- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് അതിതീവ്ര മഴ ഉണ്ടാകില്ലെന്ന് പ്രവചനം; കക്കി ഡാം തുറന്നാൽ പത്തനംതിട്ടയിലും ആലപ്പുഴയിലും ദുരിതം കൂട്ടും; കുട്ടനാട്ടിൽ പ്രതിസന്ധിക്കും സാധ്യത; ബുധനാഴ്ച വീണ്ടും മഴ എത്തുമെന്ന വിലയിരുത്തലും ആശങ്കാജനകം
കോട്ടയം: അതിതീവ്രമഴ തൽക്കാലം ശമിച്ചെങ്കിലും ആശങ്ക മാറുന്നില്ല. ഇതുവരെ മഴ കെടുതിയിൽ 35 പേർ മരിച്ചു. കോട്ടയം ജില്ലയിൽ മാത്രം 13 പേർ മരിച്ചു. ഇടുക്കിയിൽ 9 മരണവും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തു. ഇടുക്കി കൊക്കയാറിൽ കാണാതായ 2 പേർക്കു തിരച്ചിൽ തുടരുന്നു. തിരുവനന്തപുരത്തും ഒരാളെ കാണാതായി.
അതിനിടെ സംസ്ഥാനത്തു ബുധനാഴ്ച മുതൽ 4 ദിവസത്തേക്കു വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അറബിക്കടലിലെ ന്യൂനമർദം ദുർബലമായതോടെ ഇന്നും നാളെയും മഴ കുറയാനാണു സാധ്യതയെന്നു ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. രണ്ട് ദിവസം കഴിഞ്ഞ് തോരാ മഴ പെയ്താൽ കൂടുതൽ പ്രതിസന്ധിയിൽ കേരളം എത്തും. ഈ സാഹചര്യത്തിൽ ആശങ്ക തുടരും. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഭീതി കൂടുതലാണ്. കക്കി ഡാം തുറക്കുന്നതാണ് ഇതിന് കാരണം. കക്കി ഡാം തുടർന്നാൽ പമ്പയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരും. ഇടുക്കി അടക്കമുള്ള ഡാമുകളിൽ നീരൊഴുക്ക് ശക്തമാണ്. ഈ ഡാമുകൾ തുറക്കേണ്ടി വന്നാൽ കാര്യങ്ങൾ വീണ്ടും കൈവിട്ട അവസ്ഥയിലാക്കും.
വിവിധ ജില്ലകളിലായി 4713 പേർ ദുരിതാശ്വാസ ക്യാംപുകളിലാണ്. അപ്പർ കുട്ടനാട്ടിൽ വെള്ളം കയറുകയാണ്. തിരുവല്ലയ്ക്കുസമീപം എംസി റോഡ് വെള്ളത്തിലായി. ആലപ്പുഴയെയും ചങ്ങനാശേരിയെയും ബന്ധിപ്പിക്കുന്ന എസി റോഡിലും വെള്ളം കയറി. കക്കി ഡാം തുറന്നാൽ ഈ മേഖലയിലെ പ്രതിസന്ധി അതിരൂക്ഷമാകും. പത്തനംതിട്ടയിൽ ഇപ്പോഴും മഴ ഇടവിട്ട് പെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ഡാം തുറന്നേ മതിയാകൂവെന്ന നിലപാടിലാണ് കെ എസ് ഇ ബി. ഡാം നിറഞ്ഞു കവിയുന്ന സാഹചര്യവും ബുധനാഴ്ച വീണ്ടും മഴ കനക്കുമെന്ന പ്രവചനവുമാണ് ഇതിന് കാരണം. ഇന്ന് മഴ ശമിക്കുമെന്ന പ്രതീക്ഷയാണ് ഏക ആശ്വാസം. ഇടുക്കി ഡാമും മുല്ലപ്പെരിയാർ അണക്കെട്ടും ആശങ്കയാണ്. രണ്ടിടത്തും നല്ല നീരൊഴുക്കുണ്ട്.
