തിരുവനന്തപുരം : സംസ്ഥാനത്ത് ചില സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയായിരിക്കുമെന്നാണ് നിർദ്ദേശം.

മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശം നൽകി. ശനിയാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. അറബിക്കടലിൽ ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താലാണ് കേരളത്തിൽ മഴ കിട്ടുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ആറ് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചിട്ടുണ്ട്.

ന്യൂനമർദ്ദം അടുത്ത ദിവസങ്ങളിൽ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് കൂടുതൽ ശക്തി പ്രാപിക്കുമെങ്കിലും കേരളത്തെ കാര്യമായി ബാധിക്കാനിടയില്ലെന്നാണ് വിലയിരുത്തൽ. ഇതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.70 അടിയായി ഉയർന്നിട്ടുണ്ട്. തമിഴ് നാട്ടിൽ നിന്നുള്ള അഞ്ച് മന്ത്രിമാർ ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും. സ്പിൽവേ ഷട്ടറുകൾ തുറന്ന സാഹചര്യം വിലയിരുത്താനാണ് സന്ദർശനം.

അഞ്ച് മന്ത്രിമാരടങ്ങുന്ന സംഘമാണ് മുല്ലപ്പെരിയാറിൽ എത്തുന്നത്. ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകൻ, ധനമന്ത്രി ത്യാഗരാജൻ, സഹകരണ മന്ത്രി ഐ പെരിയ സ്വാമി, റവന്യു മന്ത്രി മൂർത്തി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ചക്രപാണി എന്നിവർക്കൊപ്പം തേനി എംഎൽഎയും ഒപ്പം ഉണ്ടാകും. ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേയിലെ ഏഴ് ഷട്ടറുകൾ കൂടി തമിഴ്‌നാട് ഉയർത്തിയിരുന്നു. സെക്കന്റിൽ മൂവായിരത്തി തൊള്ളായിരം ഘനയടിയോളം വെള്ളമാണ് പെരിയാറിലൂടെ തുറന്ന് വിട്ടിരിക്കുന്നത്.

മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിൽ പെയ്ത കനത്ത മഴയാണ് ജലനിരപ്പ് വേഗത്തിൽ ഉയരാൻ കാരണമായത്. അഞ്ചു മണിക്കൂർ കൊണ്ട് ജലനിരപ്പ് ഒരടിയോളം ഉയർന്നതിനെ തുടർന്നാണ് അടച്ച ഷട്ടറുകൾ വീണ്ടും തുറക്കാൻ തീരുമാനിച്ചത്.