കൊച്ചി: വീണ്ടും മഴ ഭീതിയിൽ കേരളം. വടക്കാൻ കേരളത്തിൽ ശക്തമായ മഴയാണ്. ഇടുക്കിയിലും കാലവർഷം ശക്തം. ഇതോടെ പ്രധാന അണക്കെട്ടുകളിലേക്ക് നീരോഴുക്കും കൂടി. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135.40 അടിയിലെത്തിയതോടെ തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകി. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് മുന്നറിയിപ്പ് കൈമാറിയത്. രാത്രി പത്തോടെ ജലനിരപ്പ് 135.50 അടിയിലെത്തി.തുറക്കുന്നതിനു മുന്നോടിയായി 3 മുന്നറിയിപ്പുകളാണു നൽകുക. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് കലക്ടറുടെ നിർദ്ദേശമുണ്ട്.

കനത്ത മഴയെത്തുടർന്ന് 15 ദിവസംകൊണ്ട് സംസ്ഥാനത്തെ കെഎസ്ഇബി അണക്കെട്ടുകളിൽ 26 ശതമാനം വെള്ളം ഒഴുകിയെത്തി. കെഎസ്ഇബി അണക്കെട്ടുകളിലെ ജലനിരപ്പ് 59 ശതമാനം പിന്നിട്ടു. കഴിഞ്ഞ വർഷം ഇതേ ദിവസത്തെക്കാൾ 8 ശതമാനം അധികമാണിത്. പൊന്മുടി, കുറ്റിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർപെരിയാർ അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പെരിങ്ങൽകുത്തിൽ ഓറഞ്ച് അലർട്ട് ആണ്. സംസ്ഥാനത്തെ മിക്ക അണക്കെട്ടുകളും ബ്ലൂ അലർട്ടിലേക്ക് അടുക്കുകയാണ്. വടക്കന് കേരളത്തിൽ കനത്ത മഴയാണ്. അതുകൊണ്ട് തന്നെ ഡാമുകൾ എല്ലാം തുറക്കേണ്ട സാഹചര്യം വരും. ഇതിനൊപ്പമാണ് ഇടുക്കിയിലെ മഴ ഉയർത്തുന്ന ഭീതി.

ഇടുക്കി അണക്കെട്ടിൽ 60 ശതമാനം വെള്ളമായി. ഇപ്പോൾ 2365.80 അടി വെള്ളമാണുള്ളത്. 2369.95 അടിയിലെത്തിയാൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. 2375.95 അടിയെത്തിയാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഡാം തുറക്കാനുള്ള നടപടി ആരംഭിക്കും. ജൂലൈയിലെ രണ്ടാഴ്ചയിൽ സംസ്ഥാനത്തു പെയ്തത് 52.18 സെന്റിമീറ്റർ മഴയാണ്. നാലു ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് . ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ കേരളത്തിലും മഴയുണ്ട്. എന്നൽ അത്ര ശക്തമല്ല. വരും ദിനങ്ങളിൽ മഴ ഇതേ പോലെ തുടുർന്നാൽ ദുരിതം കൂടുമെന്ന് ഉറപ്പാണ്.

വടക്ക് കിഴക്കൻ അറബിക്കടലിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ച ന്യൂനമർദം അടുത്ത 24 മണിക്കൂറിൽ വടക്ക് - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാനും തുടർന്ന് ഒമാൻ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ ജില്ലകളിൽ തുടരുന്ന ശക്തമായ മഴയിലും മണ്ണിടിച്ചിലിലും വ്യാപകനാശം ഉണ്ടായി. കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിലായി 4 പേർ മരിച്ചു. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ അട്ടപ്പാടി ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ടോറസ്, ടിപ്പർ, ഗുഡ്‌സ് തുടങ്ങിയ ചരക്കു വാഹനങ്ങൾ ചൊവ്വാഴ്ച വരെ അട്ടപ്പാടി ചുരത്തിൽ കൂടി യാത്ര ചെയ്യാൻ പാടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയും മണ്ണിടിച്ചിലിന്റേയും പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ അതിജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗപ്രതിരോധത്തിന്റെ ഭാഗമായി ഒരു കൺട്രോൾ റൂം കൂടി കോഴിക്കോട് ആരംഭിച്ചു. വയനാട് ചുരം, കുറ്റ്യാടി ചുരത്തിൽ കൂടിയുമുള്ള യാത്ര കൂടുതൽ ശ്രദ്ധിക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.

കാസർകോട് പൈവൊളികെ ചേവാർ കൊന്തളക്കാട്ടെ സ്റ്റീഫൻ ക്രാസ്റ്റയുടെ മകൻ ഷോൺ ആറോൺ ക്രാസ്റ്റ (13), കോഴിക്കോട് ഫറോഖ് കൊളത്തറ അറക്കൽപാടം വലിയപറമ്പ് അമ്മോത്ത് വീട്ടിൽ മുസബിറിന്റെ മകൻ മുഹമ്മദ് മിർഷാദ് (12), എടച്ചേരി മാമ്പയിൽ പരേതനായ കൃഷ്ണന്റെയും കാർത്യായനിയുടെയും മകൻ മാമ്പയിൽ അഭിലാഷ് (40), വയനാട് അമ്പലവയൽ കോളിയാടി നായ്ക്കമ്പാടി കോളനിയിലെ ബാബു (37) എന്നിവരാണ് മരിച്ചത്. കണ്ണൂർ ജില്ലയിൽ കനത്ത മഴയിൽ ഇന്നലെ 18 വീടുകൾ ഭാഗികമായി തകർന്നു. കോഴിക്കോട് ജില്ലയിലെ പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിൽ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. 42 വീടുകൾ ഭാഗികമായി നശിച്ചു.

