തിരുവനന്തപുരം: തമിഴ്‌നാട് തീരത്തു രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനം. ഇത് കാരണം വീണ്ടും കേരളത്തിൽ മഴ സജീവമാകും. കേരളത്തിൽ ഇന്നു മുതൽ 24 വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും (അതിശക്തമായ മഴ) തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ യെലോ അലർട്ടും (ശക്തമായ മഴ) പ്രഖ്യാപിച്ചു.

നാളെ ഇടുക്കി, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ടുണ്ട്. ഇടുക്കി, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ 23, 24 തീയതികളിലും യെലോ അലർട്ട് നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ ഇന്നു കടലിൽ പോകരുത്. ഇന്നലെ വൈകിട്ടോടെയാണ് ചക്രവാതച്ചുഴിയുടെ മുന്നറിയിപ്പ് എത്തിയത്. ന്യൂനമർദം രൂപപ്പെടുന്നതിനു മുൻപുള്ള കാറ്റിന്റെ ഒരേ ദിശയിലുള്ള കറക്കമാണ് ചക്രവാതച്ചുഴി (സൈക്ലോണിക് സർക്കുലേഷൻ). ശക്തിയാർജിച്ചാൽ ഇതു ന്യൂനമർദമായി മാറാം. ഇത് മഴക്കെടുതികൾ ഇരട്ടിയാക്കും.

കടൽപ്പരപ്പിൽ വിശാലമായ പ്രദേശത്ത് ചുറ്റിത്തിരിഞ്ഞ് മഴമേഘങ്ങളെ തണുപ്പിച്ച് വന്മഴയ്ക്ക് കാരണമാകുന്ന കാറ്റാണ് ചക്രവാതച്ചുഴി. ഇത് ചിലപ്പോൾ ന്യൂനമർദ്ദമായും പിന്നീട് ചുഴലിക്കാറ്റായും രൂപാന്തരപ്പെട്ടേക്കാം. തെക്കൻ തമിഴ്‌നാട്ടിലെ കടലിൽ രൂപം കൊണ്ടതാണ് ഇപ്പോഴത്തെ ചക്രവാതച്ചുഴി. ഇതിന്റെ സ്വാധീനം തെക്കേ ഇന്ത്യയിൽ മുഴുവനുമുണ്ടാകും. ചക്രവാതച്ചുഴി ഒരേ നിലയിൽ ദിവസങ്ങളോളം നിലകൊണ്ട് ശക്തമായ മഴ പെയ്യിക്കും.

ചക്രവാതച്ചുഴിയെ തുടർന്ന് ഭീതി വിതച്ച് ഇന്നലെ രാത്രിയോടെ സംസ്ഥാനത്ത് വീണ്ടും പെരുമഴ വന്നു. പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഇന്നലെ രാത്രിയോടെ മഴ വീണ്ടും ശക്തമായത്. പാലക്കാട് മംഗലം ഡാമിന് സമീപവും പെരിന്തൽമണ്ണയിലും ഉരുൾ പൊട്ടുകയും ഈരാറ്റുപേട്ടയിൽ രണ്ടിടത്ത് മണ്ണിടിയുകയും ചെയ്തു. കണ്ണൂർ ഇരിട്ടിയിൽ ഒഴുക്കിൽ പെട്ട് ടാപ്പിങ് തൊഴിലാളി കോട്ടായി ഗണേശൻ (48) മരിച്ചു.

സുൽത്താൻ ബത്തേരി ടൗണിൽ വെള്ളം പൊങ്ങി കടകളിലേക്കും വീടുകളിലേക്കും കയറി. വയനാട്ടിൽ നാടുകാണിച്ചുരത്തിൽ ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. കൊല്ലം മുതൽ കോഴിക്കോട് വരെ ജില്ലകളിൽ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര പ്രദേശങ്ങളിലും ദുരന്തസാദ്ധ്യതാ പ്രദേശങ്ങളിലും അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 24 വരെ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കൊച്ചി റഡാർ ഇമേജിൽ കണ്ണൂർ, മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലെ മലയോര പ്രദേശങ്ങൾ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കനത്ത മഴയ്ക്ക് സാദ്ധ്യത കാണുന്നത്.അണക്കെട്ടുകൾ തുറന്ന സാഹചര്യത്തിൽ ഡാമുകളിലെ റൂൾ കർവ് നിരീക്ഷിക്കുന്ന വിദഗ്ദ്ധസമിതി ജലനിരപ്പ് നിരീക്ഷിക്കുന്നുണ്ട്. ഇടുക്കി ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകൾ കഴിഞ്ഞ ദിവസം 35 സെന്റിമീറ്റർ വീതം തുറന്ന് സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ ജലം പുറത്തേക്കൊഴുക്കുകയും വൈദ്യുതി ഉത്പാദനം 45 മില്യൺ യൂണിറ്റ് വരെ കൂട്ടുകയും ചെയ്തിട്ടും ജലനിരപ്പ് താഴ്ന്നിട്ടില്ല.

ഷട്ടർ വഴി പുറത്തേക്കൊഴുക്കുന്നതിനേക്കാൾ കൂടുതലാണ് ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലം. മഴ ശക്തമായാൽ കൂടുതൽ ഷട്ടറുകൾ തുറക്കേണ്ടിവരും. തുലാമഴ കൂടി വരാനിരിക്കെ ജലനിരപ്പ് കാര്യമായി കുറയാതിരിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.