- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലവർഷം മാറുന്നതിന് തൊട്ടു പിന്നാലെ താപനില ഉയരുന്നു; കോഴിക്കോട്ടെ ചൂട് ഇന്നലെ മൂപ്പത് ഡിഗ്രി കഴിഞ്ഞു; കലാവസ്ഥാ വ്യതിയാനം ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യത കൂടും; വെള്ളക്കെട്ടിൽ താഴ്ന്ന പ്രദേശങ്ങളും; ഇടുക്കിയും മുല്ലപ്പെരിയാറും ഉടൻ അടച്ചേക്കും; മഴ ഭീതി പതിയെ വിട്ടകലുമ്പോൾ
തിരുവനന്തപുരം: കാലവർഷം മാറുകയാണ്. അതിവേഗം കാലാവസ്ഥ മാറുകയാണ്. സംസ്ഥാനത്തു മഴ കുറഞ്ഞതോടെ താപനിലയിൽ നേരിയ വർധന. ബുധനാഴ്ച ഏറ്റവും കൂടിയ ചൂട് 31.4 ഡിഗ്രി സെൽഷ്യസ് കോഴിക്കോട് നഗരത്തിൽ രേഖപ്പെടുത്തി. ഇത് സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കും. അതായത് കനത്ത മഴയിൽ നിന്നും കനത്ത ചൂടിലേക്ക് കേരളം മാറുകയാണ്. ഈ കാലാവസ്ഥാ വ്യതിയാനം അന്തരീക്ഷ മാറ്റങ്ങൾക്ക് കാരണമാകും.
മഴയുടെ ഭീതി പൂർണ്ണമായും മാറിയിട്ടില്ല. താഴ്ന്ന സ്ഥലങ്ങളിൽ നിന്ന് ഇനിയും വെള്ളം ഒഴിഞ്ഞിട്ടില്ലെന്നു ദുരന്തനിവാരണ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനിടെയാണ് ചൂട് എത്തുന്നത്. മഴ ഇനി ഒറ്റപ്പെട്ടുമാത്രമേ പെയ്യൂവെനനാണ് വിലയിരുത്തൽ. സംസ്ഥാനത്ത് ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 10 വരെ കാലവർഷത്തിൽ 14% മാത്രമാണ് മഴ കുറഞ്ഞത്. 16 ശതമാനത്തിൽ താഴെ മഴ കുറഞ്ഞാൽ സാധാരണ തോതിൽ മഴ ലഭിച്ചതായാണ് കാലാവസ്ഥ വകുപ്പ് കണക്കാക്കുക.
സാധാരണ ഈ കാലയളവിൽ 148.08 സെന്റിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് 126.61 സെന്റിമീറ്റർ ആണ് പെയ്തത്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഒഴികെ സാധാരണ തോതിൽ കാലവർഷക്കാലത്തെ മഴ ലഭിച്ചതായാണു കാലാവസ്ഥ വകുപ്പിന്റെ കണക്ക്. ഇന്ന് രാത്രി 11.30 വരെ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മഴ സംബന്ധിച്ചു പ്രത്യേക ജാഗ്രത നിർദേശങ്ങൾ ഇല്ല. ഇത് ആശ്വാസമാണ്. കേരളത്തിലെ അണക്കെട്ടുകളിലെ ജനനരിപ്പും ഭീതിയിൽ നിന്ന് ഒഴിയുകയാണ്.
മുല്ലപ്പെരിയാർ, ഇടുക്കി ഡാമുകളിൽ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. ഇതിന്റെ ഭാഗമായി മുല്ലപ്പെരിയാറിന്റെ ഏഴു ഷട്ടറുകളും ഇടുക്കി ഡാമിന്റെ രണ്ടു ഷട്ടറുകളും അടച്ചു. മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറഞ്ഞതാണ് ഡാമിലെ ജലനിരപ്പ് കുറയാൻ കാരണം. ഇടുക്കി ഡാമിൽ നിന്ന് രണ്ടു ലക്ഷം ലിറ്റർ വെള്ളം മാത്രമാണ് ഇപ്പോൾ തുറന്നു വിടുന്നത്.നീരൊഴുക്ക് കുറഞ്ഞതോടെ ഇന്നലെ വൈകുന്നേരം മുതൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങിയിരുന്നു.
രണ്ടിടത്തും ഇന്നു മുതൽ പുതിയ റൂൾ കർവ് നിലവിൽ വന്നു. ജലനിരപ്പ് റൂൾ കർവിലേക്ക് എത്തിയാൽ മുഴുവൻ ഷട്ടറുകളും അടച്ചേക്കും. 2386.90 അടിയാണ് ഇടുക്കിയിലെ നിലവിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിലേത് 138.60 അടിയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇടുക്കിയിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ മൂന്നര ലക്ഷം ലിറ്ററാക്കി ഉയത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