മാവൂർ ഗ്രാസിം ഫാക്ടറിയുടെ മതിൽ ഇടിഞ്ഞു വീണു. തൊട്ടടുത്ത പഞ്ചായത്ത് കൺവൻഷൻ സെന്ററിലേക്ക് മഴവെള്ളവും ചെളിയും കുത്തിയൊലിച്ച് ഇറങ്ങി, വിവാഹ ആവശ്യത്തിനായി ഒരുക്കിയ ഭക്ഷണ സാധനങ്ങളും പാത്രങ്ങളും ഒഴുകിപ്പോയി. മലപ്പുറം കൊണ്ടോട്ടി മോങ്ങം ഹിൽടോപ്പിൽ ദേശീയപാതയോടു ചേർന്ന് സ്വകാര്യഭൂമിയിൽ 20 മീറ്ററോളം മണ്ണിട്ടുയർത്തിയ ഭാഗത്തെ കൂറ്റൻ സംരക്ഷണഭിത്തി തകർന്നു വീണു. ഭാരതപ്പുഴയിൽ 2 ദിവസം കൊണ്ട് ജലനിരപ്പ് 2.9 മീറ്ററിൽനിന്ന് 3.5 മീറ്ററായി ഉയർന്നു. മലമ്പുഴ ഡാമിന്റെ ഷട്ടർ ഉയർത്തിയതോടെ ഭാരതപ്പുഴയുടെ തീരത്തുള്ളവരോടു ജാഗ്രത പുലർത്താൻ കലക്ടർ ആവശ്യപ്പെട്ടു. ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം മഴയെത്തുടർന്ന് കൊച്ചിയിലേക്കു തിരിച്ചുവിട്ടു.

പാലക്കാട് നഗരത്തിൽ പലയിടത്തും കടകളിൽ വെള്ളം കയറി. ഒട്ടേറെ വീടുകൾ തകർന്നു, ഹെക്ടർ കണക്കിനു കൃഷി നശിച്ചു. മലമ്പുഴ അണക്കെട്ടിന്റെ 4 ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് തുറന്നത്. അട്ടപ്പാടിയിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ ചുരം റോഡിലൂടെ ഭാരവാഹനങ്ങളുടെ ഗതാഗതം ദുരന്തനിവാരണ അഥോറിറ്റി നിയന്ത്രിച്ചു. മലപ്പുറത്ത് ശക്തമായ മഴയിൽ പാലം വെള്ളത്തിൽ മുങ്ങി. വളരാട് തൊണ്ണൻകടവ് പാലമാണ് ഒലിപ്പുഴയിൽ ഉണ്ടായ കനത്ത വെള്ളപ്പാച്ചിലിൽ മുങ്ങിയത്. പാണ്ടിക്കാട് കിണർ ഇടിഞ്ഞു താഴ്ന്നു. മലയോര മേഖലയിൽ ഇന്ന് ശക്തമായ മഴയായിരുന്നു. മലപ്പുറം ജില്ലയിൽ കൂടി ഒഴുകുന്ന പുഴകളിൽ എല്ലാം ജലനിരപ്പ് ഉയരുകയാണ്. മലയോര മേഖലകളിൽ പല വീടുകൾക്ക് മേലെ മരം മറിഞ്ഞു വീണ് നാശനഷ്ടമുണ്ടായി.

തൃശ്ശൂരിൽ മിന്നൽ ചുഴലി ഉണ്ടായി. ചാവക്കാട് തിരുവത്ര മേഖലയിലാണ് മിന്നൽ ചുഴലി വീശിയത്. പുത്തൻ കടപ്പുറം എസി പടിയിലെ വിവിധ ഭാഗങ്ങളിലും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. പ്രദേശത്തെ ബദ്‌റു, ഹസൈനാർ, അബൂബക്കർ, ഹംസക്കുട്ടി, അബ്ബാസ് എന്നിവരുടെ വീടുകൾക്ക് ശക്തമായ കാറ്റിൽ നാശഷ്ടങ്ങളുണ്ടായി. ദേശീയ പാതയോട് ചേർന്നാണ് കൂടുതൽ മഴക്കെടുതികൾ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസവും ഇത്തരത്തിൽ മിന്നൽ ചുഴലി തൃശ്ശൂരിൽ നാശം വിതച്ചിരുന്നു. തളിക്കുളം, കൊടുങ്ങല്ലൂർ മേഖലയിൽ കടലേറ്റം രൂക്ഷമാണ്. വൃഷ്ടിപ്രദേശത്തു മഴ തുടരുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാമിന്റെ നാലു സ്പിൽവേ ഷട്ടറുകൾ തുറന്നു. മുക്കൈപ്പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരത്തുള്ളവർക്കു ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.