തിരുവനന്തപുര: റെക്കോർഡിട്ട തുലാമഴ സംസ്ഥാനത്തു ശക്തമായി തുടരുന്നു. ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ മുതൽ മഴ കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്ന് തെക്കാൻ കേരളത്തിൽ മഴയുടെ ശക്തികുറയുമെന്നാണ് പ്രതീക്ഷ. എന്നാൽ വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും അതിശക്തമായ മഴ തുടരും. തുലാ വർഷത്തിൽ ഇത്തവണ 105 ശതമാനം അധിക മഴകിട്ടി. ഇതുവരെ 833 മില്ലീലിറ്ററിൽ അധികം മഴ പെയ്തു. വലിയ കൃഷിനാശവും ഉണ്ടായി.

മധ്യകിഴക്കൻ-തെക്കുകിഴക്കൻ അറബിക്കടലിൽനിന്ന് വടക്കൻ കേരളത്തിൽ കൂടി തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ ന്യൂനമർദ പാത്തി നിലനിൽക്കുകയാണ്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത രണ്ടു ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദം അടുത്ത 24 മണിക്കൂറിൽ ശക്തമായ ന്യൂനമർദമായി മാറും. തുടർന്ന് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നാളെയോടെ മധ്യകിഴക്കൻ-തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്.

വടക്കൻകേരള തീരത്തും ഈ മാസം 18 വരെ കർണാടക തീരത്തും മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ വേഗത്തിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗത്തിലും കാറ്റ് വീശാനിടയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. എല്ലാ റിക്കാർഡും ഭേദിച്ച് കേരളത്തിൽ തുലാവർഷ മഴ തുടരുന്നു. ഒക്ടോബർ ഒന്നു മുതൽ നവംബർ 15 വരെ കേരളത്തിൽ ലഭിച്ചത് 833.8 മില്ലീമീറ്റർ മഴയാണ്. 2010ൽ ലഭിച്ച 822.9 മില്ലിമീറ്റർ മഴയാണ് ഇതുവരെയുള്ള സർവകാല റിക്കാർഡ്.

ഡിസംബർ 31ന് അവസാനിക്കുന്ന (92 ദിവസം) തുലാവർഷം 45 ദിവസം കൊണ്ടുതന്നെ റിക്കാർഡ് മറികടന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ലഭ്യമായ 121 വർഷത്തെ കണക്കു പ്രകാരം തുലാവർഷ മഴ 800 മില്ലിമീറ്റർ കൂടുതൽ ലഭിച്ചത് ഇതിനു മുൻപ് രണ്ടു തവണ മാത്രമാണ്. 2010, 1977 വർഷങ്ങളിൽ.

തിരുവനന്തപുരം ജില്ലയിൽ മഴക്കെടുതികളിൽ 2 പേർ കൂടി മരിച്ചു. വെമ്പായത്ത് മഴവെള്ളം നിറഞ്ഞുകിടന്ന കിണറ്റിൽ വീണ് 4 വയസ്സുകാരിയും പേപ്പാറയിൽ പുഴയിൽ മീൻ പിടിക്കാൻ പോയ സംഘത്തിലെ യുവാവുമാണ് മരിച്ചത്. നെയ്യാറിൽ ഒഴുക്കിൽപ്പെട്ട സ്ത്രീയെ കാണാതായി. വിവിധ തെക്കൻ ജില്ലകളിലായി ഏഴായിരത്തോളം പേർ ദുരിതാശ്വാസ ക്യാംപുകളിലാണ്. കൊല്ലം ജില്ലയിൽ മൂവായിരത്തോളം പേരും ആലപ്പുഴ ജില്ലയിൽ 1376 പേരും പത്തനംതിട്ട ജില്ലയിൽ 2410 പേരും കോട്ടയം ജില്ലയിൽ 200 പേരും ക്യാംപുകളിൽ കഴിയുന്നു. കുട്ടനാട്ടിൽ ജലനിരപ്പ് അപകട നിലയിലാണ്. ഈ വർഷം ജനുവരി 1 മുതൽ ഞായറാഴ്ച വരെ 128 പേർ മഴക്കെടുതികളിൽ മരിച്ചു. 6 പേരെ കാണാതായി.

ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർമാർ ഇന്നും അവധി പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കേരള, എംജി സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി. തിരുനന്തപുരത്ത് നെടുമങ്ങാട്, കാട്ടക്കട, നെയ്യാറ്റിൻകര താലൂക്കിലെ സ്‌കൂളുകൾക്കും അവധിയാണ്. കഴിഞ്ഞ 5 ദിവസത്തെ പേമാരിയിലെ കൃഷി നഷ്ടം മാത്രം 54.83 കോടി രൂപയാണെന്നു വിലയിരുത്തൽ. ഈ മാസം 12 മുതൽ സംസ്ഥാനത്തൊട്ടാകെ 382 വീടുകൾ പൂർണമായും, 2205 വീടുകൾ ഭാഗികമായും തകർന്നു.

1,43,236 കർഷകരുടേതായി 62,991.41 ഹെക്ടർ കൃഷിയാണു നശിച്ചത്. ആലപ്പുഴ ജില്ലയിലാണ് കൂടുതൽ 21,013.12 ഹെക്ടർ. തൃശൂരിൽ 18,515.18 ഹെക്ടർ നശിച്ചു. തിരുവനന്തപുരം ജില്ലയിൽ നാലും എറണാകുളം, തൃശൂർ ജില്ലകളിൽ ഓരോ മരണവുമാണ് കഴിഞ്ഞ 2 ദിവസമായി റിപ്പോർട്ട് ചെയ്തത്. എന്നാൽ 5 മരണം മാത്രമാണു സർക്കാർ സ്ഥിരീകരിച്ചിരിക്കുന്നത്. കൂടുതൽ വീടുകൾ തകർന്നത് തിരുവനന്തപുരം ജില്ലയിലാണ്114. കൊല്ലം 48, പത്തനംതിട്ട 29, കോട്ടയം 25 എന്നിങ്ങനെയാണു കണക്ക്.

ഒരു മാസമായുണ്ടായ കനത്ത മഴയിലും പ്രകൃതിക്ഷോഭങ്ങളിലുമായി സംസ്ഥാനത്ത് 548.36 കോടി രൂപയുടെ കൃഷി നാശമുണ്ടായതായി കൃഷി വകുപ്പ് അറിയിച്ചു. ഒക്ടോബർ 12 മുതൽ നവംബർ 15 വരെയുള്ള നഷ്ടമാണിത്. കാർഷിക മേഖലയിൽ നെൽകൃഷിക്കാണ് ഏറ്റവും കൂടുതൽ നഷ്ടം. 224.68 കോടി രൂപയുടെ നഷ്ടമുണ്ടായതായാണു കണക്ക്. 14,978.70 ഹെക്ടറിലെ നെൽകൃഷി നശിച്ചു. വാഴ കൃഷിയിലുണ്ടായിട്ടുള്ളത് 177.66 കോടി രൂപയുടെ നഷ്ടം.

13,08,657 കുലച്ച വാഴകളും 24,78,963 കുലയ്ക്കാത്ത വാഴകളും നശിച്ചതായാണു കണക്ക്. 2,897 ഹെക്ടറിലെ പച്ചക്കറി കൃഷി നശിച്ചു. ഇതുമൂലം 11.90 കോടി രൂപയുടെ നഷ്ടമുണ്ടായി. 22,667 ഹെക്ടറിലെ കപ്പ കൃഷി നശിച്ചു. ഇതുവഴിയുണ്ടായ നഷ്ടം 29.46 കോടി .