തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴ തുടരുന്നു. തിരുവനന്തപുരത്ത് ഇന്നലെ രാത്രി കനത്ത മഴയായിരുന്നു. വിതുര,പാലോട്, നെടുമങ്ങാട് മേഖലകളിൽ മഴ മാറിയിട്ടില്ല. വാമനപുരം, നെയ്യാർ നദികളിൽ ജലനിരപ്പുയർന്നു. തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിതുര പൊന്നാം ചുണ്ട് പാലത്തിലും, സൂര്യകാന്തി പാലത്തിലും വെള്ളം കയറി. ആറ്റിങ്ങൽ സ്വകാര്യ ബസ്റ്റാൻഡ് പരിസരത്തെ റോഡിൽ വെള്ളം കയറി. ഇവിടെ ശക്തമായ ഒഴുക്കുമുണ്ട്. ഇരുചക്രവാഹന ഗതാഗതം തടസ്സപ്പെട്ട അവസ്ഥയാണ്.

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. നിലവിൽ കോമോറിൻ ഭാഗത്തുള്ള ചക്രവാതച്ചുഴി ഇന്ന് അറബിക്കടലിലേക്ക് എത്തും. നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദവും രൂപപ്പെടും. പിന്നീട് ഇത് ശക്തിപ്രാപിച്ച് ഇന്ത്യൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദത്തിന്റെയും പ്രഭാവത്തിൽ കിഴക്കൻ കാറ്റ് സജീവമാകുന്നതിനാൽ ഒറ്റപ്പെട്ട ശക്തമായ മഴ കേരളത്തിൽ തുടരും.

ഇരുപതോളം ന്യൂനമർദ്ദങ്ങളാണ് ഇക്കൊല്ലം ഇതുവരെയുണ്ടായത്. അതിലൊന്ന് ചുഴലിക്കാറ്റായി. അരനൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ മഴ കിട്ടിയ വർഷവും മാസവും സീസണും ഈ വർഷമാണ്. കൂടുതൽ മഴ ഒക്ടോബറിൽ. ശൈത്യകാല സീസണായ ജനുവരി മുതൽ മാർച്ച് വരെയാണ് ഏറ്റവും അധികം മഴ പെയ്തത്.വരും ദിവസങ്ങളിൽ മഴ കൂടുമെന്നാണ് വിലയിരുത്തുന്നത്. കിഴക്കൻ കാറ്റിന്റെ ശക്തി കൂടുന്നതും ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദ്ദങ്ങളുണ്ടാകുന്നതുമാണ് കാരണം.

വടക്ക് കിഴക്കൻ കാറ്റ് ശക്തമാണ്. ഇതിന്റെയെല്ലാം സ്വാധീനമായി സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ശക്തമായ മഴ ലഭിക്കും. തെക്ക് മദ്ധ്യ ജില്ലകളിലാണ് കൂടുതൽ മഴ. ഇന്ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലളിൽ യെല്ലോ അലർട്ടാണ്.

തിരുവനന്തപുരത്ത് അതീവ ജാഗ്രതയാണുള്ളത്. വെള്ളറടയിൽ ഉരുൾപൊട്ടലിന് സമാനമായ മലവെള്ളപാച്ചിൽ ഉണ്ടായി. 15 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ചുണ്ടിക്കൻ നെല്ലിശേരി, കുരിശുമലയുടെ അടിഭാഗം എന്നിവിടങ്ങളിലാണ് ശക്തമായി മലവെള്ളം ഒലിച്ചിറങ്ങിയത്. ഉരുൾപൊട്ടലിന് സമാനമായ രീതിയിൽ പാറ കഷണങ്ങളും ഒഴുകി വന്നു.

കൊല്ലം ജില്ലയിലും രണ്ട് മണിക്കൂറായി നല്ല മഴയുണ്ട്. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എം സി റോഡിൽ നിലമേൽ ഭാഗത്ത് വെള്ളം കയറി. ഗതാഗതം തടസപ്പെട്ട അവസ്ഥയാണ്. വാഹനങ്ങൾ മറ്റ് ഇടറോഡുകൾ വഴി തിരിച്ചു വിടുകയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ കൊല്ലം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

ലഭിക്കേണ്ടതിലും അധിക മഴയാണ് ഇത്തവണ കേരളത്തിൽ പെയ്തത്. ഈ വർഷം എല്ലാ സീസണലും അധിക മഴയാണ് ലഭിച്ചത്. കാലവർഷത്തിൽ ശരാശരി മഴയും. തുലാവർഷം അവസാനിക്കാൻ ഒരു മാസം ശേഷിക്കെ, 112 ശതമാനം അധിക മഴ ലഭിച്ചു. ജനുവരി മുതൽ ഇതുവരെ ലഭിച്ച മഴ - 3543 മില്ലി മീറ്റർ. ശൈത്യകാലത്തും വേനൽക്കാലത്തും പ്രതീക്ഷിച്ചതിലും കൂടുതൽ മഴ പെയ്തു. തുടർച്ചയായ ന്യൂനമർദ്ദങ്ങളാണ് കാരണം.