പമ്പാ നദിയിൽ ജലനിരപ്പ് ഉയരുന്നുണ്ട്. നദീ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണം. ഇന്ന് പകൽ മൂന്ന് മീറ്ററോളം ജലനിരപ്പ് താഴ്ന്നിരുന്നു. അതിൽനിന്നാണ് വീണ്ടും ജലനിരപ്പ് ഉയരുന്നതായി കാണുന്നത്. പമ്പാനദി, മണിമലയാർ, അച്ചൻകോവിലാർ എന്നീ മൂന്ന് നദികളും അപകട നിലയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നത്. കക്കി ഡാം തുറന്നാൽ പമ്പയിൽ വെള്ളം വീണ്ടും ഉയരും. സംസ്ഥാനത്ത് പല ജില്ലകളിലും തിങ്കളാഴ്ചയും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
തിങ്കളാഴ്ച പുലർച്ചെയോടെ കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സമാനതകളില്ലാത്ത ദുരന്തം
കോട്ടയം മുണ്ടക്കയം കൂട്ടിക്കലിലെ കാവാലിയിൽ ഉരുൾപൊട്ടലിൽ കാണാതായ ഒട്ടലാങ്കൽ (വട്ടാളക്കുന്നേൽ) മാർട്ടിന്റെയും (റോയ് 47) മക്കളായ സ്‌നേഹ (13), സാന്ദ്ര (9) എന്നിവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഈ കുടുംബം ഒന്നാകെ ഇല്ലാതെയായി. മാർട്ടിന്റെ ഭാര്യയുടെയും മറ്റൊരു മകളുടെയും അമ്മയുടെയും മൃതദേഹങ്ങൾ ശനിയാഴ്ച കണ്ടെത്തിയിരുന്നു. കൂട്ടിക്കലിൽ തന്നെ പ്ലാപ്പള്ളി ആറ്റുചാലിൽ ജോബിയുടെ ഭാര്യ സോണിയ (45), മകൻ അലൻ (14), പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മ (58), മുണ്ടകശേരി വേണുവിന്റെ ഭാര്യ റോഷ്‌നി (48) എന്നിവരുടെ മൃതദേഹങ്ങളും കണ്ടെടുത്തു. ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബങ്ങൾക്കു 4 ലക്ഷം രൂപ വീതം നൽകുമെന്നു മന്ത്രി കെ.രാജൻ പറഞ്ഞു.
ഇടുക്കി കൊക്കയാർ പൂവഞ്ചിയിൽ ശനിയാഴ്ച ഉരുൾപൊട്ടലിൽ 4 കുട്ടികളടക്കം ഒരു കുടുംബത്തിലെ 5 പേരാണ് ഒന്നിച്ചു മണ്ണിനടിയിലായത്. ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മക്കളായ അമീൻ (10), അംന (7), ഫൗസിയയുടെ സഹോദരൻ കല്ലുപുരയ്ക്കൽ ഫൈസലിന്റെ മക്കളായ അഹ്‌സാന (8), അഹിയാൻ (4) എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെടുത്തത്. ഇവരിൽ അംന, അഹ്‌സാന, അഹിയാൻ എന്നിവരെയാണ് കോൺക്രീറ്റ് സ്ലാബിനടിയിൽ ഒരുമിച്ചു കണ്ടെത്തിയത്.
കൂട്ടിക്കൽ ഇരുട്ടിൽ
കൂട്ടിക്കലിലെ ചപ്പാത്ത് പാലത്തിനു സമീപം മണ്ണ് ഒലിച്ചുപോയി ഗതാഗതം തടസ്സപ്പെട്ടിരുന്നത് താൽക്കാലികമായി ശരിയാക്കി. ഈ മേഖലയിൽ വൈദ്യുതി, ജലവിതരണം എന്നിവ പൂർണമായും പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കും. മരത്തടികളും മണ്ണും അടിഞ്ഞ് കോസ്വേ പാലത്തിലെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇവ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു. ഒട്ടേറെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. ഇന്നലെ ഇടവിട്ട് മഴ പെയ്‌തെങ്കിലും കൂടുതൽ ഇടങ്ങളിൽ വെള്ളം കയറാതിരുന്നത് ആശ്വാസമായി. കോരുത്തോട് റോഡിൽ ഇന്നലെ ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിച്ചു.
ഗ്രാമപ്രദേശങ്ങളിൽ വൈദ്യുതി ത്തകരാറിൽ. പലയിടത്തും ആളുകളെ ഫോണിൽ ലഭിക്കാത്ത അവസ്ഥ. മലവെള്ളപ്പാച്ചിലിൽ ഗ്രാമീണ റോഡുകളിൽ പലതും തകർന്ന നിലയിലാണ്. കാഞ്ഞിരപ്പള്ളിയുടെ ചരിത്രത്തിൽ ഇത്തരത്തിൽ ദുരന്തം ഇതാദ്യം. നൂറിലേറെ വീടുകൾ പൂർണമായും ആയിരത്തിലേറെ വീടുകൾ ഭാഗികമായും തകർന്നു. മലഞ്ചരക്ക് ഉൾപ്പെടെ വ്യാപാര മേഖലയ്ക്ക് വൻ ആഘാതം. കോടികളുടെ നഷ്ടം കണക്കാക്കുന്നു. മണിമലയിൽ 2018ലെ പ്രളയത്തിൽ തീരദേശ റോഡുകളിൽ മാത്രമാണ് വെള്ളം കയറിയത്. എന്നാൽ, ഇത്തവണ ബസ് സ്റ്റാൻഡിൽ ഉൾപ്പെടെ വെള്ളം കയറി.
