- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെക്കൻ ആന്ധ്രപ്രദേശിനും വടക്കൻ തമിഴ്‌നാടിനും സമീപത്തായി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; അന്തരീക്ഷച്ചുഴിയുടെ സ്വാധീനത്തിൽ ഏഴുവരെ ഒറ്റപ്പെട്ട അതിശക്ത മഴയ്ക്ക് സാധ്യത; കാലവർഷ ഭീതി ഒഴിയുന്നില്ല; മലയോര മേഖലകളിൽ ജാഗ്രത തുടരും; കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു; ആറു ഡാമുകളിൽ റെഡ് അലർട്ട്; മഴയിൽ ആശ്വാസമാകുന്നില്ല
തിരുവനന്തപുരം: മഴയിൽ ആശ്വാസത്തിന് സമയമായില്ല. ഒന്നു കുറഞ്ഞെങ്കിലും മഴ ഇനിയും ശക്തമാകാൻ സാധ്യത ഏറെയാണ്. തെക്കൻ ആന്ധ്രപ്രദേശിനും വടക്കൻ തമിഴ്‌നാടിനും സമീപത്തായി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് ഇതിന് കാരണം. അതിനാൽ കേരളത്തിൽ ഓഗസ്റ്റ് 3 മുതൽ 7 വരെ വ്യാപകമായ മഴയ്ക്കും, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഓഗസ്റ്റ് 3 മുതൽ 5 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴ കുറഞ്ഞതോടെ സംസ്ഥാനത്തെ റെഡ് അലർട്ട് പിൻവലിച്ചു. നിലവിൽ ഒരിടത്തും റെഡ് അലർട്ടില്ല. വ്യാഴാഴ്ച 12 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. വൈദ്യുതി ബോർഡിനു കീഴിലെ 6 അണക്കെട്ടുകളിൽ റെഡ് അലർട്ടുണ്ടെങ്കിലും ഇവ തൽക്കാലം തുറക്കില്ല. തുടർച്ചയായ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത ഏറെയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നു കടലിൽ തിരമാല 3.3 മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്നാണു നിർദ്ദേശം.
അന്തരീക്ഷച്ചുഴിയുടെ സ്വാധീനത്തിൽ ഏഴുവരെ ഒറ്റപ്പെട്ട അതിശക്ത മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ, വടക്കൻ ജില്ലകളിൽ കനത്ത നാശനഷ്ടമുണ്ട്. ഇതുവരെ 30 വീട് പൂർണമായും 198 വീട് ഭാഗികമായും തകർന്നു. 178 ക്യാമ്പിലായി 5168 പേരെ മാറ്റിപ്പാർപ്പിച്ചു. വിവിധ നദികളിൽ ജലനിരപ്പ് ഉയർന്നു. ഇടുക്കിയും മുല്ലപ്പെരിയാറും അടക്കമുള്ള അണക്കെട്ടുകളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കാസർകോട് ബളാലിലെ ചുള്ളിവനത്തിൽ ഉരുൾപൊട്ടി. ജനവാസമേഖലയിലേക്ക് വെള്ളം കുത്തിയൊലിച്ചു. റോഡ് തകർന്നു. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലെ ഉൾവനത്തിൽ ചൊവ്വ രാത്രി തുടങ്ങിയ ശക്തമായ മഴ ബുധൻ വൈകിയും തുടർന്നു.
കുട്ടനാട്ടിൽ ജലനിരപ്പുയരുന്നുണ്ട്. കോട്ടയം കുമരകത്ത് ഇല്ലിക്കലിൽ വെള്ളം നിറഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തിന്റെ അപ്രോച്ച് റോഡിൽ ഗർത്തം രൂപപ്പെട്ടത് ഗതാഗതതടസ്സമുണ്ടാക്കി. വൈകിട്ടോടെ കുഴിയടച്ചു. പാലക്കാട് ജില്ലയിൽ 2.67 കോടിയുടെ കൃഷിനാശമുണ്ടായി. ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ പൊരികണ്ണി പത്തേക്കർ ജങ്ഷനിലെ നടപ്പാലം ഒഴുകിപ്പോയി. വട്ടവടയിൽ മണ്ണിടിഞ്ഞു. എംജി സർവകലാശാല വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷയും മാറ്റി. അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർമാർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.
