- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറഞ്ഞ സമയത്തിനുള്ളയിൽ കൂടുതൽ മഴ മേഘങ്ങൾ എത്താം; മലയോരത്ത് മണ്ണിടിച്ചിലും വെള്ളക്കെട്ടും സജീവം; അഞ്ചുദിവസം ഒരു കാരണവശാലും മീൻപിടിത്തം നടത്താൻ പാടില്ല; തെക്ക് അതിതീവ്ര മഴ; വടക്കും കാലവർഷം ശക്തമാകും; ഉയരത്തിലുള്ള തിരമാലയിൽ കടൽക്ഷോഭവും ദുരിതമാകും; മഴ ഭീതിയിൽ കേരളമെങ്ങും കനത്ത ജാഗ്രത
തിരുവനന്തപുരം: തെക്കൻ കേരളത്തിന്റെ മലയോരത്ത് അതിശക്തമായ മഴ. മലയരോരത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നാണ് ജാഗ്രതാ നിർദ്ദേശം. തിരുവനന്തപുരത്തും പത്തനംതിട്ടയിലും അതിശക്തമായ മഴയാണ്. സംസ്ഥാനത്ത് മറ്റിടങ്ങളിലും കാലവർഷം കനത്തു. അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ആദ്യം മധ്യ, തെക്കൻ കേരളത്തിലായിരിക്കും കൂടുതൽ മഴ കിട്ടുക. പിന്നീട് വടക്കും മഴ കനക്കും. വയനാട്, കാസർകോട് ഒഴികെയുള്ള മുഴുവൻ ജില്ലകളിലും മഴ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. വയനാട്, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ചയ്ക്കുശേഷം മഴയുടെ ശക്തി കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ. അണക്കെട്ടുകൾ നിറയുന്നത് ആശങ്കയാണ്. പ്രളയ സാധ്യതപോലും സംസ്ഥാന സർക്കാർ മുന്നിൽ കാണുന്നുണ്ട്. അപകട സാധ്യതയുള്ളിടത്തു നിന്ന് ആളുകളെ മാറ്റുകയാണ്.
കുറഞ്ഞ സമയത്തിനുള്ളയിൽ കൂടുതൽ മഴ മേഘങ്ങൾ എത്താമെന്നതിനാൽ മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും സാധ്യത വളരെ കൂടുതലാണ്. വനമേഖലയിൽ ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. മധ്യ തെക്കൻ ബംഗാൾ ഉൾകടലിൽ നിലനിൽക്കുന്ന ചക്രവാതചുഴിയാണ് മഴ സജീവമാക്കുന്നത്. ഇത് ന്യൂനമർധമായി മാറിയേക്കും. കർണാടക തമിഴ്‌നാട് തീരത്തായി ഒരു ന്യൂനമർദ്ദപാത്തിയും ഉണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലെ കാറ്റിന്റെ ഗതിയും ശക്തിയും മഴയ്ക്ക് അനുകൂലമാണ് ഈ സാഹചര്യം.
ഇന്നലെ രാത്രി മുതൽ കനത്ത മഴയാണ് സംസ്ഥാനത്ത്. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ അതീവ ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. അപകടസാധ്യതാ മേഖലകളിൽ താമസിക്കുന്നവരെ മാറ്റിപാർപ്പിക്കണം. ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ നദിക്കരകളിൽ താമസിക്കുന്നവർ ശ്രദ്ധിക്കണം. ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. നദികൾ, ജലാശയങ്ങൾ, തോടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഇറങ്ങരുത്. കടലിൽ ഇറങ്ങരുത്. രാത്രി യാത്രകളും വിനോദ സഞ്ചാര യാത്രകളും പരമാവധി ഒഴിവാക്കണമെന്നും വാഹനങ്ങൾ വേഗത കുറച്ച് പോകണമെന്നും നിർദ്ദേശമുണ്ട്.
തിരുവനന്തപുരത്ത് നെയ്യാർ, അരുവിക്കര ഡാമുകൾ തുറന്നു. നെയ്യാറിന്റെ നാലുഷട്ടറുകൾ അഞ്ചുസെന്റീമിറ്ററും അരുവിക്കരയുടെ മൂന്നുഷട്ടറുകൾ 20 സെന്റീമീറ്ററും ഉയർത്തി. കുംഭാവുരുട്ടി, പാലരുവി, കല്ലാർ, അടവി, മങ്കയം, പൊന്മുടി, നെയ്യാർ, കോട്ടൂർ, തുടങ്ങിയ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജനങ്ങളെ പ്രവേശിപ്പിക്കില്ലെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രിയും അറിയിച്ചു. തെങ്കാശി കുറ്റാലം വെള്ളച്ചാട്ടവും താത്കാലികമായി അടച്ചു. പത്തനംതിട്ട സീതത്തോട് കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക്പോസ്റ്റ് വഴിയുള്ള ഗവി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി.
