തിരുവനന്തപുരം: തെക്കൻ കേരളത്തിലും കന്യാകുമാരിയിലും വൻ നാശം വിതച്ച് 'ഓഖി' ചുഴലിക്കാറ്റ് ലക്ഷദ്വീപിലേക്ക്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദം ചുഴലിക്കാറ്റായി പരിണമിക്കുകയായിരുന്നു. ചുഴലിക്കാറ്റിന്റെ നേരിയഭാഗം മാത്രമാണ് കേരളതീരത്ത് അടിച്ചത്. ബുധനാഴ്ച രാവിലെ ശ്രീലങ്കയുടെ തെക്കുകിഴക്കായി ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം വ്യാഴാഴ്ചയോടെ ശക്തിപ്രാപിച്ച് പടിഞ്ഞാറേക്ക് നീങ്ങുകയായിരുന്നു. തെക്കൻകേരളത്തിലും തമിഴ്‌നാട്ടിലും അടുത്ത 24 മണിക്കൂറിനുള്ളിൽ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ലക്ഷദ്വീപിൽ രണ്ടുദിവസത്തേക്ക് കനത്തമഴ പെയ്യും.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനെൽവേലി ജില്ലകളിലും ജാഗ്രതാ നിർദ്ദേശം തുടരുകയാണ്. മണിക്കൂറിൽ 90 കിലോമീറ്റർവരെ വേഗത്തിൽ വീശുന്ന കാറ്റ് ഇന്ന് രാവിലെ 5.30-ഓടെ 100 കിലോമീറ്റർ വരെ വേഗമാർജിക്കും. വൈകുന്നേരത്തോടെ ഇത് 110 കിലോമീറ്റർ വരെയാകും. ശനിയാഴ്ച 120 കിലോമീറ്ററും ഞായറാഴ്ച 130 കിലോമീറ്ററും വേഗമാർജിക്കുമെന്നാണ് പ്രവചനം. എന്നാൽ കാറ്റ് ലക്ഷദ്വീപിലേക്ക് അടുക്കുമ്പോൾ തെക്കൻ കേരളത്തിൽ മഴയും തീവ്രത കുറയും. കത്ത കാറ്റിൽ മരം വീണും വൈദ്യുതാഘാതമേറ്റും സംസ്ഥാനത്ത് നാലുപേർ മരിച്ചു. കന്യാകുമാരി ജില്ലയിലും മരം വീണ് നാലുപേർ മരിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ ലക്ഷദ്വീപിൽ ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കുമെന്നാണ് പ്രവചനം.

കാലാവസ്ഥാവകുപ്പ് ഓറഞ്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന് മുന്നോടിയായി നാലുതരം മുന്നറിയിപ്പുകളാണ് പുറപ്പെടുവിക്കാറുള്ളത്. 24 മണിക്കൂർമുമ്പ് നൽകുന്നതാണ് ഓറഞ്ച് മുന്നറിയിപ്പ്. കാറ്റ് എപ്പോൾ വിനാശകാരിയാകുമെന്ന് മൂന്നുമണിക്കൂർ ഇടവിട്ട് മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കും. ഉഷ്ണമേഖല ചുഴലിക്കാറ്റായ 'ഓഖി'ക്ക് പേരിട്ടത് ബംഗ്‌ളാദേശ്. ഓഖി എന്ന ബംഗാളി വാക്കിന്റെ അർഥം കണ്ണ് എന്നാണ്. ഇന്ത്യ, മാലി, മ്യാന്മാർ, ഒമാൻ, പാക്കിസ്ഥാൻ, ശ്രീലങ്ക, തായ്ലാൻഡ് എന്നീ രാജ്യങ്ങളാണ് ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ വീശുന്ന കാറ്റുകൾക്ക് പേരിടുന്നത്. അടുത്ത ഊഴം ഇന്ത്യക്കാണ്. ഈ മേഖലയിൽ അടുത്തതായി വിശുന്ന കാറ്റിന് 'സാഗർ' എന്നാണ് ഇന്ത്യ നൽകിയ പേര്.

