- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴ ഒഴിഞ്ഞ് അന്തരീക്ഷം തെളിഞ്ഞാൽ ഈർപ്പം നീരാവിയായി മാറി മേഘരൂപവത്കരണം വേഗത്തിലാകുന്നു; പോരാത്തതിന് ചക്രവാത ചുഴിയും വില്ലനായി; മഴക്കെടുതികൾ കൂടാൻ കാരണം കൂമ്പാരമേഘങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിച്ചതെന്ന് വിലയിരുത്തൽ; പെയ്തിറങ്ങുന്നത് അസാധാരണമെന്നു വിശേഷിപ്പിക്കാവുന്ന അതിതീവ്രമഴ; പ്രളയ ഭീതി ശക്തം
തിരുവനന്തപുരം: പ്രളയഭീതി കൂട്ടി സംസ്ഥാനത്ത് അസാധാരണമെന്നു വിശേഷിപ്പിക്കാവുന്ന അതിതീവ്രമഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ അതീവ ജാഗ്രതയാണ്. മറ്റന്നാൾ വടക്കൻ കേരളത്തിലേക്കും അതിതീവ്രമഴ വ്യാപിക്കുമെന്നാണു പ്രവചനം. മഴ അനിശ്ചിതമായി തുടർന്നാൽ അണക്കെട്ടുകളെല്ലാം നിറയും. ഇത് പ്രളയത്തിന് കാരണമാകുമെന്ന ആശങ്ക ശക്തമാണ്.
സംസ്ഥാനത്ത് മഴക്കെടുതികൾ കൂടാൻകാരണം കൂമ്പാരമേഘങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിച്ചതാണ്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി കാരണമാണ് കൂമ്പാരമേഘങ്ങൾ കൂടിയത്. ഇതിനൊപ്പം വിവിധ ഇടങ്ങളിൽ പ്രാദേശികമായും കൂമ്പാരമേഘങ്ങൾ ഉണ്ടായപ്പോൾ മഴയുടെ ശക്തി വീണ്ടും കൂടി. ഞായറാഴ്ച കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് 220 മില്ലീമീറ്ററും തീക്കോയിയിൽ 190 മില്ലീമീറ്ററും മഴയാണ് പെയ്തത്. 200 മില്ലിമീറ്റർ കടന്നാൽ അതിതീവ്രമഴയാണ്. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ പലയിടത്തും ഞായറാഴ്ച വൈകുന്നേരംവരെ തെളിഞ്ഞ അന്തരീക്ഷമായിരുന്നു. ചിലയിടത്ത് വെയിലുമുണ്ടായി. വൈകുന്നേരത്തോടെ സ്ഥിതി മാറി അതിതീവ്രമഴ തുടങ്ങി. പെട്ടെന്ന് മഴയുടെ അളവും കൂടി.
മഴ ഒഴിഞ്ഞ് അന്തരീക്ഷം തെളിഞ്ഞാൽ ഈർപ്പം നീരാവിയായി മാറി മേഘരൂപവത്കരണം വേഗത്തിലാകുന്നതാണ് വൈകുന്നേരം ശക്തമായ മഴയ്ക്ക് ഇടയാക്കിയത്. തലേന്നത്തെ മഴമൂലം ഭൂമിയിലെ ഈർപ്പം ഒന്നിച്ച് അന്തരീക്ഷത്തിലേക്ക് ഉയരുകയും വൈകീട്ട് അന്തരീക്ഷം തണുക്കുന്നതോടെ പെയ്തിറങ്ങുകയുമാണ്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി കാരണം, കടലിൽനിന്നുള്ള ഈർപ്പംമൂലമുള്ള മേഘരൂപവത്കരണവും തീവ്രമായിട്ടുണ്ട്. ഭൂമിയുടെ അന്തരീക്ഷത്തിൽനിന്ന് 16 കിലോമീറ്റർ വരെ ഉയരത്തിൽ ഒന്നിനുമീതെ ഒന്നായി മേഘങ്ങൾ വരുന്നതിനേയാണ് കൂമ്പാരമേഘങ്ങളെന്ന് വിളിക്കുന്നത്. ഈ പ്രതിഭാസം എത്ര ദിവസം നീണ്ടു നിൽക്കുമെന്നതാണ് നിർണ്ണായകം.
2 ദിവസമായി മഴക്കെടുതികളിൽ 7 പേർ മരിച്ചു. പത്തനംതിട്ട ജില്ലയിൽ 4 പേരും തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിൽ ഓരോരുത്തരുമാണു മരിച്ചത്. തൃശൂർ ചാവക്കാട്ട് 2 പേരെയും കോട്ടയം കൂട്ടിക്കൽ, പത്തനംതിട്ട അത്തിക്കയം എന്നിവിടങ്ങളിൽ ഓരോരുത്തരെയും കാണാതായി. ദേശീയ ദുരന്തനിവാരണ സേനയുടെ 4 സംഘങ്ങൾ സംസ്ഥാനത്തെത്തി. കോട്ടയം മൂന്നിലവ് മങ്കൊമ്പിലും കണ്ണൂർ നെടുമ്പൊയിലിലും ഉരുൾപൊട്ടി. അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നുതുടങ്ങി. കൊച്ചി നഗരത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം വെള്ളത്തിലായി.
12 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു കോട്ടയത്തും പത്തനംതിട്ടയിലും 3 വീതവും തൃശൂരിൽ രണ്ടും തിരുവനന്തപുരം, കൊല്ലം, ഇടുക്കി, വയനാട് ജില്ലകളിൽ ഒന്നു വീതവും. 165 പേരെ മാറ്റിപ്പാർപ്പിച്ചു. 5 വീടുകൾ പൂർണമായും 55 വീടുകൾ ഭാഗികമായും തകർന്നു.
പത്തനംതിട്ട പുറമറ്റത്ത് കാർ തോട്ടിൽ വീണ് അച്ഛനും 2 മക്കളും മരിച്ചു. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിനു സമീപം വള്ളം മറിഞ്ഞ് കന്യാകുമാരി സ്വദേശിയായ മത്സ്യത്തൊഴിലാളി കെൽസൺ (20) മരിച്ചു. മണ്ണൊലിപ്പു സാധ്യത മുൻകൂട്ടി കണ്ട് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മലയോര മേഖലയിലേക്കു രാത്രിയാത്ര ഒഴിവാക്കണം.
കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ വെള്ളിയാഴ്ച വരെ മത്സ്യബന്ധനം വിലക്കി. കലക്ടറേറ്റുകളിലും താലൂക്ക് ഓഫിസുകളിലും സെക്രട്ടേറിയറ്റിലെ റവന്യു മന്ത്രിയുടെ ഓഫിസിലും കൺട്രോൾ റൂമുകൾ തുറന്നു. എല്ലാ ജില്ലയിലും മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേരുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