ഓഗസ്റ്റ് നാലുവരെ അറബിക്കടൽ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പും ദേശീയ സമുദ്രഗവേഷണകേന്ദ്രവും മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് ഒന്നിന് രാവിലെമുതൽ അറബിക്കടലിൽ ഒരുമീറ്ററിലധികം ഉയരത്തിൽ തിരമാലയ്ക്ക് സാധ്യതയുണ്ട്. വരുന്ന അഞ്ചുദിവസം ഒരു കാരണവശാലും മീൻപിടിത്തം നടത്താൻ പാടില്ലെന്ന് അധികൃതർ അറിയിച്ചു. ജൂലായ് 31-ന് അർധരാത്രിയോടെ ട്രോളിങ് നിരോധനം അവസാനിച്ചതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതായി റിപ്പോർട്ടുണ്ട്. ഇത് ആശങ്കയാണ്.
കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങൾ, തെക്കുകിഴക്കൻ അറബിക്കടൽ, മധ്യ-കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 വരേ കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ഓഗസ്റ്റ് നാലുവരെ മീൻപിടിത്തത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.
കൊല്ലം കുംഭവുരുട്ടി വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിൽ തലയ്ക്ക് പരിക്കേറ്റ തമിഴ്‌നാട് മധുര സ്വദേശി കുമരനാണ് മരിച്ചത്. ഈറോഡ് സ്വദേശി കിഷോർ പരിക്കുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന നാല് പേരെ രക്ഷപ്പെടുത്തി.പത്തനംതിട്ടയിൽ ഒഴുക്കിൽപെട്ട യുവാവ് മരിച്ചു. പത്തനംതിട്ട കൊല്ലമുള പലകക്കാവിൽ ആണ് സംഭവം. കൊല്ലമുള സ്വദേശി അദ്വൈതാണ് മരിച്ചത്.
കോട്ടയത്തെ കനത്ത മഴ കോട്ടയം മൂന്നിലവ് ടൗണിൽ വെള്ളം കയറി. മുണ്ടക്കയം എരുമേലി പാതയിൽ ഗതാഗതം തടസപ്പെട്ടു. ജില്ലയിൽ മലയോരമേഖലയിൽ രാത്രിയാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട് കനത്ത മഴയിൽ പത്തനംതിട്ടയിൽ കാർ ഒഴുക്കിൽപ്പെട്ടു. കാർ ഡ്രൈവറെ രക്ഷപ്പെടുത്തി. കൊക്കാത്തോട് നെല്ലിക്കാപാറയിൽ തോട് കര കവിഞ്ഞു
തിരുവനന്തപുരം വിതുരയിൽ കനത്ത മഴയായിരുന്നു. മക്കിയാർ കര കവിഞ്ഞൊഴുകുകയാണ്. പൊന്മുടി,കല്ലാർ,മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. കൊല്ലം കുളത്തൂപ്പുഴ അമ്പതേക്കർ പാലത്തിൽ വെള്ളം കയറി. ഈ വഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. അമ്പതേക്കർ ട്രൈബൽ ഹോസ്റ്റലിലെ കുട്ടികളെയും ജീവനക്കാരെയും മാറ്റിയിട്ടുണ്ട്.കുന്നിമാൻതോടിന്റെ കരയിലെ 8 കുടുംബങ്ങളെയും മാറ്റി
ഇടുക്കി മൂലമറ്റത്ത് ഉരുൾപൊട്ടലെന്ന് സംശയം. മൂലമറ്റം വലകെട്ടിയിൽ ആണ് ഉരുൾപൊട്ടിയതായി സംശയം ഉള്ളത്. മലവെള്ളപ്പാച്ചിലിൽ പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നു.താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നുണ്ട്. തീരദേശ മേഖലകളിലും മലയോരമേഖലകളിലും അതിതീവ്ര മഴയെ കരുതിയിരിക്കണമെന്ന് കുസാറ്റ് കാലാവസ്ഥാ വിഭാഗത്തിലെ ഡോ.മനോജ് കുമാർ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