തിരുവനന്തപുരം: തുടർച്ചയായ ചക്രവാതങ്ങളും അപ്രതീക്ഷിത വ്യതിയാനങ്ങളും കാരണം അസാധാരണ സ്ഥിതിവിശേഷമുണ്ടായ കാലവർഷക്കാലം ഇനിയും ദിവസങ്ങൾ നീണ്ടു നിന്നേക്കും. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയോടു ചേർന്ന പ്രദേശത്ത് രൂപപ്പെട്ട ന്യൂനമർദ്ദവും അറബിക്കടലിലെ ചക്രവാതത്തിന്റെ ഭാഗമായി കേരളകർണാടക തീരത്തുണ്ടായ മഴപാത്തിയും തമ്മിൽ ചേർന്നു ശക്തമായ ചുഴലിയായി മാറുമെന്ന ആശങ്ക കുറഞ്ഞെങ്കിലും മഴ തുടരുകയാണ്.

അറബിക്കടലിലെ മഴപ്പാത്തി ദുർബലമായി. എന്നാൽ, മാന്നാർകടലിടുക്കുവഴിയുള്ള ന്യൂനമർദ്ദത്തിന്റെ നീക്കം മന്ദഗതിയിലായതിനാൽ നവംബർ രണ്ടുവരെ സംസ്ഥാനത്ത് മഴ തുടരും. ഇന്ന് 12 ജില്ലകളിൽ കനത്ത മഴയുടെ ജാഗ്രതാ നിർദ്ദേശമുണ്ട്. പതുക്കെയുള്ള സഞ്ചാരഗതിയിൽ മഴപെയ്ത് ന്യൂനമർദ്ദം ദുർബലമാകാനുള്ള സാധ്യതയും നിലനിൽക്കുന്നു. നിലവിൽ ആന്ധ്രയുടെ വടക്കുഭാഗത്ത് കനത്ത മഴയുണ്ട്. 30, 31 തീയതികളിൽ കനത്ത മഴ,പ്രത്യേകിച്ച് കിഴക്കൻ ജില്ലകളിൽ പ്രതീക്ഷിക്കുന്നതായാണ് ഐഎംഡിയുടെ വിലയിരുത്തലിലെ സൂചനകൾ.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നു തന്നെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരം ഒക്ടോബർ 29 മുതൽ നവംബർ 11 വരെ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴസാധ്യത പ്രവചിക്കുന്നു. രണ്ടാഴ്ചയിലും മധ്യ, തെക്കൻ കേരളത്തിൽ വടക്കൻ കേരളത്തെ അപേക്ഷിച്ചു കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

ന്യൂനമർദത്തിന്റെ ഫലമായി കേരളത്തിൽ നവംബർ രണ്ട് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ന്യൂനമർദം നിലവിൽ ശ്രീലങ്കയ്ക്കും തമിഴ്‌നാട് തീരത്തിനും സമീപത്താണ്. അടുത്ത 3-4 ദിവസം പടിഞ്ഞാറു ദിശയിലുള്ള സഞ്ചാരം തുടരാനാണു സാധ്യത.

അടുത്ത ദിവസങ്ങളിൽ യെല്ലോ അലർട്ടുള്ള ജില്ലകൾ

30-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
31-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
01-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. 31-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും ഓറഞ്ച് അലെർട്ടിന് സമാനമായ മഴ പെയ്യാനുള്ള സാധ്യത പ്രവചിക്കപ്പെട്ടതിനാൽ അതിനനുസരിച്ചുള്ള മുൻകരുതലുകൾ ബന്ധപ്പെട്ടവർ സ്വീകരിക്കേണ്ടതാണെന്നും മുന്നറിയിപ്പിൽ പറയുന്നു.

കേരള -ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ഇന്ന് തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന് കിടക്കുന്ന ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഞായറാഴ്ച ഗൾഫ് ഓഫ് മാന്നാർ പ്രദേശങ്ങളിലും സമാന കാലാവസ്ഥയായിരിക്കും.