അപ്രതീക്ഷിതമായാണ് ഓഖി എന്ന ബംഗാളി ചുഴലിക്കാറ്റ് കേരളത്തിലെത്തിയത്. കണ്ണ് എന്നാണ് ഓഖിയുടെ അർഥമെങ്കിലും അതൊരു അപകട കണ്ണാവുന്ന കാഴ്ചയാണ് ഇന്നലെ മുതൽ കേരള തീരത്തും കന്യാകുമാരിയിലും കണ്ട് വരുന്നത്. ഓഖി എന്ന പേര് കൂടുതലായി ഉപയോഗിക്കുന്നത് ബംഗ്ലാദേശിലായതുകൊണ്ടാണ് ഇതിനെ ബംഗാളിക്കാറ്റെന്ന് വിളിക്കുന്നതും. തിരുവനന്തപുരത്തു നിന്നും 120 കിലോമീറ്റർ തെക്കു മാറി കന്യാകുമാരിക്കു സമീപം ഇന്ത്യൻ മഹാസമുദ്രത്തിലാണ് ന്യൂനമർദത്തിന്റെ ഫലമായി ഓഖി രൂപംകൊണ്ടത്. ഇതാണ് തെക്കൻ കേരളത്തിലെ കനത്ത മഴയ്ക്കു കാരണം.

തിരുവനന്തപുരം കാട്ടാക്കടയിൽ വൈദ്യുതി ഷോക്കേറ്റ് രണ്ടുപേരും വിഴിഞ്ഞത്ത് മരംവീണ് ഒരാളും മരിച്ചു. കൊല്ലം കുളത്തൂപ്പുഴയിൽ ഓട്ടോറിക്ഷയ്ക്കുമുകളിൽ മരം വീണ് ഒരാൾ മരിച്ചു. തിരുവനന്തപുരം ജില്ലയിൽ തീരത്ത് നൂറുമീറ്റർ ദൂരത്തുനിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. വിഴിഞ്ഞത്തുനിന്ന് കടലിൽപ്പോയ ആറ് മത്സ്യബന്ധന ബോട്ടുകൾ കാണാതായി. നൂറോളം മത്സ്യബന്ധനവള്ളങ്ങൾ തിരിച്ചെത്തിയിട്ടില്ല. മറൈൻ എൻജിനീയറിങ് വിഭാഗത്തിന്റെ കപ്പലുമായുള്ള ബന്ധം നഷ്ടമായെങ്കിലും വ്യാഴാഴ്ച രാത്രിയോടെ ഇത് തങ്കശ്ശേരി തുറമുഖത്തടുത്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മരം വീണ് ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാഹനങ്ങൾ തകർന്നു. വ്യാപക കൃഷിനാശവും ഉണ്ടായി.

അമ്പൂരി, മുതലത്തോട് വനമേഖലയിൽ ഉരുൾപൊട്ടി. അച്ചൻകോവിൽ, പമ്പ നദികളും നെയ്യാറും നിറഞ്ഞു. നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഇടുക്കി നെടുങ്കണ്ടത്ത് സ്‌കൂൾകെട്ടിടം തകർന്നു. ഒട്ടേറെ വീടുകൾക്കും നാശം. നാഗർകോവിൽ ഭാഗത്തേക്കും തിരിച്ചുമുള്ള തീവണ്ടികൾ പലതും റദ്ദാക്കി. കെ.എസ്.ആർ.ടി.സി.യുടെ നാഗർകോവിൽ ഭാഗത്തേക്കുള്ള ബസുകൾ ഓടിയില്ല. പമ്പ ത്രിവേണിയിലെ പാർക്കിങ് ഗ്രൗണ്ടിൽ വെള്ളംകയറിയതോടെ ദുരന്തനിവാരണസേന ഇടപെട്ട് വാഹനങ്ങൾ മാറ്റി.

ബുധനാഴ്ച രാത്രിയോടെയാണ് കേരളത്തിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴ തുടങ്ങിയത്. എല്ലാ സർക്കാർ ഏജൻസികളെയും ഏകോപിപ്പിച്ച് അടിയന്തര രക്ഷാ പ്രവർത്തനം നടത്താനും അതീവ ജാഗ്രത പുലർത്താനും ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. വീഡിയോ കോൺഫ്രൺസിങ് വഴിയാണ് മുഖ്യമന്ത്രി കളക്ടർമാർക്ക് നിർദ്ദേശം നൽകിയത്.