ചെറിയ ഉറവയുടെ രൂപവും ഭാവവും മാറി
പണി തീർന്നിട്ട് ഒരു വർഷം പോലുമാകാത്ത ആറ്റുചാൽ വീട്ടാണ് തകർന്നത്. വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ സോണിയുടെയും മകൻ അലന്റെയും മൃതദേഹത്തിനായുള്ള തിരച്ചിലിനിടെ രക്ഷാപ്രവർത്തകർക്കു കിട്ടിയത് പകുതി കീറിയ കുടുംബഫോട്ടോ. ഈ ഫോട്ടോയിൽ കാണാവുന്നത് സോണിയയെയും അലനെയും മാത്രം.
5 പേരായിരുന്നു ആ കുടുംബത്തിൽ. സോണിയയുടെ ഭർത്താവ് ജോമി, ജോമിയുടെ അമ്മ മറിയാമ്മ, സോണിയയുടെയും ജോമിയുടെയും മകൾ ആന്മരിയ എന്നിവർ കൂടിയുണ്ടായിരുന്നു ആ ഗ്രൂപ്പ് ഫോട്ടോയിൽ. ഇവർ മൂന്നു പേരും അപകടത്തിൽ നിന്നു രക്ഷപ്പെട്ടു. കുടുംബത്തെ ബാധിച്ച സങ്കടത്തിന്റെ നേർചിത്രമായി ആ ഫോട്ടോ മാറി. ജോമി ടാപ്പിങ്ങിനു പോയി തിരിച്ചു വരുന്ന സമയത്താണ് അപകടം. ആന്മരിയ മുത്തശ്ശി മറിയാമ്മയുടെ ഒപ്പം കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിൽ പോയിരുന്നു.
വീടിന്റെ പിൻവശത്തുണ്ടായിരുന്ന ചെറിയ ഉറവയാണു നിമിഷനേരം കൊണ്ടു രൂപവും ഭാവവും മാറി കലിതുള്ളുന്ന ഉരുൾപൊട്ടലായി മാറിയത്. ലൈഫ് മിഷനിൽ നിന്നു ലഭിച്ച പണം കൊണ്ടു പണിത വീടിന്റെ തറമുതൽ മുകളിലേക്ക് ഒന്നും ശേഷിപ്പിക്കാതെയാണു മലവെള്ളം വന്നുപോയത്.
അത്ഭുത രക്ഷപ്പെടുത്തൽ
തിരുവനന്തപുരം പൂജപ്പുര മുടവന്മുഗളിൽ അയൽപക്കത്തെ 25 അടി ഉയരമുള്ള മതിൽ പേമാരിയിൽ ഇടിഞ്ഞുവീണു വീടു തകർന്നെങ്കിലും പ്രസവിച്ചുകിടന്നിരുന്ന സ്ത്രീയും കുഞ്ഞും ഉൾപ്പെട്ട ആറംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. കോൺക്രീറ്റ് പാളികൾക്കടിയിൽപെട്ട യുവാവിനെയും 80 വയസ്സുള്ള അമ്മൂമ്മയെയും രണ്ടു മണിക്കൂറോളം പണിപ്പെട്ടാണു പുറത്തെടുത്തത്. ഇരുവർക്കും ഗുരുതര പരുക്കുകളില്ല.
ചിറ്റൂർക്കോണം പാലസ് റോഡിലെ ഷീറ്റിട്ട വീടാണു ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെ തകർന്നത്. അയൽവീടിന്റെ 25 അടി ഉയരവും 30 അടി നീളവുമുള്ള കോൺക്രീറ്റ് സംരക്ഷണ ഭിത്തി കനത്ത മഴയിൽ അപ്പാടെ തകർന്നു വീഴുകയായിരുന്നു. താഴെയുള്ള വീടിന്റെ പകുതിയോളം ഇതിനടിയിലായി. പേരൂർക്കട സ്വദേശി ബിനു (30), ഭാര്യ സന്ധ്യ (23), മകൻ ജിതിൻ (4), 22 ദിവസം പ്രായമുള്ള മകൾ മാളു, സന്ധ്യയുടെ ജ്യേഷ്ഠൻ ഉണ്ണിക്കൃഷ്ണൻ (26), അമ്മൂമ്മ ലീല (80) എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. മതിലിടിഞ്ഞുവീണ അടുക്കളയ്ക്കു സമീപമാണ് ഉണ്ണിക്കൃഷ്ണനും ലീലയും കിടന്നിരുന്നത്. മണ്ണു നീക്കം ചെയ്തും കട്ടർ ഉപയോഗിച്ചു കോൺക്രീറ്റ് പാളികൾ മുറിച്ചു നീക്കിയുമാണു ഫയർഫോഴ്‌സ് ഇരുവരെയും രക്ഷിച്ചത്.
മറുനാടന് മലയാളി ബ്യൂറോ