തിരുവനന്തപുരം: കേരളത്തിൽ പെയ്യുന്നത് പ്രതീക്ഷിക്കുന്നതിലും കനത്ത മഴ. അതുകൊണ്ട് തന്നെ അണക്കെട്ടുക്കൾ ഈ മാസവും നിറയാനുള്ള സാധ്യത ഏറെയാണ്. മഴയ്‌ക്കൊപ്പം കാറ്റും പ്രതിസന്ധി കൂട്ടുന്നു. അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 5 ദിവസം മഴ തുടർന്നേക്കും. ഇത് പ്രളയസമാനമായ സാഹചര്യം ഉണ്ടാക്കാൻ സാധ്യത ഏറെയാണ്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഞായറാഴ്ച യെലോ അലർട്ടും പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണം. കാറ്റിൽ മരങ്ങൾ വീഴുന്നത് വലിയ നാശനഷ്ടത്തിന് കാരണമാകുന്നുണ്ട്. വൈദ്യുതി ലൈനുകൾക്കും വ്യാപക നഷ്ടമുണ്ടാക്കുന്നുണ്ട്. ഇതെല്ലാം ദുരിതം കൂട്ടും.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ശനിയാഴ്ച ഇടുക്കി ജില്ലയിൽ മഞ്ഞ അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും ശക്തമായതോ അതിശക്തമായതോ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണ ഏപ്രിൽ മാസം ചൂടിന്റേതാണ്. ഇതാണ് മഴയ്ക്കും ഇടിമിന്നലിനും വഴിമാറുന്നത്.

കേരള തീരത്ത് ശനിയാഴ്ച മത്സ്യബന്ധനത്തിൽ ഏർപ്പെടുവാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കേരള തീരത്ത് മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കേരള തീരത്ത്നിന്നും ആരും ഈ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ കടലിൽ പോകരുതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ തടസ്സമില്ല.

വീട്ടുവളപ്പിലെ മരങ്ങളുടെ ചില്ലകൾ വെട്ടിയൊതുക്കണം. അപകടകരമായി നിൽക്കുന്ന മരങ്ങൾ പൊതു ഇടങ്ങളിൽ ശ്രദ്ധയിൽപെട്ടാൽ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം. ഓല മേഞ്ഞതോ ഷീറ്റിട്ടതോ അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി, 1077 എന്ന നമ്പറിൽ മുൻകൂട്ടി ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ സുരക്ഷിത കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതുമാണ്.

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കണം.