കൊച്ചി: കലാവസ്ഥാ വ്യതിയാനകാലത്ത് ആർക്കും ഒന്നും വ്യക്തമായി പ്രവചിക്കാൻ കഴിയുന്നില്ല. അതിശക്തമായ മഴ തുടർന്നാൽ കേരളം വീണ്ടും പ്രളയത്തിൽ കഷ്ടത അനുഭവിക്കും. അണക്കെട്ടുകൾ എല്ലാം അതിവേഗം നിറയുന്നത് അശങ്കയാണ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി പ്രാപിക്കുന്നതിനു പിന്നാലെ സംസ്ഥാനത്ത് മഴയുടെ സ്വഭാവത്തിലും കാറ്റിന്റെ ഗതിയിലും മാറ്റം പ്രകടമാണ്. ചക്രവാതം ന്യൂനമർദമായി മാറുകയും ശാന്തസമുദ്രത്തിൽ രൂപംകൊള്ളുന്ന ചുഴലിക്കാറ്റ് ശക്തമാവുകയും ചെയ്താൽ വലിയ പ്രതിസന്ധി കേരളത്തിലുണ്ടാകും.

അതു സംഭവിച്ചാൽ വരും ദിവസങ്ങളിൽ തുടർച്ചയായി അതിശക്ത മഴയും കാറ്റും ഉണ്ടാവുകയും അതു കരയിലും കടലിലും കനത്ത ആഘാതമുണ്ടാക്കാമെന്നുമാണ് കാലാവസ്ഥ വിദഗ്ധരുടെ നിരീക്ഷണം. കാലവർഷത്തിലെ മഴ ഇടവേളയിൽ, അന്തരീക്ഷത്തിലുണ്ടായ ഉഷ്ണത്തിന്റെ സ്വാധീനം നിമിത്തം ഇടിയോടുകൂടിയാണ് പലയിടത്തും മഴ പെയ്യുന്നത്. ഇടവപ്പാതിയുടെ തുടർച്ചയാണ് ഈ മഴ. ഈ സമയത്ത് ഇടിവെട്ടി മഴ പതിവുള്ളതല്ല. തുലാ വർഷ കാലത്താണ് സാധാരണ ഉച്ചയ്ക്ക് ശേഷം ഇടിയോടെ മഴ പെയ്യുന്നത്. സംസ്ഥാനത്ത് ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. 20 സെന്റീ മീറ്ററിൽ കൂടുതൽ മഴയുണ്ടാകും. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി പടിഞ്ഞാറേക്ക് സഞ്ചരിക്കുന്നതിന്റെ സ്വാധീനത്തിലാണിത്.

ദുർബലമായ കാലവർഷക്കാറ്റ് ശ്രീലങ്കൻ ദിശയിലൂടെ ബംഗാൾ ഉൾക്കടലിലെത്തി, ന്യൂനമർദത്തിന്റെ ശക്തിയാർജിച്ച് തിരിച്ചെത്തുമെന്നാണ് ഇപ്പോഴത്തെ സൂചനകൾ. അതിന്റെ ലക്ഷണങ്ങൾ അന്തരീക്ഷത്തിൽ കണ്ടുതുടങ്ങി. ഹിമാലയൻ ഭാഗത്തുൾപ്പെടെ കിടക്കുന്ന കാലവർഷപ്പാത്തി അടുത്തദിവസം തെക്കു ഭാഗത്തേയ്ക്കു നീങ്ങിതുടങ്ങും. ശാന്തസമുദ്രത്തിലെ ചുഴലിയിലാണ് മഴയുടെ തീവ്രത പ്രധാനമായി നിശ്ചയിക്കുക. നിലവിൽ രൂപപ്പെടുന്ന രണ്ടു സമ്മർദങ്ങൾ ഒരുമിച്ചാൽ ഓഗസ്റ്റ് 2,3,4,5 തീയതികളിൽ സംസ്ഥാനത്ത് തീവ്രമഴ ലഭിക്കുമെന്നാണ് നിഗമനം. ഇത് വലിയ പ്രതിസന്ധിയായി മാറുകയും ചെയ്യും. തിങ്കൾ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകളിൽ ഓറഞ്ച് അലെർട്ടാണ്. വയനാട്, കാസർകോട് ഒഴികെ മഞ്ഞ അലെർട്ടും. ചൊവ്വ തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള എട്ടു ജില്ലകളിൽ ഓറഞ്ച് അലെർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയിൽ റെഡ് അലെർട്ടിനു സമാന ജാഗ്രത വേണം.

പ്രാദേശികമായി ശക്തമായ മഴയും ചുഴലിയും ഈ വർഷവും കൂടുതലായി കാണപ്പെട്ടു. വരും ദിവസങ്ങളിലും ഈ രീതി ആവർത്തിക്കും. കാലവർഷത്തിന്റെ ഇടവേള കാരണം മണ്ണിലെ ഈർപ്പം കുറഞ്ഞത്, വരും ദിവസങ്ങളിലെ തീവ്രമഴ പ്രവചനത്തിനിടയിൽ നേരിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും ന്യൂനമർദവും ചുഴലിക്കാറ്റും ഒരു പോലെ ശക്തമായാൽ കാര്യങ്ങൾ കൈവിട്ടു പോകും. മണിക്കൂറിൽ 21 സെന്റീമീറ്റർ മഴ ലഭിക്കുന്ന അതിതീവ്രമഴ ഇപ്പോൾ പ്രവചിക്കപ്പെട്ടിട്ടില്ലെങ്കിലും അതും സംഭവിക്കാം. ഏഴാം തീയതി വരെ മഴ തുടരും. അതു കഴിഞ്ഞും മഴ തുടർന്നാൽ സ്ഥിതി പ്രവചനാതീതമാകും.

ട്രോളിങ് ഞായറാഴ്ച അർധരാത്രി അവസാനിക്കുമെന്നിരിക്കെ ഏഴു ദിവസം കടലിൽ പോകരുതെന്ന നിർദ്ദേശം തീരദേശത്തെ വേദനയിലാക്കി. എല്ലാ ജിലകളിലും വരും ദിവസങ്ങളിൽ തുടർച്ചയായി മഴലഭിക്കാമെന്നാണ് വിവിധ കാലാവസ്ഥ ഗവേഷണ ഏജൻസികളുടെ മോഡലുകൾ സൂചിപ്പിക്കുന്നത്. കാലവർഷം പകുതിയായപ്പോൾ 26 ശതമാനം മഴ കുറവാണ് എന്നതും ശ്രദ്ധേയമാണ്. ജൂൺ ഒന്നുമുതൽ ജൂലൈ 31 വരെ 1301.7 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 961.1 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ജൂണിൽ 52 ശതമാനമായിരുന്നു മഴക്കുറവ്. ജൂലൈയിൽ 653.4 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 652.6 മില്ലി മീറ്റർ മഴ ലഭിച്ചു. 0.12 ശതമാനം മഴക്കുറവ്.

അറബിക്കടലിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യത ഉള്ളതിനാൽ വ്യാഴംവരെ മീൻപിടിത്തത്തിനു പോകരുത്. ട്രോളിങ് നിരോധനം അവസാനിച്ച സാഹചര്യത്തിൽ ഫിഷറീസ് വകുപ്പിനോടും കോസ്റ്റ് ഗാർഡിനോടും പ്രത്യേകം ശ്രദ്ധിക്കാൻ നിർദ്ദേശം നൽകി. വേലിയേറ്റസമയത്ത് വെള്ളം കയറാൻ സാധ്യതയുണ്ട്.