കൊച്ചി: മഴ ശമിക്കുന്നില്ല. ഇനിയും മഴ തുടരുമെന്നാണ് പ്രവചനം. അതുകൊണ്ട് തന്നെ മധ്യ കേരളവും തെക്കൻ കേരളവും ഭീതിയിലാണ്. മഴ ശക്തമായതോടെ വൈദ്യുതി ബോർഡിന്റെയും ജലസേചന വകുപ്പിന്റെയും ചെറുതും വലുതുമായ 24 അണക്കെട്ടുകളിൽനിന്ന് വെള്ളം പുറത്തേക്കു വിട്ടു. ഇതോടെ പുഴകളെല്ലാം കരകവിഞ്ഞു. കോട്ടയത്ത് ഇത്രയും വലിയ വെള്ളപ്പൊക്കം ആദ്യമാണെന്ന് ഏവരും പറയുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നു യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിലെ ന്യൂനമർദം 24 മണിക്കൂറിൽ ദുർബലമാകാനാണു സാധ്യതയെന്നും പ്രവചിക്കുന്നു. പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലെ ആറ് അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ജലവൈദ്യുത പദ്ധതികളുടെ അണക്കെട്ടുകളായ ഇടുക്കിയും കക്കിയും കനത്ത മഴ കാരണം അതിവേഗം നിറയുന്നു. കക്കിയിൽനിന്ന് ഞായറാഴ്ച മുതൽ നിയന്ത്രിത തോതിൽ വെള്ളം പുറത്തുവിട്ടേക്കും. ഇടുക്കി തുറന്നുവിടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. ജലസേചന വകുപ്പിന് 21 അണക്കെട്ടുകളാണുള്ളത്. ഇതിൽ മലമ്പുഴ ഉൾപ്പെടെ തുറന്നു. ചെറിയ അണക്കെട്ടുകൾ നേരത്തേതന്നെ തുറന്നിരുന്നു. ഇനിയും ഡാമുകൾ തുറക്കുമ്പോൾ അത് പ്രളയത്തിന് പുതിയ മാനം നൽകും. ഇടുക്കി തുറക്കേണ്ടി വരുമോ എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. കോട്ടയത്ത് മഴ തുടരുകയാണ്. പത്തനംതിട്ടയിൽ ഇടവിട്ട് മഴയും. തിരുവനന്തപുരത്തും മഴ പൂർണ്ണമായും മാറിയിട്ടില്ല.

വൈദ്യുതി ബോർഡിന് ചെറുതും വലുതുമായ 17 അണക്കെട്ടുകളുണ്ട്. ഇതിൽ ഷോളയാറിലും കുണ്ടളയിലും ചുവപ്പുജാഗ്രത നൽകിയിട്ടുണ്ട്. ഷട്ടറുകൾ തുറക്കുന്നതിനു മുമ്പാണ് ഇതു നൽകുന്നത്. കേന്ദ്രസർക്കാർ നിർദ്ദേശിച്ചപ്രകാരം പല ജലവൈദ്യുത പദ്ധതികളിലും ഉത്പാദനം വർധിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ വലിയ നാശമാണ് മഴയുണ്ടാക്കിയത്. തിരുവനന്തപുരത്തും പുലർച്ചെയും മഴ തുടരുന്നു. ന്യൂനമർദ്ദം കേരളത്തെ ഇപ്പോഴും ആശങ്കയിലാക്കുകയാണ്. കോട്ടയത്തും മറ്റും സൈന്യത്തെ ഇറക്കിയുള്ള രക്ഷാപ്രവർത്തനത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.

മധ്യകേരളം വിറച്ചു

കാലം തെറ്റിയുള്ള അതിതീവ്രമഴ മധ്യകേരളത്തെ കെടുതിയിൽ മുക്കി. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലും ഇതിനോടു ചേർന്നു കിടക്കുന്ന ഇടുക്കി ജില്ലയുടെ ഭാഗങ്ങളിലുമാണു കെടുതി രൂക്ഷം. കോട്ടയം മുണ്ടക്കയം കൂട്ടിക്കലിൽ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും ഒരു കുടുംബത്തിലെ 3 പേർ മരിച്ചു. ഇതേ കുടുംബത്തിലെ 3 പേരടക്കം 7 പേരെ കാണാതായി.