മഴയ്ക്ക് നേരിയ ശമനമുണ്ടായ ബുധനാഴ്ചയും സംസ്ഥാനത്ത് അഞ്ചുമരണം. കോട്ടയം മണർകാട്ട് വെള്ളം നിറഞ്ഞ റബർത്തോട്ടത്തിൽ കളിക്കുകയായിരുന്ന വിദ്യാർത്ഥി മുങ്ങിമരിച്ചു. സെന്റ് മേരീസ് സ്‌കൂൾ അദ്ധ്യാപകൻ പണ്ടാരത്തിക്കുന്നേൽ മാത്യുവിന്റെ മകൻ അമൽ മാത്യുവാ (18)ണ് മരിച്ചത്. വൈക്കം തലയാഴം മാരാംവീടിനു സമീപം കടവിലിറങ്ങിയ ഇണ്ടംതുരുത്തിൽ ദാസൻ (70) ഒഴുക്കിൽ പെട്ടു. മൂന്നോടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട തിരുവല്ല ശ്രീവല്ലഭ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. മന്നങ്കരചിറ സ്വദേശി കാശിനാഥനാ (16)ണ് മരിച്ചത്. റാന്നി അത്തിക്കയത്ത് ഒഴുക്കിൽപെട്ട യുവാവിനെ മൂന്നാം ദിവസവും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം കൊല്ലം ഇത്തിക്കരയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കിളികൊല്ലൂർ അനുഗ്രഹ നഗർ- 71 സജീന മൻസിലിൽ നൗഫലാ(22)ണ് മരിച്ചത്.
തൃശൂർ ചേറ്റുവ അഴിമുഖത്ത് തിരയിൽ ഫൈബർ വള്ളംമറിഞ്ഞ് കാണാതായ തിരുവനന്തപുരം സ്വദേശികളായ മീൻപിടിത്തക്കാരുടേതെന്നു സംശയിക്കുന്ന രണ്ടുപേരുടെ മൃതദേഹം ഒഴുകിപോകുന്നതായി കണ്ടെത്തി. കോസ്റ്റ്ഗാർഡ് ബോട്ടും തെരച്ചിൽ തുടരുന്നുണ്ട്. തിരുവനന്തപുരം പുല്ലുവിള പഴയതുറ പുരയിടത്തിൽ ഗിൽബർട്ട് (54), മണിയൻ (വർഗീസ്- 46) എന്നിവരെയാണ് കാണാതായത്. തൃശൂർ പുതുക്കാട് കണ്ണമ്പത്തൂർ ഉഴിഞ്ഞാൽ പാടത്ത് മീൻ പിടിക്കാൻ പോകവെ കാണാതായ തൊറവ് വില്ലേജ് പുത്തൻ പുരയ്ക്കൽ വർഗീസിന്റെ മകൻ ബാബു (53) വിന്റെ മൃതദേഹം കണ്ടെത്തി. കാസർകോട് ഭീമനടി കൂരാങ്കുണ്ടിൽ പരപ്പ ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. അദ്ധ്യാപിക ലത (56)യെ തോട്ടിൽവീണ് കാണാതായി.
ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
04-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
04-08-2022: തിരുവനന്തപുരം, കൊല്ലം*
05-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
06-08-2022: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
07-08-2022:കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
24 മണിക്കൂറിൽ 64.5 മി.മീ മുതൽ 115.5 മി.മീ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്. ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കണം.
മറുനാടന് മലയാളി ബ്യൂറോ