- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഴയിൽ മലയോരത്തെയും മറ്റു ചരിഞ്ഞ പ്രദേശങ്ങളിലെയും മണ്ണ് ചായയിൽ വീണ ബൺ പോലെ കുതിർന്നു നിൽക്കുന്നു; അറബി കടലിന്റെ തെക്കുകിഴക്കൻ ദിശയിൽ നിന്നു വീശുന്ന ശക്തമായ കാറ്റിന്റെ സ്വാധീനത്തിൽ ഇനി വരുന്നത് തുലാമഴയുടെ മുന്നോടിയായുള്ള മഴ
പത്തനംതിട്ട: ഇനി വരുന്നതു തുലാമഴയുടെ മുന്നോടിയായുള്ള മഴയാണ്. ചൊവ്വ രാത്രി കേരളത്തിന്റെ പല ഭാഗത്തും മഴ മഞ്ഞു പ്രത്യക്ഷപെട്ടു. അതിശക്തമായ മഴ കുറയുന്നു എന്നതിന്റെ സൂചനയാണ് മഴ മഞ്ഞ്. ഇനി വരുന്നത് ന്യൂനമർദ പ്രേരിതമായ മഴയല്ല ഇത്. ഒക്ടോബറിൽ പതിവായി എത്തുന്ന തുലാമഴയ്ക്കു മുന്നോടിയായുള്ള സീസൺ മാറ്റമാണ്. തെക്കു പടിഞ്ഞാറൻ മൺസൂൺ വടക്കുകിഴക്കൻ മൺസൂണിനു വഴിമാറും. ഉച്ചകഴിഞ്ഞു കിഴക്കൻ ആകാശത്തു കറുത്തു ഭീമാകാരമായ മഴക്കാർ രൂപപ്പെടും. ഇടിയുടെയും കാറ്റിന്റെയും അകമ്പടിയോടെ എത്തുന്ന 'കിഴക്കൻ' മഴ. ഉച്ചകഴിഞ്ഞ് തുടങ്ങി വൈകുന്നേരത്തോടെ പിൻവാങ്ങുന്ന പേമാരി.
കാറ്റ്, മിന്നൽ, പേമാരി എന്നീ മൂന്നു അകമ്പടിക്കാർക്കൊപ്പമാണ് വരവ്. ചില്ലറ നാശനഷ്ടം ഉറപ്പ്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, കൊല്ലം ജില്ലകളും കോഴിക്കോട്, വയനാട് ഉൾപ്പെടെ ജില്ലകളുടെ മലയോരങ്ങളുമാണ് തുലാമഴയ്ക്കു മുന്നോടിയായ ഈ മഴ കൂടുതലായി പെയ്യുക. തമിഴ്‌നാട്ടിലെ 60 ശതമാനം മഴയും ഈ മാസങ്ങളിലാണ് കിട്ടുക. ബുധൻ മുതൽ ശനി വരെ കേരളത്തിൽ കനത്ത മഴ എന്ന പ്രവചനത്തെ സമൂഹമാധ്യമങ്ങൾ ചുഴലിക്കാറ്റാക്കി മാറ്റുമ്പോൾ കാലാവസ്ഥയെ എങ്ങനെ നോക്കിക്കാണണമെന്നു പലരും ചോദിക്കുന്നു. ഏകദേശ ഉത്തരം ഇതാണ്.
135 ശതമാനം അധികമഴ കേരളത്തിൽ കിട്ടി കഴിഞ്ഞു. പത്തനംതിട്ടയിൽ 189 ശതമാനവും കോട്ടയത്ത് 131 ശതമാനവും ഇടുക്കിയിൽ 113 ശതമാനവും കൊല്ലത്ത് 116 ശതമാനവും അധികമഴയാണ് ഒക്ടോബർ 1 മുതൽ 15 വരെ ലഭിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇനിയൊരു ചെറിയ മഴയെ കൂടി ഏറ്റുവാങ്ങാനുള്ള കരുത്ത് കേരളത്തിന് ഇല്ല. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
കനത്ത മഴയിൽ മലയോരത്തെയും മറ്റു ചരിഞ്ഞ പ്രദേശങ്ങളിലെയും മണ്ണ് ചായയിൽ വീണ ബൺ പോലെ കുതിർന്നു നിൽക്കുന്നുവെന്ന് കലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നു. ഇതിനു പുറത്തേക്കു പിന്നെയും തീവ്രമഴ പെയ്താൽ ചെറുമണ്ണിടിച്ചിലുകൾക്കും ഉരുൾ ഇളക്കങ്ങൾക്കും അതു കാരണമാകുമെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. ഡാമുകൾ തുറന്നു കഴിഞ്ഞതിനാൽ റൂൾ കർവ് ചട്ടപ്രകാരം ഭീതി അകലുമെന്നതാണ് പ്രതീക്ഷ.
ഏതായാലും മഴ ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും മുന്നറിയിപ്പു നൽകി കഴിഞ്ഞു. ബുധനാഴ്ച കൊല്ലം, ആലപ്പുഴ, കാസർകോട് ഒഴികെ 11 ജില്ലകൾക്കും ഓറഞ്ച് അലർട്ടാണു നൽകിയിരിക്കുന്നത്. വ്യാഴം കാസർകോടും കണ്ണൂരും ഒഴികെ 12 ജില്ലകൾക്കും ഓറഞ്ച് അലർട്ട് ആണ്. വെള്ളിയാഴ്ച യെലോ അലർട്ട്. ശനിയും ഇതു തുടരുന്നു. വ്യാഴാഴ്ചയാവും കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുക.
അതിതീവ്രമഴയെ തുടർന്നുണ്ടാവുന്ന കെടുതികളിൽ നിന്ന് ജനങ്ങളെ രക്ഷപ്പെടുത്താൻദേശീയ ദുരന്ത പ്രതികരണ സേനയെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. ഡിഫൻസ് സെക്യൂരിറ്റി കോർ കോഴിക്കോട്ടും വയനാട്ടിലും നിലയുറപ്പിച്ചു. വ്യോമസേനയുടെ ഒരു കോപ്ടർ തിരുവനന്തപുരത്തും മറ്റൊന്ന് കൊച്ചിയിലെ ഐ.എൻ.എസ് ഗരുഡയിലും തയ്യാറാണ്. നേവിയുടെ കോപ്ടർ കൊച്ചിയിലും ഒരുക്കി.
അറബിക്കടലിന്റെ തെക്കുകിഴക്കൻ ദിശയിൽ നിന്നു വീശുന്ന ശക്തമായ കാറ്റിന്റെ സ്വാധീനത്താലാണ് ഇന്നും നാളെയും കനത്ത മഴ പ്രതീക്ഷിക്കുന്നത്. അതീവജാഗ്രതമഴ ശക്തിപ്പെട്ടാൽ അപകട സാദ്ധ്യതയുള്ള പ്രദേശത്തും വീട്ടിലും പാർക്കുന്നവർ ക്യാമ്പുകളിലേക്ക് മാറണം.എമർജൻസി കിറ്റ് കരുതിവയ്ക്കണം.വാസയോഗ്യമല്ലാത്ത വീടുകളിലുള്ളവരെയും നദീതീരത്തോട് ചേർന്ന് താമസിക്കുന്നവരെയും മാറ്റണം.
മറുനാടന് മലയാളി ബ്യൂറോ