കനത്ത മഴയിൽ ജനപക്ഷം സെക്കുലർ നേതാവും മുൻ എംഎൽഎയുമായ പി.സി.ജോർജിന്റെ വീട് വെള്ളത്തിൽ മുങ്ങി. അരയ്‌ക്കൊപ്പം വെള്ളത്തിൽനിന്ന് കാര്യങ്ങൾ വിശദീകരിച്ച് പി.സി.ജോർജിന്റെ മകൻ ഷോൺ ജോർജ് രംഗത്തെത്തി. തന്റെ ജീവിതത്തിൽ ഇങ്ങനെയൊന്ന് കണ്ടിട്ടില്ലെന്ന് പി.സി.ജോർജ് പ്രതികരിച്ചു. വീടിനുള്ളിലും വെള്ളം കയറി. ഈരാറ്റുപേട്ടയിൽ ഇത്തരത്തിലൊരു സംഭവം ആദ്യമാണെന്ന് പി.സി.ജോർജ് പറയുന്നു. ജനങ്ങൾ തന്നെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നുണ്ടെന്നും പന്തളം, ചെങ്ങന്നൂർ, റാന്നി, കോന്നി, പാലാ, കോട്ടയം എന്നിവിടങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽപെട്ട കുടുംബത്തിലെ ആറുപേർ. മാർട്ടിന്റെ ഭാര്യ സിനി, മകൾ സോന (ഇടത്തു നിന്ന് മൂന്നാമത്), അമ്മ ക്ലാരമ്മ ജോസഫ് എന്നിവരുടെ മൃതദേഹം കണ്ടെത്തി. മാർട്ടിൻ, മൂത്ത മകൾ സ്‌നേഹ, ഇളയ മകൾ സാന്ദ്ര എന്നിവർക്കായി തിരച്ചിൽ തുടരുന്നു. മുണ്ടക്കയത്തിനു സമീപം ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിൽ മാക്കോച്ചി, പൂവഞ്ചി എന്നിവിടങ്ങളിലായി ഉരുൾപൊട്ടലിൽ 5 കുട്ടികളടക്കം 8 പേരെ കാണാതായി. ഇതിൽ 7 പേരും ഒരു കുടുംബത്തിൽപ്പെട്ടവരാണ്. 17 പേരെ നാട്ടുകാർ രക്ഷിച്ചു. തൊടുപുഴയ്ക്കു സമീപം അറക്കുളത്തു കാർ ഒഴുക്കിൽപ്പെട്ടു രണ്ടു പേർ മരിച്ചു. കെകെ റോഡിൽ മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും വെള്ളം ഉയർന്നതോടെ ഗതാഗതം നിർത്തിവച്ചു. വാഗമണ്ണിലും മറ്റും വിനോദസഞ്ചാരികൾ കുടുങ്ങി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും പുഴകൾ കരകവിഞ്ഞു. റോഡുകളിൽ വെള്ളം കയറി. കോട്ടയം ജില്ലയിൽ രക്ഷാപ്രവർത്തനത്തിനു സർക്കാർ കര, വ്യോമ, നാവിക സേനകളുടെ സഹായം തേടി. ദേശീയ ദുരന്തപ്രതികരണ സേനയുടെ (എൻഡിആർഎഫ്) ഓരോ സംഘങ്ങളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിച്ചു.

കൂട്ടിക്കലിൽ ഇരട്ട ദുരന്തം

മുണ്ടക്കയം കൂട്ടിക്കലിൽ ഉരുൾ പൊട്ടലിൽ കാവാലി ഒട്ടലാങ്കൽ (വട്ടാളക്കുന്നേൽ) മാർട്ടിന്റെ (റോയി - 47) കുടുംബത്തിൽ മൂന്നു പേർ മരിക്കുകയും മൂന്നു പേരെ കാണാതാകുകയും ചെയ്തു. മാർട്ടിന്റെ ഭാര്യ സിനി (35), മകൾ സോന (10), അമ്മ ക്ലാരമ്മ ജോസഫ് (65) എന്നിവരുടെ മൃതദേഹം കണ്ടെത്തി. മാർട്ടിൻ, മറ്റു രണ്ടു മക്കളായ സ്‌നേഹ (13), സാന്ദ്ര (9) എന്നിവരെ കാണാതായി. കുന്നിൻപ്രദേശത്തെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീഴുകയായിരുന്നു.

