തിരുവനന്തപുരം: തെക്കൻ കേരളത്തിൽ വീണ്ടും തോരാമഴ. തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന പുതിയ ന്യൂനമർദ്ദത്തിന്റെ ഫലമായാണ് സംസ്ഥാനത്ത് കനത്ത മഴ. തെക്കൻ ജില്ലകളിൽ അതിശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്.

പുലർച്ചെ മുതൽ മാനം കറുത്ത് ഇരുണ്ട അവസ്ഥയിലായിരുന്നു. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾ ഒഴിച്ച് മറ്റെല്ലായിടത്തും ഇന്ന് യെല്ലോ അലർട്ടാണ്. ഇടുക്കിയും മുല്ലപെരിയാറും അടക്കമുള്ള ഡാമുകൾ വീണ്ടും നിറഞ്ഞു കവിയാൻ സാധ്യതയുണ്ട്. പത്തനംതിട്ടയിലും ജാഗ്രതയാണ്. മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പ് ഉയരുന്നത് അതീവ സങ്കീർണ്ണമായ സാഹചര്യമുണ്ടാക്കും.

നവംബർ 29 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. അതേസമയം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ പുതിയ ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിൽ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശ്രീലങ്ക, തെക്കൻ തമിഴ്‌നാട് തീരത്തേക്ക് നീങ്ങിയേക്കും. ഇതും കേരളത്തെ വലയ്ക്കും.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ

നവംബർ 24: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്.

നവംബർ 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്.

നവംബർ 26: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്.

നവംബർ 27: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

നവംബർ 28: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം, എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോ മീറ്റർ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ പ്രസ്തുത മേഖലകളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.