കോട്ടയം: മൺസൂൺ മഴയ്ക്കിടെ വൈകുന്നേരം അസാധാരണ പ്രതിഭാസമായി ഇടിയും മിന്നലും എത്തുമ്പോൾ ചർച്ചയാകുന്ന കലാവസ്ഥാ മാറ്റത്തിന്റെ ഭീതി. മഴയുടെ സ്വഭാവം പോലും മാറും. രാവിലെ ആകാശം തെളിയുകയും വെയിൽ കിട്ടുകയും ചെയ്യുന്ന ദിനങ്ങളിലാണ് വൈകുന്നേരം ശക്തമായ മഴയും ഇടിയും ഉണ്ടാകുന്നത്. ഇതൊന്നും സാധാരണ അങ്ങനെ ആയിരുന്നില്ല. മഴക്കാലത്ത് രാവും പകലും അന്തരീക്ഷം മൂടികെട്ടിക്കിടക്കുകായാണ് പതിവ്. സാധാരണ തുലാമഴക്കാലത്താണ് വൈകീട്ട് മഴയും ഇടിയും ഉള്ളത്. ഇപ്പോൾ എന്നും ഇത് സംഭവിക്കുന്നു.

രാവിലത്തെ ശക്തമായ വെയിലിൽ ഭൂമിയുടെ ഉപരിതലവും കടലും ചൂടുപിടിക്കുകയും ഈർപ്പം അതിശക്തമായി നീരാവിയായി ഉയരുകയുംചെയ്യും. രാത്രി മഴയുടെ ബാക്കിയായി അന്തരീക്ഷത്തിലും ഭൂമിയിലുമുള്ള ഈർപ്പത്തിന്റെ അളവ് കൂടുതലായതിനാൽ നീരാവിയുടെ രൂപവത്കരണവും ശക്തമാകും. ഇത് അന്തരീക്ഷത്തിൽ തുടർച്ചയായി ഒന്നിന് മീതെ ഒന്നായി തണുത്ത് മേഘങ്ങളായി വരും. വൈകുന്നേരത്തോടെ ശക്തമായ മഴ പെയ്യും. ഈ മേഘങ്ങളിൽ വൈദ്യുതി ചാർജും രൂപപ്പെടും. ഇതാണ് ഇടിക്ക് കാരണം.

ന്യൂനമർദവും കടലിന്റെ അതിതാപനവും കാരണവും കൂമ്പാരമേഘങ്ങൾ രൂപപ്പെടാറുണ്ട്. ഇതാണ് വെള്ളപ്പൊക്കങ്ങൾക്ക് ഇടയാക്കിയ മഴയ്ക്ക് കാരണമായത്. മൺസൂൺ കാലത്ത് മഴയും വെയിലും ഇടവിട്ടുവരുന്ന പ്രതിഭാസമാണ് ഇപ്പോഴത്തെ കൂമ്പാരമേഘങ്ങളുടെ രൂപവത്കരണത്തിന് കാരണം. മൺസൂൺ കാറ്റിന്റെ വ്യതിയാനവും ശക്തിയിലുണ്ടാകുന്ന വ്യത്യാസവും ഇടക്ക് മഴയും കുറയ്ക്കുന്നു. മൺസൂണിൽ ഇടയ്ക്ക് തെളിച്ചവും വൈകീട്ട് ഇടിയും ശക്തമായ മഴയും മൺസൂൺ കാറ്റിന്റെ വ്യതിയാനങ്ങളുടെ സൂചനയാണ്.

അതിനിനടെ സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെടുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ് എത്തുകയാണ്. വരുന്ന ആഴ്ച സംസ്ഥാനത്ത് മഴ തകർത്തു പെയ്യുമെന്നാണു സൂചന. ഇന്നു മുതൽ ഓഗസ്റ്റിലെ ആദ്യ രണ്ടു ദിനം മിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും തുടർന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് മുന്നറിയിപ്പ്. മധ്യ തെക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നു.

കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ഇന്നു മുതൽ ഓഗസ്റ്റ് 3 വരെ മത്സ്യബന്ധനത്തിനു പോകാൻ പാടില്ല. ഈ തീരങ്ങളിലും തെക്കു കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. ഇന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ വയനാട് ഒഴികെയുള്ള ജില്ലകളിലാണു പ്രത്യേക ജാഗ്രത നിർദ്ദേശം.

ഇതിൽ കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെലോ അലർട്ടുമാണ്. മഴ അതിശക്തമാകുമെന്നു കരുതുന്നത് ഓഗസ്റ്റ് 2, 3 തീയതികളിലാണ്. ഓഗസ്റ്റ് 2ന് തിരുവനന്തപുരം മുതൽ വടക്കോട്ടുള്ള തൃശൂർ വരെയുള്ള 8 ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെലോ അലർട്ടും ഓഗസ്റ്റ് 3ന് തിരുവനന്തപുരം, കാസർകോട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ടും ബാക്കി 11 ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്.

ഓഗസ്റ്റിൽ മഴ ശക്തമാകുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പും വിവിധ സ്വകാര്യ ഏജൻസികളും സൂചനകൾ നൽകിയിരുന്നു. കാലവർഷം മെയ്‌ 29ന് ആരംഭിച്ചെങ്കിലും ജൂണിൽ കഴിഞ്ഞ ഏതാനും വർഷങ്ങളിലേതു പോലെ ദുർബലമായി. ജൂണിൽ 53% മഴക്കുറവാണ് ഉണ്ടായത്. ജൂലൈയിൽ ആദ്യ രണ്ടാഴ്ച വടക്കൻ ജില്ലകളിൽ മാത്രമായിരുന്നു ശക്തമായ മഴ.

ജൂലൈ ഒടുവിലത്തെ കണക്കു പ്രകാരം 26% ആണ് കാലവർഷത്തിൽ കുറവ്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണു ഇതുവരെ സാധാരണ നിലയിൽ കാലവർഷമുണ്ടായത്. ഓഗസ്റ്റിൽ മഴക്കണക്കുകൾ മാറുമെന്നാണ് വിലയിരുത്തൽ.