അരമണിക്കൂറിനു ശേഷം ഇതേ പഞ്ചായത്തിലെ പ്ലാപ്പള്ളിയിലുണ്ടായ ഉരുൾപൊട്ടലിൽ ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണി (45), മകൻ അലൻ (8), പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മ (58), മുണ്ടകശേരി വേണുവിന്റെ ഭാര്യ റോഷ്‌നി (50) എന്നിവരെ കാണാതായി. കൊക്കയാർ പൂവഞ്ചി, മാക്കോച്ചി ഭാഗത്തുണ്ടായ ഉരുൾപൊട്ടലിലും ഒരേ കുടുംബത്തിലെ 7 പേരെ കാണാതായി. കളപുരക്കൽ നസീറിന്റെ കുടുംബത്തിനായാണ് തിരച്ചിൽ തുടരുന്നത്. കൊക്കയാർ പഞ്ചായത്ത് ഓഫിസിനു സമീപം ചേപ്ലാനിയിൽ സാബുവിന്റെ ഭാര്യ ആൻസിയെയും (49) വെള്ളം കയറിയപ്പോൾ വീട്ടിൽ അകപ്പെട്ടതിനെത്തുടർന്നു കാണാതായി.

തൊടുപുഴ- മൂലമറ്റം റോഡിലെ അറക്കുളം മൂന്നുങ്കവയൽ കച്ചിറമറ്റം തോടിനു കുറുകെയുള്ള പാലത്തിലാണു കാർ ഒഴുക്കിൽപ്പെട്ട് കൂത്താട്ടുകുളം കിഴകൊമ്പ് അമ്പാടിയിൽ നിഖിൽ ഉണ്ണിക്കൃഷ്ണൻ (30), കൂത്താട്ടുകുളം ഒലിയപ്പുറം വട്ടിനാൽ പുത്തൻപുരയിൽ നിമ കെ. വിജയൻ (31) എന്നിവർ മരിച്ചത്.

ഒറ്റപ്പെട്ട് ഒരു ഗ്രാമം

മണിക്കൂറുകൾ കൊണ്ട് മഴ കൂട്ടിക്കലിനെ തകർത്തെറിഞ്ഞു. ചെറുതും വലുതുമായ ഒട്ടേറെ ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുമാണ് മലയോര പഞ്ചായത്തിനെ തകർത്തത്. ഉച്ചയോടെ പുല്ലകയാർ കരകവിഞ്ഞു. കൂട്ടിക്കൽ ടൗണിൽ അടക്കം വെള്ളം കയറി. കൂട്ടിക്കൽ പഞ്ചായത്തിലേക്കുള്ള പ്രധാന റോഡുകളായ മുണ്ടക്കയം - കൂട്ടിക്കൽ, കൊക്കയാർ - ചപ്പാത്ത്, ചോലത്തടം - കാവാലി - കൂട്ടിക്കൽ എന്നിവ തകർന്നു. ഉരുൾപൊട്ടി മണിക്കൂറുകൾക്കു ശേഷമാണ് ആളുകൾക്ക് കൂട്ടിക്കലിലേക്ക് എത്താനായത്. അപകടസാധ്യതാ മേഖലകളിൽ നിന്നു വൈകിട്ടോടെ നാട്ടുകാരെ ഏന്തയ്യാർ ജെജെ മർഫി സ്‌കൂളിലെ ക്യാംപിലേക്കു മാറ്റി.

കൂട്ടിക്കൽ പ?ഞ്ചായത്തിലെ ഇളംകാട്, കൂട്ടിക്കൽ ടൗൺ പ്രദേശങ്ങളിലും വീടുകൾ മുങ്ങി. വെള്ളം കയറില്ലെന്നു കരുതി വീടിന്റെ രണ്ടാം നിലയിലും മേൽക്കൂരയിലും അഭയം തേടിയവരിൽ പലരും താഴത്തെ നില പൂർണമായും മുങ്ങിയതോടെ പരിഭ്രാന്തരായി. ഇവരെ നാട്ടുകാരാണു രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലത്തേക്കു മാറ്റിയത്. പൂഞ്ഞാർ-എരുമേലി സംസ്ഥാനപാതയിൽ കരിനിലത്ത് തോട് കരകവിഞ്ഞൊഴുകി ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം, ഇടുക്കി ജില്ലാ അതിർത്തി പങ്കിടുന്ന 34ാം മൈൽ, 35ാം മൈൽ പ്രദേശങ്ങളിലും തോടുകൾ നിറഞ്ഞൊഴുകി. അഴുതയാറ്റിൽ വെള്ളം ഉയർന്നതോടെ കോരുത്തോട് ടൗൺ വെള്ളത്തിനടിയിലായി. കൊമ്പുകുത്തി, പള്ളിപ്പടി കോസടി, കുഴിമാവ് പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടങ്ങളുണ്ട്.

