്റും മഴയും കാര്യമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത കൂടുതലാണ്. ബംഗാൾ ഉൾക്കടലിലെ ചുഴലി കൂടുതൽ ശക്തമായേക്കാം. നേരത്തെ ഗുജറാത്ത് തീരത്തുണ്ടായ ന്യൂനമർദത്തിന്റെ സ്വാധീനം ഇപ്പോഴും അറബിക്കടലിൽ നിലനിൽക്കുന്നതായും നിരീക്ഷണമുണ്ട്.

അറബിക്കടലിൽ കേരള-കർണാടക അതിർത്തിഭാഗത്തും ബംഗാൾ ഉൾക്കടലിൽ മധ്യകിഴക്കൻ മേഖലയിലുമാണ് ന്യൂനമർദം ശക്തിപ്പെടുന്നതെന്നു കൊച്ചിൻ സർവകലാശാല റഡാർ റിസർച്ച് കേന്ദ്രം അക്കാദമിക് കോർഡിനേറ്ററും കാലാവസ്ഥാ ശാസ്ത്രജ്ഞനുമായ ഡോ. എം.ജി.മനോജ് പറഞ്ഞു. ശാന്തസമുദ്രത്തിലേതുൾപ്പെടെയുള്ള മർദങ്ങളും ചുഴലികളും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ കേരളത്തെയാണ് കൂടുതൽ ബാധിക്കുക.