തിരുവനന്തപുരം: വീണ്ടും മഹാപ്രളയം എത്തുമോ? ആശങ്കയുടെ സൂചന നൽകി ഇന്നലെ വൈകിട്ടു മുതൽ തോരാ മഴ. എല്ലാ അണക്കെട്ടുകളും നിറയാനുള്ള സാധ്യതയാണ് പെരുമഴ നൽകുന്നത്. മലയോരത്ത് ആശങ്ക ശക്തമാക്കു്‌നതാണ് മഴയുടെ ശക്തി. ഇടവപ്പാതിയും നേരത്തെ എത്തുമെന്നാണ് മുന്നറയിപ്പ്. അതുകൊണ്ട് തന്നെ അതീവ ജാഗ്രതയിലാണ് കേരളം. രക്ഷാ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. അപകട മേഖലയിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി കഴിഞ്ഞു.

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും കാറ്റിന്റെ ശക്തി കൂടി. അറബിക്കടലിൽനിന്ന് ലക്ഷദ്വീപ് കടന്നുവരുന്ന ശക്തമായ കാറ്റും ആന്ധ്രാതീരത്തെ അന്തരീക്ഷച്ചുഴിയുമാണ് കേരളത്തിലെ അതിശക്ത മഴയ്ക്കു കാരണം. എടവപ്പാതി 27-ന് സംസ്ഥാനത്തെത്തുമെന്നാണ് പ്രവചനം. മഴമുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മലയോരമേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കും. തീർത്ഥാടകർ രാത്രിയാത്രകളും ജലാശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണം. സംസ്ഥാന കൺട്രോൾ റൂമികളിലേക്ക് 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.

കാലവർഷത്തിനു മുന്നോടിയായാണ് അതിശക്തമായ മഴ. ചീഫ് സെക്രട്ടറി വിളിച്ച വകുപ്പുകളുടെയും സേനാ വിഭാഗങ്ങളുടെയും യോഗം മുന്നൊരുക്കങ്ങൾ വിലയിരുത്തി. തിങ്കളാഴ്ചവരെ അതിശക്ത മഴപെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച ആറു ജില്ലകളിലും തിങ്കളാഴ്ച ഏഴു ജില്ലകളിലും ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. ശക്തമായ മഴ പ്രതീക്ഷിക്കുന്ന അഞ്ച് ജില്ലകൾ മഞ്ഞജാഗ്രതയിലാണ്. മലയോര മേഖലയിൽ ചുവപ്പ് ജാഗ്രതയ്ക്കു സമാനമായ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.

18 വരെ കേരളത്തിൽ പരക്കെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാം. ശക്തമായ കാറ്റിനും ഉയർന്ന വേലിയേറ്റത്തിനും സാധ്യതയുള്ളതിനാൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തം വിലക്കി. എടവപ്പാതി ഇത്തവണ പതിവിലും നേരത്തേ കേരളത്തിൽ എത്തും.

ഇന്ന് ഓറഞ്ച് ജാഗ്രത
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.

മഞ്ഞജാഗ്രത
തിരുവനന്തപുരം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്.

നാളെ ഓറഞ്ച് ജാഗ്രത
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.

മഞ്ഞജാഗ്രത
തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്.

നഗരത്തിലെ വെള്ളക്കെട്ട് നിരീക്ഷിക്കാൻ കൊച്ചി കോർപ്പറേഷനിൽ പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കും. മുഴുവൻ ജില്ലകളിലും ജില്ല, താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കും. വിനോദസഞ്ചാരികൾ രാത്രിയാത്രകൾ ഒഴിവാക്കുകയും പരമാവധി താമസസ്ഥലത്ത് തുടരുകയും ചെയ്യണം. കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ജാഗ്രതാനിർദ്ദേശം നൽകി. ജെ.സി.ബി., ബോട്ടുകൾ, മറ്റു ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവ തയ്യാറാക്കിവെക്കണം. സുരക്ഷാബോട്ടുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാൻ തീരദേശ പൊലീസ് സ്റ്റേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ജില്ലകളിലും ആവശ്യമെങ്കിൽ സേവനത്തിന് സന്നദ്ധസേനയെയും വിളിക്കാമെന്ന് ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ എല്ലാ ജില്ലാ ഫയർഫോഴ്സ് മേധാവികൾക്കും ഉത്തരവ് നൽകി.

പല ജില്ലകളിലും 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴയ്ക്കു സാധ്യതയുണ്ട്. മിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ മിന്നൽ സാധ്യത കൂടുതലാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവരവരുടെ സ്റ്റേഷൻ പരിധി വിട്ടുപോകാൻ പാടുള്ളതല്ലെന്നും അടിയന്തര ഘട്ടങ്ങളിൽ ഉദ്യോഗസ്ഥരുടെ ലഭ്യത കലക്ടർമാർ ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.