കാഞ്ഞിരപ്പള്ളിയിലും നാശം

പൂഞ്ഞാറിൽ ചോലത്തടം, പെരിങ്ങുളം ഭാഗങ്ങളിൽ രണ്ടിടത്ത് ഉരുൾപൊട്ടി. മണ്ണിടിച്ചിലിൽ അഞ്ചുവീടുകൾക്ക് നാശനഷ്ടമുണ്ടായി. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. ഈരാറ്റുപേട്ടയിലും സമീപപ്രദേശങ്ങളുമായി ഒട്ടേറെ വീടുകളിലും കടകളിലും വെള്ളംകയറി. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ ഗതാഗതം നിരോധിച്ചു. അവധിയാഘോഷത്തിനായി വാഗമണ്ണിലെത്തിയ വിനോദസഞ്ചാരികൾ കുടുങ്ങിയതായാണ് വിവരം. കാഞ്ഞിരപ്പള്ളിയിൽ ചിറ്റടി മാങ്ങാപ്പാറ, വേങ്ങത്താനം, പാറത്തോട് പഴുമല എന്നിവിടങ്ങളിൽ ചെറിയ ഉരുൾപൊട്ടലുണ്ടായി. പാറത്തോട് ഇടക്കുന്നത്ത് തീരദേശറോഡിൽ നിർത്തിയിട്ടിരുന്ന സ്‌കൂൾ ബസ് ഒലിച്ചുപോയി. മഴയിൽ ആദ്യമായി കാഞ്ഞിരപ്പള്ളി പട്ടണം വെള്ളത്തിൽ മുങ്ങി.

എരുമേലി വലിയതോട് കരകവിഞ്ഞ് എരുമേലി ധർമശാസ്താക്ഷേത്രത്തിൽ വെള്ളംകയറി. പമ്പ, അഴുതയാറുകൾ കരകവിഞ്ഞ് മൂക്കൻപെട്ടി, അരയാഞ്ഞിലിമൺ കോസ്വേകൾ മൂടി. അരയാഞ്ഞിലിമൺ ഗ്രാമം ഒറ്റപ്പെട്ടു. എരുമേലി ടൗണിൽ നൂറിലധികം കടകളിലും 20 വീടുകളിലും വെള്ളംകയറി. കോട്ടയം ജില്ലയിൽ 13 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. കാഞ്ഞിരപ്പള്ളി താലൂക്കിലാണ് ക്യാംപുകൾ. 86 കുടുംബങ്ങളിലായി 222 അംഗങ്ങളാണ് ക്യാംപുകളിലുള്ളത്. ഏന്തയ്യാർ ജെജെ മർഫി സ്‌കൂൾ, മുണ്ടക്കയം സിഎംഎസ്, വരിക്കാനി എസ്എൻ സ്‌കൂൾ, കൊരട്ടി സെന്റ് ജോസഫ് പള്ളി ഹാൾ, ചെറുവള്ളി സർക്കാർ എൽപി സ്‌കൂൾ, ആനക്കല്ല് സർക്കാർ ഹൈസ്‌കൂൾ, കാഞ്ഞിരപ്പള്ളി നൂറുൽ ഹുദ സ്‌കൂൾ, കൂവക്കാവ് സർക്കാർ എച്ച്എസ്, കെഎംജെ സ്‌കൂൾ മുണ്ടക്കയം, വട്ടക്കാവ് എൽപി സ്‌കൂൾ, പുളിക്കൽ കോളനി അങ്കണവാടി, ചെറുമല അങ്കണവാടി, കോരുത്തോട് സികെഎം എച്ച്എസ് എന്നിവയാണ് ക്യാംപുകൾ.