കൊച്ചി: കേരളത്തിൽ പെയ്തിറങ്ങുന്നത് റിക്കോർഡ് മഴ. ഒക്ടോബർ ഒന്നുമുതൽ 28 വരെ സംസ്ഥാനത്തു ലഭിച്ചത് 120 വർഷത്തിനിടയിലെ, തുലാവർഷക്കാലത്തെ ഏറ്റവും കൂടുതൽ മഴ. കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് ഈ മാസം ഒന്നുമുതൽ 28 വരെ സംസ്ഥാനത്ത് 567 മില്ലിമീറ്റർ മഴയാണു കിട്ടിയത്. ഇത്തവണ അന്തരീക്ഷത്തിലുണ്ടായ അപ്രതീക്ഷിതമാറ്റങ്ങളും ഇതിനു കാരണായിട്ടുണ്ടാകാം.

ഇതുവരെയുള്ള റെക്കോർഡായ 1999 ലെ തുലാവർഷത്തിലെ 566 മില്ലിമീറ്റർ മഴയാണ് ഈ ഒക്ടോബർ മറികടന്നത്. ഐഎംഎഡിയുടെ 120 വർഷത്തെ മഴകണക്കനുസരിച്ചു ഇതിനുമുൻപ് 1932,1999, 2002 വർഷങ്ങളിലായി മൂന്നു തവണ ഒക്ടോബറിൽ 500 മില്ലിമീറ്ററിനു മുകളിൽ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തവണത്തെ വേനൽമഴയിൽ ജനുവരിയിൽ ഏറ്റവും കൂടുതൽ അളവിലാണ് മഴ ലഭിച്ചത്. വരുംദിവസങ്ങളിലെ മഴകൂടിയാകുമ്പോൾ ഈ തുലാവർഷത്തെ മഴയുടെ അളവ് ഇനിയും വർധിക്കും.

എട്ടു തുലാവർഷ സീസണുകളിൽ 2019, 2015, 2014 വർഷങ്ങളിലാണു മാത്രമാണ് ശരാശരിയെക്കാൾ കൂടുതൽ മഴ ലഭിച്ചത്. എന്നാൽ തുലാവർഷം ആരംഭിക്കുന്ന ഒക്ടോബർ 1 മുതൽ 28 വരെയുള്ള സമയത്തു തന്നെ ഈ സീസണിൽ ലഭിക്കേണ്ട മുഴുവൻ മഴയും കിട്ടി. നൂറ്റാണ്ടിനിടയിൽ ഈ സീസണിൽ കുറവ് മഴ ലഭിച്ചത് 2016 ലാണ് 67 %. വൈകി തുലാവർഷമെത്തിയത് 2018 ലും, അന്ന് നവംബറിലാണ് മഴ പെയ്തത്.

മഴ തുടരുമെന്നാണ് പ്രവചനം. അതുകൊണ്ട് തന്നെ കേരളത്തിൽ ദുരിതങ്ങളും ഇരട്ടിയാകും. അണക്കെട്ടുകളെല്ലാം നിറഞ്ഞൊഴുകുന്ന അവസ്ഥയിലാണ്. മുല്ലപ്പെരിയാർ തുറന്നിട്ടുണ്ട്. ഇത് എന്ന് അടയ്ക്കാനാകുമെന്ന് ആർക്കും ഉറപ്പില്ല. ഇടുക്കിയും തുറക്കൽ ഭീതിയിലാണ്. പെരിയാറിലേക്ക് കൂടുതൽ മഴ എത്തിയാൽ മധ്യ കേരളം പ്രളയ ഭീതിയിലാകും.

കാലവർഷം കർഷകരെ ദുരിതത്തിലാക്കന്നു. ഇതിനൊപ്പം കർഷകർക്ക് നഷ്ടപരിഹാരവും താമസിക്കുന്നു. കഴിഞ്ഞ മേയിലുണ്ടായ മഴയിൽ കൃഷി നശിച്ചവർക്കുള്ള തുകയാണ് പല ജില്ലകളിലും വിതരണം ചെയ്യാത്തത്. മൊത്തം അപേക്ഷകരിൽ 76 ശതമാനം പേർക്കും നൽകിയിട്ടില്ല. തുലാമഴയും ഇവർക്ക് പ്രതിസന്ധിയായി. നെല്ല്, വാഴ, പച്ചക്കറി തുടങ്ങിയ മേഖലയിലെ കർഷകർക്കാണ് നഷ്ടപരിഹാരം ലഭിക്കാനുള്ളത്.

കൃഷിനാശത്തെ തുടർന്ന് കൃഷിഭവൻ വഴിയാണ് കർഷകർ അപേക്ഷ നൽകിയത്. വയനാട്, എറണാകുളം ജില്ലകളിൽ ഒരാൾക്കുപോലും തുക കിട്ടിയിട്ടില്ല. നെൽകൃഷിക്ക് വലിയ നാശനഷ്ടമുണ്ടായ ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ അപേക്ഷകർ ഉണ്ടായിരുന്നത്. 6,961 അപേക്ഷകരിൽ 1,782 പേർക്ക് മാത്രമാണ് തുക കൊടുക്കാൻ കഴിഞ്ഞത്.

കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിഹിതം ചേർത്തുള്ള തുകയാണ് വിതരണം ചെയ്യുന്നത്. ഇതിൽ കേന്ദ്രവിഹിതം 25 ശതമാനം മാത്രമാണുള്ളത്. അത് അനുവദിച്ചിട്ടുണ്ട്.